2010 മാർച്ച് 23, ചൊവ്വാഴ്ച

സന്ദേഹി വീണ്ടും

ഒരിടവേളക്കു ശേഷം വീണ്ടും വായനക്കാർക്കു മുമ്പിലെത്തുകയാണ്‌.എന്തുകൊണ്ട്‌ ജമാ-അത്തെ ഇസ്ലാമിയെ മാത്രം വിമർശ്ശിക്കുന്നു? ഈ ചോദ്യം പല വട്ടം നേരിട്ടിട്ടുണ്ട്‌.ജമാ-അത്തെ ഇസ്ലാമിയെ വിമർശ്ശിക്കുന്നതിലൂടെ ബഹുമുഖമായ ഒരു മതവിമർശ്ശനാവബോധം ഉണ്ടാക്കിയെടുക്കാനാണ്‌ ശ്രമം.പരമ്പരാഗത ഇസ്ലാമിൽ ഉൾപ്പെടുമ്പോഴും ലിബറലോ പാർശ്ശ്വൽകൃതമോ ആയ സ്വതന്ത്ര ഇസ്ലാം വായനകളുടെ മുഖം മൂടിയും ചമയങ്ങളും എടുത്തണിയുന്ന നവ പൗരോഹിത്യമാണ്‌ അവരുടേത്‌.അതുകൊണ്ടു തന്നെ ജമാ-അത്തെ ഇസ്ലാമിയുടെ വിമർശ്ശനം മറ്റിസ്ലാമുകളുടെ ബഹുസ്വര നിലനിൽപിന്‌ അത്യന്താപേക്ഷിതമാണ്‌.പഴയ വീഞ്ഞ്‌ പുതിയ പുതിയ കുപ്പികളിലാക്കി വിപണനം നടത്തുന്നവരാണവർ.

ജമാ-അത്തെ ഇസ്ലാമിയുടെ കുട്ടിപ്പുറം വനിതാ സമ്മേളനത്തെയും മഴവിൽ ലോകത്തെ ഇസ്ലാം എന്ന പ്രബോധനം ചർച്ചയേയും പറ്റി എഴുതണമെന്നുണ്ടായിരുന്നു.സമകാലികപ്രസക്തി നഷ്ടപ്പെട്ടതിനാൽ അവയെക്കുറിച്ച്‌ ചെറിയൊരു പരാമർശ്ശം മാത്രം നടത്താം.പുതിയ സ്ത്രീവബോധത്തെ നേരിടാൻ റാഡിക്കൽ ഫെമിനിസത്തിന്റെ ഭാഷ കടമെടുത്ത്‌ ഒരു സ്ത്രീ വിമോചന മുഖം ഉണ്ടാക്കിയെടുക്കാനാണ്‌ അവർശ്ശ്രമിക്കുന്നത്‌. കുറ്റിപ്പുറം സമ്മേളനം അതിന്റെ ഒരു പരീക്ഷണമായിരുന്നു. പൊതു സമൂഹം ഈ കാപട്യത്തെ തിരിച്ചറിഞ്ഞതുകൊണ്ടാവാം മാധ്യമ ശ്രദ്ധ കിട്ടാത്തതിൽ 'മാധ്യമം പേൺപതിപ്പ്‌'ഇൽ പരിഭവം കൊണ്ടത്‌.മത്രമല്ല ഇസ്ലാമിക ഫെമിനിസം മലയാളത്തിൽ വിവർത്തനങ്ങളിലൂടെയും മറ്റും ലഭ്യമായിത്തുടങ്ങിയിരിക്കെ ,ഈ അഭ്യാസങ്ങളൊക്കെ ഒരു മുഴം മുമ്പേയുള്ള എറിയലുമാകാം.

പ്രബോധനത്തിലെ മഴവിൽ ചർച്ച സിയാവുദ്ദീൻ സർദ്ദാറിന്റെ ജമാ-അത്തെ ഇസ്ലാമി വിമർശ്ശനത്തെയും പ്രത്യേകമായ ഇസ്ലാമിക പാഠങ്ങളെയും പ്രതിരോധിക്കാനുള്ള കപടനാടകമായിരുന്നു എന്ന് സംശയിക്കാൻ വകയുണ്ട്‌."സ്വർഗ്ഗം തേടി നിരാശനായി" എന്ന സർദ്ദാറിന്റെ പുസ്തകത്തിന്റെ വിവർത്തകൻ അതിൽ കൊടുത്ത കുറിപ്പിലെ ചിലപരാമർശ്ശങ്ങളാണ്‌ ഈ ചർച്ചക്ക്‌ പ്രേരണയായത്‌ എന്ന് സംശയിച്ചാൽ തെറ്റില്ല.ഈ പുസ്തകത്തെ വിശദമായി ഒരു ബ്ലോഗിൽ പരിചയപ്പെടുത്താൻ ഉദ്ദേശിക്കുന്നത്‌ കൊണ്ട്‌ കൂടുതൽ ഒന്നും ഇപ്പോൾ പറയുന്നില്ല.

ചെങ്ങറയും മൂന്നാറും നാഷണൽ ഹായ്‌ വേയും ബി ഒ ടിയും പൊക്കിപ്പിടിച്ചു സമരം ചെയ്യുന്നവർ മറ്റു ലോക രാജ്യങ്ങളിൽ എന്തു നിലപാടാണെടുക്കുന്നത്‌ എന്ന ഒരു അന്വേഷണം കൂടി നടത്തണമെന്നുണ്ട്‌.സൈദ്ധാന്തിക തലത്തിലും പ്രായോഗിക തലത്തിലും രാഷ്ട്രീയ ഇസ്ലാമിന്റെ പരാചയം സംഭവിച്ചു കഴിഞ്ഞു.കമ്യൂണിസം പോലെ.ഒലിവ്യർ റോയ്‌,സമീർ അമീൻ ഇവരുടെ പഠനങ്ങൾ വായിക്കുക.(മാധവിക്കുട്ടിയുടെ അന്ത്യകവിതകൾ മാതൃ ഭൂമി ആഴ്ചപ്പതിപ്പിൽ വായനക്കാർ വായിച്ചിരിക്കുമെന്നു കരുതുന്നു.)

രാഷ്ട്രീയ ഇസ്ലാമിനെതിരെയുള്ള വിമർശ്ശനങ്ങളെയും അഭിപ്രായങ്ങളെയും സ്വാഗതം ചെയ്യുന്നു.

2009 നവംബർ 7, ശനിയാഴ്‌ച

മാധവിക്കുട്ടിയുടെ മതം.

ജമാ-അത്തെ ഇസ്ലാമിയുടെ നേതാവായ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന് എഴുതിയ 'കമലാസുറയ്യ:സഫലമായ സ്നേഹാന്വേഷണം' എന്ന പുസ്തകത്തിന്റെ വിമർശ്ശനത്തിന്റെ 2-ാ‍ം ഭാഗം.
**************************************************************************
മാധവിക്കുട്ടിക്ക്‌ ഒരു രാത്രിയിൽ പെട്ടെന്നുണ്ടായ വെളിപാടാണ്‌ അവരെ മതം മാറാൻ പെട്ടെന്നു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തം.ഇതിന്റെ യുക്തി അന്വേഷിക്കുന്നതിൽ അർത്ഥമില്ല.ഇസ്ലാം അവരുടെ ഉള്ളിൽ കുറെ കാലമായി ഉണ്ടായിരുന്നല്ലോ.

അവരുടെ ഇസ്ലാമിനെക്കുറിച്ചുള്ള സങ്കൽപം എങ്ങനെയുളതായിരുന്നു? ഇസ്ലാമിനെ അവർ എങ്ങനെയാണ്‌ ഉൾക്കൊണ്ടത്‌? ഈ കാര്യത്തിൽ ഒരു അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നു.

സാമ്പ്രദായിക ഇസ്ലാമല്ല അവരുടെ ഉള്ളിൽ ഉണ്ടായിരുന്നത്‌ എന്ന് ഈ പുസ്തകത്തിലെ പരാമർശ്ശങ്ങൾ വെച്ചു തന്നെ പറയാൻ കഴിയും."ഒരു മതത്തോടു സ്നേഹം തോന്നിയപ്പോഴും മുൻ പിൻ നോക്കാതെ അതിനെ ആശ്ലേഷിച്ചു"(68).
(ഇസ്ലാമിനോടുള്ള അവരുടെ സ്നേഹം പണ്ഡിതോചിതമോ ചിന്താപരമോ അല്ലെന്ന് കഴിഞ്ഞപോസ്റ്റിൽ നാം ചർച്ച ചെയ്തതാണ്‌.അംബേദ്കരുടെ മതമാറ്റം പോലെയോ അമേരിക്കയിലെ കറുത്തവരുടെ ഇസ്ലാമാശ്ലേഷം പോലെയോ വല്ല സാമൂഹ്യപ്രാധാന്യവും ഈ മതം മാറ്റത്തിന്‌ അവകാശപ്പെടാനുമില്ല).

മാത്രമല്ല അവരുടെ മകൻ പറയുന്നത്‌ നോക്കൂ."അമ്മ അറിഞ്ഞ, അനുഭവിച്ച, സ്വീകരിച്ച ഇസ്ലാം ദൈവത്തിന്റെ ഇസ്ലാമായിരുന്നു.പുസ്തകങ്ങളുടെ ഇസ്ലാമായിരുന്നില്ല". പുസ്തകങ്ങളിലെയും പണ്ഡിതരുടെ പ്രഭാഷണങ്ങളിലെയും ഇസ്ലാമായിരുന്നില്ല അമ്മയുടെതെന്നും അത്‌ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ ഇസ്ലാമായിരുന്നുവെന്നും എം ഡി നാലപ്പാട്‌ പറയുന്നുണ്ട്‌.

മതം മാറിയ ശേഷം അവർ സാമ്പ്രദായിക ഇസ്ലാമിന്‌ നിരക്കാത്ത പലതും വിളിച്ചുപറഞ്ഞതിൽപിന്നെ അവരുടെ അടുത്തുകൂടി ഇനിയും അബദ്ധങ്ങൾ പറയാതിരിക്കാൻ ചിലർ ശ്രമിച്ചിരിക്കും എന്ന് ന്യായമായും കരുതാം.
"ഞാൻ ഇസ്ലാമിനെപ്പറ്റി പറയുമ്പോൾ നല്ലത്‌ ഉൾകൊള്ളുക.എന്റെ ഭാഗത്ത്‌ നിന്ന് വരുന്ന തെറ്റുകൾ എന്റേതു മാത്രമാണ്‌.അത്‌ ഇസ്ലാമിന്റെ അപൂർണ്ണതയേ അല്ല.തെറ്റുകൾപാവം സ്ത്രീക്കു തിരുത്തിത്തരിക".(94)

"പുസ്തകങ്ങളിലെ ഇസ്ലാം പഠനത്തേക്കാൾ എന്നെ സ്വാധീനിച്ചത്‌ അനുഭവങ്ങളിലൂടെ കണ്ടെത്തിയ ഇസ്ലാമാണ്‌"(94).
വൈധവ്യവും വാർദ്ധക്യവും നൽകിയ ഒറ്റപ്പെടലിലും അനാഥത്വത്തിലും സ്നേഹത്തിനും സുരക്ഷിതത്തിനുമായി അവർ ദാഹിച്ചു.അതിന്‌ ഇസ്ലാമാണ്‌ ഏറ്റവും ഉചിതമെന്നവർ കണ്ടെത്തി.അത്‌ കൊണ്ടുതന്നെ അവരുടെ വിശ്വാസം പൊതു ഇസ്ലാമിക വിശ്വാസത്തോട്‌ പൂർണ്ണമായും ഒത്തു പോകാത്ത വ്യക്തിപരമായ അംശങ്ങൾ ഉള്ളതായിരുന്നു.
"ഈ പ്രായത്തിൽ എന്നെ ശുശ്രൂഷിക്കാൻ ഞാൻ പറയുന്നത്‌ കേൾക്കാൻ എനിക്കൊരാൾ വേണം"(84).
65വർഷമായി കിട്ടാത്ത സുരക്ഷിതത്വം ഇസ്ലാം അവർക്ക്‌ നൽകിയെന്നവർ പറയുന്നു.
"ഒരാൾ ശവക്കല്ലറ ജീവിച്ചിരിക്കെ തന്നെ തിരഞ്ഞെടുക്കാറില്ലേ.അതുപോലെ അന്ത്യ വിശ്രമത്തിനായി ഞാൻ തിരഞ്ഞെടുത്തതാണ്‌ ഇസ്ലാം"(91).
പലമുസ്ലിംകളും തന്റെ വിശ്വാസം അംഗീകരിക്കാത്തതായി അവർക്ക്‌ അനുഭവപ്പെട്ടിട്ടിള്ളതായും പറയുന്നുണ്ട്‌.(118).പിന്നെ അവർക്ക്‌ സ്വീകാര്യയാവാൻ ശ്രമിച്ചുകാണും.

വിശ്വാസം നൽകിയ ആഹ്ലാദം

അല്ലാഹുവിലുള്ള അചഞ്ചലവിശ്വാസം കമലാസുരയ്യക്ക്‌ നൽകിയ ആഹ്ലാദം അത്യധികമായിരുന്നെന്ന് ഈ പുസ്തകം ഉദ്ധരണികളോടെ പറയുന്നുണ്ട്‌.

വിശ്വാസം തന്റെ ഹൃദയത്തിനും മുഖത്തിനും പുതിയ പ്രകാശവും സൗന്ദര്യവും നൽകിയതായി അവർ പറഞ്ഞു.അവരുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു.അനിർവ്വചനീയമായ ഈ അനുഭൂതി കവിതകളായും പുറത്തുവന്നു.ഇസ്ലാം സ്വീകരിച്ച ശേഷം ഒരു പ്രത്യേക ശക്തി തേജസ്സ്‌ അവർക്ക്‌ കൈവന്നു എന്ന് മകനും പറയുന്നുണ്ട്‌.

ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഇസ്ലാമിക വിശ്വാസത്തെ അവർ ആഘോഷിച്ചു.മുസ്ലിം ജീവിത ശൈലിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളോട്‌ ഒരു വല്ലാത്ത കാൽപനികത കലർന്ന പ്രിയമായിരുന്നു അവർക്ക്‌.നിസ്കാരക്കുപ്പായം,പർദ്ദ,മക്കന,ദസ്‌വിയ,സുറുമ,മയിലാഞ്ചി,വെള്ളിയരഞ്ഞാണം,ഊദ്‌,അംബർ അങ്ങനെ പലതിനോടും.(129)
പർദ്ദ നൽകുന്ന സുരക്ഷിതത്വത്തെക്കുറിച്ചും അവർ വാചാലരാകുന്നുണ്ട്‌.അതിന്റെ ഇസ്ലാമികയുക്തിയോ പ്രാമാണികതയോ സ്ത്രീപക്ഷവിശകലനമോ ഒന്നും അവർക്ക്‌ പ്രശ്നമല്ല.അവർ തന്റെ അനുഭവമാണ്‌ പറയുന്നത്‌. അത്‌ തികച്ചും വ്യക്തിപരവും ആണ്‌.
"എനിക്ക്‌ പർദ്ദ ഇഷ്ടമാണ്‌.പ്രത്യേകിച്ച്‌ പ്രായമായവർക്ക്‌ പർദ്ദ നല്ലതാണ്‌,അത്‌ അവരുടെ പ്രായം മറയ്ക്കുന്നു:(126)

അല്ലാഹു,പ്രവാചകൻ

മാധവിക്കുട്ടിയുടെ ദൈവം 'നീ എന്റേതാണ്‌. എന്റെ കൂടെ വരണം' എന്ന് പറഞ്ഞ്‌ അവരെ സ്നേഹത്തോടെ വിളിച്ച ദൈവമാണ്‌.ഇസ്ലാമിൽ മുമ്പ്‌ അങ്ങനെ ആർക്കെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ എന്നറിയില്ല.
ഗുരുവായൂരപ്പനെ കൂടെ കൊണ്ടുപോരുമെന്നും കൃഷ്ണനെ മുഹമ്മദാക്കുമെന്നുമൊക്കെ പറഞ്ഞപ്പോൾ അത്‌ വിവാദമായിരുന്നല്ലോ.അല്ലാഹുവിനെക്കുറിച്ചും മുഹമ്മദിനെക്കുറിച്ചുമുള്ള അവരുടെ കവിതകൾ വായിക്കുമ്പോൾ കൃഷ്ണനെന്ന പേരു മാറിയിട്ടേ ഉള്ളു ദൈവാനുഭവവും ദൈവത്തോടുള്ള പ്രേമവും ഏതാണ്ട്‌ അതു തന്നെയാണെന്നു തോന്നിപ്പോകും.സംസം ജലത്തെ ഗംഗാജലത്തിന്‌ പകരമായി പുണ്യമായി അവർക്ക്‌ തോന്നിയിരിക്കാം.
കമലാസുറയ്യയുടെ അല്ലാഹു അവരുടെ മാത്രമായ ഒരു അല്ലാഹുവായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അതും പൂർണ്ണമായി തെറ്റാവില്ല.
"പേഴ്സണൽ ദൈവമാണോ?
എനിക്ക്‌ എല്ലാം പേഴ്സണലാണ്‌."(127)എന്ന് അവർ തന്നെ പറയുന്നുമുണ്ട്‌>
സൂഫികളുടേതിനു സമാനമാണ്‌ അവരുടെ ദൈവാനുഭവം.പ്രണയേശ്വരനായി ദൈവത്തെ സങ്കൽപിച്ച്‌ എഴുതിയ സൂഫീകവിതകൾ വിമർശ്ശിക്കപ്പെട്ടിട്ടുണ്ട്‌.അല്ലാഹുവിനെ പ്രേമസ്വരൂപനായി സ്വീകരിച്ച്‌ അവർ എഴുതിയ കവിതകൾ ചിലത്‌ ഈപുസ്തകത്തിൽ എടുത്ത്‌ ചേത്തിട്ടുണ്ട്‌.
വിശുദ്ധ റാബിയയുടെ ദൈവപ്രേമത്തെ അനുസ്മരിപ്പിക്കുന്നുണ്ട്‌ ഇവ.

ഈ കവിതകളിലെ ദൈവസങ്കൽപം സാമ്പ്രദായിക ഇസ്ലാമിലേ ഏകത്വ സങ്കൽപം(തൗഹീദ്‌)തന്നെയാണോ അതോ അദ്വൈത നിറം കലർന്നതാണോ എന്ന അന്വേഷണം യോഗ്യതയുള്ളവർ നടത്തട്ടെ.

പുരുഷസ്നേഹത്തിന്‌ പകരം വെക്കാവുന്ന ഒരു തരം സ്നേഹമായിരുന്നോ അവർക്ക്‌ അല്ലാഹുവിനോട്‌ ഉണ്ടായിരുന്നത്‌? അല്ലാഹുവിനോടുള്ള പ്രേമം ഉണ്ടെങ്കിൽ പിന്നെ ഒരു പുരുഷന്റെ സ്നേഹം ആവശ്യമില്ല എന്ന തരത്തിലായിരുന്നില്ലേ അത്‌?

"വിവാഹമോചനം നടക്കുന്നൂവെന്ന് കേട്ടാൽ സന്തോഷമാണെനിക്ക്‌". ഈ ഭാഗം ഒന്ന് വായിച്ചു നോക്കുക.(127)
വിവാഹനിഷേധിയായ ഒരു ആത്മീയസ്നേഹമാണോ അവരിൽ ഉണ്ടായിരുന്നത്‌?
പ്രവാചകനെ സ്നേഹിക്കുന്നുണ്ടോ എന്ന് റാബിയയോട്‌ ചോദിച്ചപ്പോൾ"സൃഷ്ടാവിനോടുള്ള സ്നേഹം സഹജീവികളെ സ്നേഹിക്കുന്നതിൽ നിന്ന് എന്നെ തടയുന്നു" എന്ന് പറഞ്ഞ റാബിയയുടെ ദൈവസ്നേഹത്തോട്‌ അടുത്ത്‌ വരുന്നുണ്ട്‌ കമലയുടെ ദൈവസ്നേഹവും എന്ന് തോന്നുന്നു.കമലക്ക്‌ പ്രവാചകനോടും പ്രണയമായിരുന്നു എന്ന് മറക്കുന്നില്ല.

സ്വർഗ്ഗം മോഹിച്ച്‌

മരിച്ചാൽ മുത്തിന്റെ വെണ്മയുള്ള വേഷഭൂഷകൾ തന്നെ ധരിപ്പിക്കണമെന്ന് അവർ പറഞ്ഞിരുന്നു.(110)
താൻ സ്വർഗ്ഗം അർഹിക്കുന്നുവെന്നും അത്‌ പറഞ്ഞ്‌ സ്വർഗ്ഗത്തിൽ പോകുന്ന ആളാകും ഞാനെന്നുമൊക്കെ അവർ പറഞ്ഞിട്ടുണ്ട്‌.(134).നരകത്തിൽ എന്നെയാരും കൊണ്ടു പോകില്ലെന്ന വിശ്വാസമുണ്ടെനിക്ക്‌'(135).ഒരു സാമ്പ്രദായിക മുസൽമാൻ പറയാൻ ധൈര്യപ്പെടത്ത വാക്കുകളാണിത്‌.തന്റെ കവിതയിൽ 'ഒരു വേള ഞാൻ സ്വർഗ്ഗത്തിൽ ഇടിച്ചിറങ്ങിയെന്നുവരും 'എന്ന് പറയുന്നുണ്ട്‌.
ശരറാന്തലും തോരണങ്ങളും തൂക്കിയ സ്വർഗ്ഗം അവർ സ്വപ്നം കണ്ടു.മരിക്കുമ്പോൾ മലക്കുകൾ വന്ന് വെള്ളത്തൂവാലയിൽ തന്റെ ആത്മാവിനെ പൊതിഞ്ഞു കൊണ്ടു പോകുമെന്നും വെളുത്ത പൂക്കളിലായിരിക്കും തന്നെ കിടത്തുക എന്നും അന്ന് തന്റെ കൈകൾക്കെന്ത്‌ ഭംഗിയായിരിക്കുമെന്നുമൊക്കെ അവർ വാചാലമായി പറഞ്ഞിട്ടുണ്ട്‌.(136) അവർക്ക്‌ സ്വർഗ്ഗം ലഭിക്കട്ടെ. ഞാനും പ്രാർത്ഥിക്കുന്നു.

മതം മാറ്റവും എഴുത്തും

മതം മാറിയതുകൊണ്ടുമാത്രം മാധവിക്കുട്ടിയുടെ സാഹിത്യരചനകൾ ആഴത്തിൽ പുന:പരിശോധിക്കപ്പെടണം എന്ന് പറയുന്നവർ ഉണ്ട്‌.മാധവിക്കുട്ടിയുടെ കൃതികൾ അനന്തകാലം നിലനിൽക്കുക തന്നെ ചെയ്യും.ആഴത്തിൽ വായിക്കപ്പേടുകയും ചെയ്യും.പക്ഷെ അതിൽ അവരുടെ മതം മാറ്റത്തിന്‌ ഒരു പങ്കും ഉണ്ടാവില്ല.

27 വർഷം മുമ്പ്‌ തന്നെ അവർ ഇസ്ലാമിലേക്ക്‌ മതം മാറിയിരുന്നെങ്കിൽ അവർ എഴുതിയ കൃതികൾ നമുക്ക്‌ കിട്ടുമായിരുന്നോ. ശൈഖ്‌ മുഹാമ്മദ്‌ പറയുമ്പോലെ 'ശരീരതൃഷ്ണ'കൾ തേടിയുള്ള എഴുത്തും ജീവിതവും ആയിരുന്നത്‌ കൊണ്ടല്ലേ ആ കൃതികൾ നമുക്ക്‌ കിട്ടിയത്‌? അതു കൊണ്ട്‌ ഇസ്ലാം സ്വീകരണത്തിനു മുമ്പുള്ള അവരുടെ സാഹിത്യത്തിന്മേൽ ഇസ്ലാമിന്റെ പേരിലുള്ള അവകാശവാദം ഉന്നയിക്കാതിരിക്കുന്നതല്ലേ ബുദ്ധി?
മാത്രമല്ല അവർ പറയുന്നത്‌ നോക്കൂ.
"മതം മാറ്റം ഏതെങ്കിലും തരത്തിൽ സ്വന്തം എഴ്ത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?

സ്വാധീനിച്ചിട്ടുണ്ട്‌.സംശ്യല്യ.പ്രിവലന്റ്‌ ആയ്ട്ട്ള്ള മാതിരി കഥകളൊന്നും ഇനി ഞാൻ എഴ്തില്ല."(122).

ഇതുകൂടി."ഏറെ പ്രേമകാവ്യങ്ങൾ രചിച്ച ഈ കൈകൾകൊണ്ട്‌ ഇനി അള്ളാഹുവിനെക്കുറിച്ചുള്ള കാവ്യങ്ങളായിരിക്കും ജനിക്കുക.മേലിൽ നഗ്ന ചിത്രങ്ങൾ എന്റെ കൈ കൊണ്ട്‌ വരക്കില്ല.പരിപൂർണ്ണ മുസ്ലിം വനിതയായി ജീവിച്ചു മരിക്കണം"(85).(മതം മാറിയ ശേഷം എഴുതിയ 'വണ്ടിക്കാളക"ളും മറ്റും ഇതിനപവാദമല്ലേ?)
ക്രിയേറ്റിവിറ്റിയെ പ്രതികൂലമായി സ്വാധീനിക്കുന്ന ഒരു മതത്തിലേക്കാണോ അവർ മതം മാറിയത്‌? ഇങ്ങനെ ഇസ്ലാമിന്റെ മേൽ ഒരു തെറ്റിദ്ധാരണയുണ്ടാക്കാൻ ഈ പ്രസ്താവ്യങ്ങൾ ഇടയാക്കിയേക്കും.

ഇതും അവർ പറഞ്ഞതുതന്നെ.

"എത്ര ആളുകളാ ഇസ്ലാമിലേക്ക്‌ എന്റെ പ്രസംഗം കൊണ്ട്‌ ആകർഷിക്കപ്പെട്ടത്‌,അറിയോ? ഞാൻ പറഞ്ഞു.അങ്ങനെ മതം മാറീട്ട്‌ ഒരു ഫലൊന്നൂല്യ.അനുഗ്രഹങ്ങൾ തേടീട്ട്‌ മതം മാറേണ്ട.ഉള്ളിൽ റെവലൂഷൻ വരുത്തിയാൽ മതി.'സുറയ്യ പറഞ്ഞു.ഞാൻ മതം മാറീന്നും പറഞ്ഞ്‌ ഒരു മദാമ്മ ഒരീസം അങ്ങട്ട്‌ ഇസ്ലാമായിട്ട്‌ ആർക്കെന്ത്‌ കാര്യാ? കുറച്ച്‌ നേരം നല്ലത്‌ മാത്രം ചിന്തിച്ച്‌ കൊണ്ട്‌ ,ആളുകളെ സഹായിക്യ മാത്രം ചെയ്തോണ്ട്‌ ജീവിച്ചാ തന്നെ യു വിൽ ബികം എ മുസ്ലിം"(124)

ഇത്‌ പറയാഞ്ഞതെന്തേ?

കമലാസുറയ്യ അതിനിടക്ക്‌ ഒരു രാഷ്ട്രീയ പാർട്ടിയൊക്കെ ഉണ്ടാക്കിയിരുന്നു. അതിനെക്കുറിച്ചൊരു പരാമർശ്ശം പോലും ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന് തന്റെ പുസ്തകത്തിൽ നടത്തുന്നില്ല.അങ്ങനെ അവർ പറഞ്ഞതും പ്രവർത്തിച്ചതുമായ പ്രധാനപ്പെട്ട പലതും ശൈഖ്‌ ബോധപൂർവ്വം തമസ്കരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത്‌ ബുദ്ധിപരമായ സത്യസന്ധതയല്ല.

അവസാനം

അവസാനിപ്പിക്കാം. ചെറുപ്പം മുതലേ നന്മയും സ്നേഹവും പാവങ്ങളോടുള്ള ഉദാരതയും ജന്മസ്വഭാവമെന്നോണം അവരുടെ കൂടെ ഉണ്ടായിരുന്നു.അതു കൊണ്ട്‌ തന്നെ അവരുടെ നന്മയാണ്‌ അവരെ ഇസ്ലാമിലേക്കെത്തിച്ചത്‌.ഒരു മനുഷ്യൻണ്ടായിരിക്കേണ്ട അടിസ്ഥന നന്മകൾ മുസ്ലിമല്ലാതായിരുന്നിട്ടും അവരിലുണ്ടായിരുന്നു.അപ്പോൾ നന്മക്ക്‌ ഇസ്ലാം മതവിശ്വാസം ഒരു നിർബന്ധ ഉപാധിയാണോ?കുറെ പേരെങ്കിലും ദൈവത്തിൽ വിശ്വസിക്കാതെ നന്മ നിറഞ്ഞവരായിരിക്കുന്നതിന്റെ കാരണം എന്തായിരിക്കും? അതിന്‌ സാമൂഹ്യ ശസ്ത്ര വിശദീകരണം പോരാ.ഒരു ഇസ്ലാമിക വിശദീകരണം ആവശ്യമുണ്ട്‌.അത്‌ ഇസ്ലാമിനെ കൂടുതൽ ഉദാരമാക്കും.വിശാലവുമാക്കും.മാധവിക്കുട്ടി അതിനൊരു നിമിത്തമാകട്ടെ.
മുസ്ലിമാണെന്ന് വെച്ച്‌ നമുക്ക്‌ തോന്നുന്ന സത്യങ്ങൾ തുറന്ന് പറയാതിരിക്കുന്നത്‌ ആത്മവഞ്ചനയാവില്ലേ? ഇതൊക്കെ തുറന്ന് മനസ്സോടെ വിശകലനം നടത്തുന്ന ഒരു മുസ്ലിം സമുദായത്തെയാണ്‌ ഞാൻ സ്വപ്നം കാണുന്നത്‌.

2009 സെപ്റ്റംബർ 2, ബുധനാഴ്‌ച

കമലാസുരയ്യയെ, ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന് എഴുതുമ്പോൾ.

ജമാ-അത്തെ ഇസ്ലാമിയുടെ നേതാവായ ശൈഖ്‌ മുഹാമ്മദ്‌ കാരക്കുന്ന് കമലാസുരയ്യയെക്കുറിച്ചെഴുതിയ 'കമലാസുരയ്യ,സഫലമായ സ്നേഹാന്വേഷണം' എന്ന പുസ്തകത്തിന്റെ വിമർശ്ശനം- ഒന്നാം ഭാഗം.
ഈ ഭാഗത്ത്‌ പ്രതിപാദിക്കുന്ന കാര്യങ്ങളെക്കൂറിച്ചു മാത്രം പ്രതികരണങ്ങൾ അറിയിക്കണമെന്ന് അപേക്ഷ
*-----------------------*

ആമുഖം
ലോകപ്രശസ്തയായ ഒരു സാഹിത്യകാരി ഇസ്ലാം സ്വീകരിക്കുകയും മുസ്ലിമായി മരിക്കുകയും ചെയ്തത്‌ ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം സന്തോഷിക്കാവുന്നതും അഭിമാനിക്കാവുന്നതും ആയ കാര്യം തന്നെയാണ്‌.ദൈവത്തിന്റെ സാമീപ്യം അറിയാൻ കഴിഞ്ഞ മാധവിക്കുട്ടിക്ക്‌ കിട്ടിയത്‌ ദൈവികസൗഭാഗ്യമാണെന്ന് ഓരോ മുസ്ലിമും കരുതുന്നുണ്ടാവും.ഇത്‌ സ്വാഭാവികം മാത്രം.

എന്നാൽ ഏതു കാര്യത്തിലും സത്യസന്ധത കൈവിടുന്നത്‌ ഒരു മുസ്ലിമിന്‌ ചേർന്നതല്ല എന്നതിനാലാണ്‌ ഇങ്ങനെയൊരു വിമർശ്ശനം എഴുതുന്നത്‌. ഉള്ളത്‌ ഉള്ളത്‌ പോലെ പറയുന്നത്‌ കൊണ്ട്‌ ഇസ്ലാമിന്‌ ഒരു കുറവും വരാൻ പോകുന്നില്ല.മാധവിക്കുട്ടിയുടെ കാര്യത്തിൽ ഒന്നും മറച്ചു വെക്കാതെ എല്ലാം തുറന്നു പറഞ്ഞു കൊണ്ടുതന്നെ അവരുടെ സത്യവിശ്വാസത്തെ സ്വീകരിക്കാൻ ഒരു മുസ്ലിമിനു കഴിയണം.

മറിച്ച്‌ നമ്മളോരോരുത്തരും നമൂക്ക്‌ സ്വീകാര്യമായ തരത്തിൽ മാത്രം അവരെ വ്യാഖ്യാനിച്ചാൽ അത്‌ മുസ്ലിമിന്റെ സത്യസന്ധതക്ക്മേൽ നിഴൽ വീഴ്ത്തുകയേ ഉള്ളൂ.അവർ പറഞ്ഞതും എഴുതിയതും ജനങ്ങൾക്ക്‌ മുമ്പിലുണ്ട്‌ എന്ന കാര്യം നാം മറക്കരുത്‌.മാധവിക്കുട്ടിയുടെ മതം മാറ്റത്തെ ഇസ്ലാമിക മിഷനറി പ്രവർത്തനങ്ങൾക്ക്‌ സഹായകമാകുന്ന വിധത്തിൽ ഉപയോഗിക്കുന്നത്‌ വിപരീതഫലം മാത്രമേ ഉണ്ടാക്കൂ.

ധൈഷണികമല്ലാത്ത മതം മാറ്റം.

മാധവിക്കുട്ടി മലയാളത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന കഥാകൃത്തും നോവലിസ്റ്റുമാണ്‌.അവരുടെ സാഹിത്യ രചനകൾ ഇനിയും പലതരം വായനക്കും പുനർവ്വായനക്കും വിധേയമാകും.അവർ ലോകർക്ക്‌ മികച്ച ഇംഗ്ലീഷ്‌ കവയത്രിയാണ്‌.ആ നിലക്കുള്ള അവരുടെ പ്രശസ്തിയും അനേകകാലം നിലനിൽക്കും.അത്‌ അവർ മതം മാറിയില്ലെങ്കിലും സംഭവിക്കും.ഇക്കാര്യത്തിലൊന്നും ഒരു തർക്കവും ആർക്കുമുണ്ടാവില്ല.

എന്നാൽ മലയാള എഴുത്തുകാരിൽ ധൈഷണിക പാരമ്പര്യം അവകാശപ്പെടാവുന്ന എഴുത്തുകാരിയല്ല മാധവിക്കുട്ടി.ബൗദ്ധികമോ സൈദ്ധാന്തികമോ ആയ മേഖലകളിൽ മാധവിക്കുട്ടി വ്യാപരിച്ചിട്ടില്ല.ഡോ. എം ലീലാവതിയെപ്പോലെ ഒരു പണ്ഡിതയായ എഴുത്തുകാരിയല്ലായിരുന്നു അവർ. രണ്ടുപേരും വ്യത്യസ്ത മേഖലകളിലാണു വ്യാപരിച്ചത്‌ എന്നത്‌ ശരി തന്നെ.എന്നാലും ഏതു വിഷയത്തോടും മാധവിക്കുട്ടി പ്രതികരിച്ചത്‌ ഗൗരവത്തോടെയായിരുന്നില്ല. സൗന്ദര്യശാസ്ത്രപരമോ പ്രത്യയശാത്രപരമോ സൈദ്ധാന്തികപരമോ ആയ ആഴത്തിലുള്ള എന്തെങ്കിലും വിശകലനങ്ങൾ അവരിൽ നിന്നുണ്ടായിട്ടില്ല.അവരുടെ ദൗത്യവും രചനകളും അതാവശ്യപ്പെടുന്നില്ല താനും.

കേരളത്തിലെ പല എഴുത്തുകാരും ആക്റ്റിവിസ്റ്റുകളോ പ്രത്യശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരോ സൈദ്ധാന്തികമാനങ്ങളോടെ വിവിധ പ്രശ്നങ്ങളിൽ പ്രതികരിക്കുന്നവരോ ഒക്കെ ആണ്‌.ലോകത്ത്‌ നടക്കുന്ന വിവിധ സംഭവവികാസങ്ങളോട്‌ സംവദിക്കുന്ന എഴുത്തുകാർ നമുക്കുണ്ട്‌.കമ്യൂണിസമായാലും അതിന്റെ തകർച്ചയായാലും പാരിസ്ഥിതികരാഷ്ട്രീയമായാലും ഫെമിനിസമായാലും ആധുനിക-ആധുനികാനന്തരതകളായാലും അതിനോടൊക്കെ ഗൗരവതരമായി പ്രതികരിച്ചവരുടെ കൂട്ടത്തിൽ പെടുന്നയാളല്ല മാധവിക്കുട്ടി.

ഫെമിനിസത്തോടുള്ള മാധവിക്കുട്ടിയുടെ പ്രതികരണം തന്നെ നോക്കു.അതിനെ ഗൗരവത്തോടെ പഠിച്ചിട്ടില്ല അവർ എന്നു വ്യക്തമാകും.അതേ സമയം മലയാളത്തിലെ പെണ്ണെഴുത്തിൽ ആരും അവരെ മറികടന്നിട്ടില്ല.ഇത്‌ പെണ്ണെഴുത്തുകാർ തന്നെ സമ്മതിച്ചു തരും.അവരുടെ എന്നത്തെയും മാതൃക മാധവിക്കുട്ടിതന്നെയായിരിക്കും.

ആഗോളതലത്തിൽ നടക്കുന്ന രാഷ്ട്രീയമോ ചിന്താപരമോ ആയ സംഭവവികാസങ്ങളോടും ചർച്ചകളോടും അന്വേഷണങ്ങളോടും താൽപര്യം കാണിക്കാത്ത മാധവിക്കുട്ടിയുടെ ഇസ്ലാമിലേക്കുള്ള മതം മാറ്റത്തിന്‌ അതുകൊണ്ടൊക്കെത്തന്നെ ധൈഷണികമോ ദാർശ്ശനികമോ ആയ ഒരു മാനം അവകാശപ്പെടാനാവില്ല. ഉള്ളിൽ അതിരുകളില്ലാത്ത സ്നേഹം തേടി നടന്ന നിഷ്കളങ്കയായ ഒരു സ്ത്രിയുടെ വാർദ്ധക്യകാലത്തുള്ള തികച്ചും ആത്മനിഷ്ഠമാമായ ഉൾവിളി മാത്രമായേ അതിനെ കാണാൻ കഴിയൂ.

റജാഗരോഡിയോ മുഹമ്മദ്‌ അസദോ ഇസ്ലാമിലേക്കു വന്നതുപോലെ ആശയപരമോ പ്രത്യയശാസ്ത്രപരമോ ആയ അന്വേഷണങ്ങളൊന്നും മാധവിക്കുട്ടുയുടെ മതം മാറ്റത്തിനു പിന്നിലില്ല. ഇസ്ലാമിനെ ആഴത്തിൽ മനസ്സിലാക്കിയതിന്റെ ഫലമായി റജാഗരോഡിയും മുഹമ്മദ്‌ അസദും ലോകത്തിനു നൽകിയ ഗ്രന്ഥങ്ങൾ പ്രശസ്തങ്ങളാണല്ലോ.

അതുപോലെ മാധവിക്കുട്ടി താൻ മനസ്സിലാക്കിയ ഇസ്ലാമിനെക്കുറിച്ച്‌ മലയാളികൾക്ക്‌ പ്രൗഢഗംഭീരമല്ലെങ്കിലും ലളിതവും വസ്തു നിഷ്ഠവുമായ ഒരു സമഗ്രപുസ്തകവും തന്നില്ല.ആകപ്പാടെയുള്ളത്‌ അള്ളാഹുവിനോടുള്ള അദമ്യസ്നേഹത്തെക്കുറിച്ചുള്ള കവിതകളും വർത്തമാനങ്ങളും ഇസ്ലാമിന്റെ മേന്മയെക്കുറിച്ചുള്ള ആത്മനിഷ്ഠമായ ചില വൈകാരിക പ്രതികരണങ്ങളും മാത്രമാണ്‌.

അതുകൊണ്ടു തന്നെ മലയാളിയുടെ ചിന്താമണ്ടലത്തിൽ മാധവിക്കുട്ടിയുടെ മതം മാറ്റം ഒരു കോളിളക്കവും ഉണ്ടാക്കിയില്ല. ബൗദ്ധികമായ ഒരു സംവാദവും പ്രദാനം ചെയ്തില്ല.മുസ്ലിമിനോടുള്ള സവർണ്ണപൊതുബോധത്തിന്‌ ഇത്തിരി ആഘാതമേൽപ്പിച്ചു എന്നു മാത്രം.ഇസ്ലാമിനോടുള്ള പലരുടെയും അസഹിഷ്ണുത പുറത്തു ചാടുകയും ചെയ്തു.

ശൈഖ്‌ മുഹമ്മദിന്റെ വീക്ഷണത്തിൽ.

മതം മാറ്റത്തിനു ശേഷം മാധവിക്കുട്ടിയെ പരിചയപ്പെടുകയും അവിടന്നിങ്ങോട്ട്‌ 10 വർഷക്കാലം മാധവിക്കുട്ടിയും കുടുംബവുമായി നിരന്തരസൗഹാർദ്ദം നിലനിർത്തുകയും ചെയ്ത വ്യക്തിയാണ്‌ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്.ആ അടുപ്പമാണ്‌ മാധവിക്കുട്ടിയുടെ മകന്റെ അഭ്യർത്ഥന മാനിച്ച്‌ ഇങ്ങനെ ഒരു പുസ്തകമെഴുതാൻ കാരണമെന്ന് കാരക്കുന്ന് പറയുന്നു.

മാധവിക്കുട്ടിയുടെ വ്യക്തി വൈശിഷ്ട്യങ്ങളുടെ ഒരു മനോഹരചിത്രം ശൈഖ്‌ പുസ്തകത്തിൽ വരച്ചു കാട്ടുന്നുണ്ട്‌. ഉദാരമനോഭാവവും നന്മകളും നിഷ്കളങ്കതയും സഹജീവിസ്നേഹവും ചെറുപ്പം മുതലേ അവരുടെ കൂടെയുണ്ട്‌. സ്നേഹത്തിനു വേണ്ടി ദാഹിച്ചു നടന്ന അവരുടെ ഭൂതകാലം അവരുടെ കൃതികളിലൂടെയും അഭിമുഖങ്ങളിലൂടെയും ഒരോട്ടപ്രദക്ഷിണം നടത്തി ശൈഖ്‌ കാര്യമാത്രപ്രസക്തമായി വരച്ചിട്ടുണ്ട്‌.കമലാസുറയ്യയുടെ ജീവിതം ഹ്രസ്വമായി മനസ്സിലാക്കാനും ഈകൃതി ഒരു പരിധി വരെയെങ്കിലും പര്യാപ്തമാണ്‌.

ഇതൊക്കെയാണെങ്കിലും ഈ കൃതിയിലൂടെ അവരുടെ സമഗ്രമായ ഒരു വ്യക്തിചിത്രം ലഭ്യമല്ല.അത്‌ ലേഖകന്റെ ലക്ഷ്യമല്ല താനും.കമലാസുറയ്യ ഇസ്ലാം സ്വീകരിച്ചതിന്‌ ശേഷം ഇസ്ലാമിലും അല്ലാഹുവിലുമുള്ള അവരുടെ വിശ്വാസം അചഞ്ചലമായിരുന്നു എന്ന് വ്യക്തമാക്കാനാണ്‌ ഗ്രന്ഥ കർത്താവ്‌ ഈകൃതി കൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌ എന്ന് വ്യക്തം.(അല്ലാഹുവിലൂള്ള അവരുടെ വിശ്വാസം അചഞ്ചലമായിരുന്നു എന്നു തന്നെയാണ്‌ എന്റെയും വിശ്വാസം).

മാത്രമല്ല അവരുടെ മതം മാറ്റവും മതവിശ്വാസവും ഗൗരവമായ പഠനത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായുണ്ടായതാണെന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമവും ഇല്ലാതില്ല.അതിനു മറുപടി ഞാൻ ആമുഖത്തിൽ പറഞ്ഞു കഴിഞ്ഞു.

മാധവിക്കുട്ടി വിശ്വസിച്ച ഇസ്ലാം തങ്ങളടക്കമുള്ളവരുടെ വ്യവസ്ഥാപിത ഇസ്ലാമുമായി യാതൊരു തരത്തിലും വൈരുദ്ധ്യമുള്ളതല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമവും ഗ്രന്ഥകർത്താവ്‌ നടത്തുന്നുണ്ട്‌.

ഇത്തരം കാര്യങ്ങളെ ഈ പുസ്തകം തരുന്ന വിവരങ്ങൾ വെച്ചു തന്നെ പരിശോധിക്കാനാണിവിടെ ശ്രമിക്കുന്നത്‌.ഈ പുസ്തകത്തിന്റെ വൈകാരികതക്കപ്പുറമുള്ള ചില വിചാരശകലങ്ങൾ മാത്രമാണിത്‌.

മതം മാറാനുള്ള കാരണങ്ങൾ

മാധവിക്കുട്ടി കമലാസുറയ്യയായതിനു പിന്നിൽ പല കാരണങ്ങളാണ്‌ പ്രചരിപ്പിക്കപ്പെട്ടത്‌.ജീവിതത്തിലുടനീളം സ്നേഹവും സുരക്ഷതത്വം തേടി നടന്ന അവർ അത്‌ കണ്ടെത്തിയത്‌ ഇസ്ലാമിലായിരുന്നുവെന്നും അതാണ്‌ മതം മാറ്റത്തിനു കാരണമെന്നുമാണ്‌ ഈ പുസ്തകം വിശദീകരിച്ചു തരുന്നത്‌.അതിനോട്‌ പൂർണ്ണമായും വിയോജിക്കേണ്ട കാര്യമില്ല.ഏറെക്കുറെ ശരിതന്നെയാണത്‌. ഒരു സന്ദിഗ്ധത എന്റെ വാക്കുകളിൽ കാണുന്നുണ്ടെങ്കിൽ അതിന്‌ ഈപുസ്തകം തന്നെയാണ്‌.

27 വർഷം മുമ്പ്‌ തന്നെ അവർ മുസ്ലിമാകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന് അവർ തന്നെയും മകനും വളർത്തു പുത്രനും എല്ലാം സക്ഷ്യപ്പെടുത്തുന്നുണ്ട്‌.അതുകൊണ്ടു അത്‌ അവിശ്വസിക്കേണ്ട കാര്യമില്ല.

30 വർഷമായി ഇസ്ലാം അവരുടെ ഉള്ളിലുണ്ടായിരുന്നുവെന്നും ഖുർ-ആനും ഇസ്ലാമിക ദർശ്ശനവുമായി അവർ നിരന്തരം ഇടപഴകിയിരുന്നെന്നും പാറയുമ്പോൾ ചില സംശയങ്ങൾ വന്നുപോകയാണ്‌.
എങ്കിൽ അത്‌ അവരുടെ വീക്ഷണങ്ങളിലും കൃതികളും പ്രകടമാകേണ്ടതായിരുന്നില്ലേ? മൂപ്പത്‌ വർഷത്തിനിടക്ക്‌ അവർ ഉണ്ടാക്കിയ വിവാദങ്ങൾ എന്താണ്‌ നമ്മോട്‌ പറയുന്നത്‌? പൊക്രാനിൽ അണുബോംബ്‌ പൊട്ടിച്ചപ്പോൾ മിഠായി വിതരണം ചെയ്തത്‌ ഇസ്ലാം സ്വീകരിക്കുന്നതിന്‌ അധികകാലം മുമ്പല്ലല്ലോ.ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി എന്റെ അടുത്തു വന്നാൽ ഡെറ്റോൾ സോപ്പ്‌ കൊണ്ട്‌ കഴുകാനേ ഞാൻ പറയൂ എന്ന് പറഞ്ഞതും ഇസ്ലാമാശ്ലേഷത്തിന്‌ തൊട്ട്‌ മുമ്പാണ്‌.

ഇനി നമൂക്ക്‌ ശൈഖിന്റെ പുസ്തകത്തിലേക്കു തന്നെ വരാം.

ശൈഖ്‌ പറയുന്നതിങ്ങനെ:

"അങ്ങനെ തന്റെ കഥാപാത്രങ്ങളെപ്പോലെത്തന്നെ അതിരുകളില്ലാത്ത സ്നേഹം തേടി അലയുകയായിരുന്നു.പക്ഷെ ഫലം തികഞ്ഞ നിരാശയായിരുന്നു.എങ്കിലും അവർ തന്റെ സ്നേഹാന്വേഷണം അവസാനിപ്പിച്ചില്ല.പകരം അതിന്റെ ഗതി മാറ്റുകയായിരുന്നു.അത്‌ ശാരീരികോല്ലാസത്തിൽനിന്ന് ആത്മീയാനുഭൂതികളിലേക്ക്‌ വഴി മാറുകയായിരുന്നു."(പേജ്‌,74)
"അവസാനം ശരീരതൃഷ്ണകൾക്കപ്പുറം കടക്കാനുള്ള തിടുക്കം അവരിൽ പ്രകടമായി"(74)
27 വർഷം മുമ്പ്‌ ഇസ്ലാം സ്വീകരിക്കാൻ തയ്യാറായ മാധവിക്കുട്ടി അതിൽ പിന്നീടും തന്റെ കഥകളിലും ജീവിതത്തിലും ശരീരതൃഷ്ണകൾ തേടി നടന്നുവെന്നാണോ ശൈഖ്‌ പറയുന്നത്‌?തന്റെ സമീപനങ്ങളിൽ മാറ്റം ഉണ്ടാകത്തക്കവിധം ഇസ്ലാം അന്നൊന്നും അവരെ സ്വാധീനിച്ചിട്ടില്ലായിരുന്നു എന്ന് കരുതുന്നതല്ലേ ശരി?

മതം മാറാൻ കാരണം പ്രേമം?വിവാഹവാഗ്ദാനം?

മതം മാറ്റത്തിനു കാരണമായി പ്രചരിച്ച കാരണങ്ങളിൽ സാമ്പത്തികതാൽപര്യമാണെന്നപ്രചാരണം പുസ്തകത്തിൽ പറയുന്നപോലെ അടിസ്ഥാനമില്ല.അതത്ര ആരും വിശ്വസിച്ചിട്ടില്ല.

പിന്നെയുള്ളത്‌ അവരുടെ പല കിറുക്കുകളിലൊന്ന് മാത്രമാണതെന്നതാണ്‌. പിന്നീടുള്ള അവരുടെ അചഞ്ചല വിശ്വാസം ഈ കിറുക്ക്‌ സീരിയസ്സായി മാറിയതാണോ അതോ ആദ്യമേ തന്നെ സീരിയസ്സായിരുന്നോ എന്ന സംശയം അവശേഷിപ്പിക്കുന്നുണ്ട്‌.ഇനിപ്പറയുന്ന കാരണങ്ങളുമായി ഇതിനെ കൂട്ടിവായിക്കാമെന്നതിനാൽ അതിവിടെ നിൽക്കട്ടെ.

ഏതോ ഒരു മുസ്ലിം അവരെ പ്രണയിച്ചെന്നും വിവാഹം പ്രതീക്ഷിച്ചാണ്‌ മതം മാറിയതെന്നുമുള്ള പ്രചാരണമാണ്‌ അടുത്തത്‌.ഇതിനെക്കുറിച്ച്‌ ഈ പുസ്തകത്തിൽ ശൈഖ്‌ സ്വന്തമായി ഒന്നും പറയുന്നില്ല. അവരുടെ മക്കളും ബന്ധുക്കളും പറയുന്നില്ല.എന്നാൽ ഈ പുസ്തകത്തിൽ കൊടുത്ത അവരുടെ ചില സംഭാഷനങ്ങളിൽ നിന്ന് അത്‌ ശരിയാണെന്ന് വിശ്വസിക്കാൻ നാം നിർബന്ധിതരാകുന്നു.

ഉദ്ധരണികൾ ഇതാ."..പ്രേമം വന്നതിൽ ഞാൻ സന്തുഷ്ടയാണ്‌.അതിൽ വഞ്ചിക്കപ്പേട്ടതിൽ അതിലേറെ സന്തുഷ്ടയാ.

അതെന്താ അങ്ങനെ?

ആ കല്യാണം നടന്നീർന്നെങ്കില്‌ ഞാൻ പ്രേമം മാത്രമേ കാണൂ.അല്ലാഹുവിനെ കാണില്ല.ഇപ്പൊ എന്റെ പ്രേമം ഒരു വ്യക്തിയോടല്ല.എല്ലാ വ്യക്തികളോടുമാണ്‌.അല്ലാഹുവിനോടാണ്‌.അതിന്റെ സന്തോഷം എത്രയെന്നറിയോ?അദ്ദേഹം പ്രേമത്തിന്റെ പാത എനിക്കു കാട്ടിത്തന്നു.ഞാൻ ആ പാതയിലൂടെ നടന്ന് എത്തിയത്‌ അദ്ദേഹത്തിന്റെ അടുത്തല്ല.അല്ലാഹുവിന്റെ അട്ത്താണ്‌"(പേജ്‌:118).

"ഞാൻ ഇസ്ലാം മതത്തിലേക്ക്‌ അഭയം തേടി വന്നിരിക്കയാണ്‌.അദ്ര്ശ്ശ്യനായ ഒരു യജമാനന്റെ വാത്സല്യത്തിൽ ഓരോ ശ്വാസോച്ഛ്വാസത്തിലും യാചിച്ചുകൊണ്ട്‌ നമ്ര ശിരസ്കയായി ഞാൻ ഈ അംഗണത്തിൽ നിൽക്കുകയാണ്‌.ശകാരവർഷങ്ങൾ കൊണ്ട്‌ പൊതിഞ്ഞു ജനങ്ങൾ എന്നെ തങ്ങളുടെ അടച്ച പടിവാതിൽക്കൽ നിർത്തി.എത്രയെത്ര് വർഷങ്ങൾ ഞാൻ നനഞ്ഞ കണ്ണുകളോടെ സ്നേഹത്തിനു വേണ്ടി കാത്തു നിന്നു.ഒടുവിൽ പുരുഷന്റെ വാഗ്ദാനങ്ങൾ ജലരേഖകൾ മാത്രമാണെന്ന് മനസ്സിലായിക്കഴിഞ്ഞപ്പോൾ ഞാൻ ദൈവത്തിലേക്ക്‌ തിരിഞ്ഞു.....അനുരാഗ ബന്ധങ്ങളിൽ ചെന്നു ചാടിയിരുന്ന ഈ എഴുത്തുകാരീക്ക്‌ ദൈവത്തോടും ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന് പലരും വിശ്വസിക്കുന്നില്ല.ഓരോ പ്രേമബന്ധവും വെറും റിഹേഴ്സൽ മാത്രമായിരുന്നു.ഇന്ന് കൈ വന്ന ബന്ധം മാത്രമാണ്‌ യാഥാർത്ഥ്യം".(സിറാജ്‌ 1.6.09)/പേജ്‌-80

"പ്രേമം ഇല്ലാതെ എന്ത്‌ ജീവിതം? സ്ത്രീക്ക്‌ എപ്പോഴും കൂട്ട്‌ വേണം.പ്രേമം കിട്ടണം.അതിനു പ്രായമൊന്നും പ്രശ്നമല്ല.അത്‌ ശാരീരികമല്ല. ഞാൻ കല്യാണം കഴിക്കാൻ നടക്കാന്ന് എന്റെ നാട്ടുകാർ പറയും. എന്താ കല്യാണം കഴിച്ചാല്‌? ആളോൾക്ക്‌ ഇഷ്ടാവില്യ.അസൂയയാ.ഈ പെണ്ണൂങ്ങക്കൊക്കെ അസൂയയ്യ.ഈ പ്രായത്തില്‌ കമലയെ പ്രേമിക്കാൻ ആള്‌ണ്ടായല്ലോന്ന്.അല്ലാണ്ടെന്താ."(പേജ്‌,87)

"വൈധവ്യത്തിന്റെ മരവിപ്പും തണുപ്പും കിടക്കുന്ന ഏകാന്തശയ്യയിൽ എനിക്ക്‌ കൂട്ടു വേണം.ഒറ്റക്കിരുന്നു മടുത്തു ഞാൻ.ഉറക്കത്തിനിടയിൽ രാത്രി ഞെട്ടിയുണരുമ്പോൾ എന്റെ കൈകളിലൊന്നു തൊടാൻ എനിക്ക്‌ കൂട്ടുകാരനില്ലാതെ വയ്യ.എന്നെ ഇത്ര കാലവും ആരും നോക്കിയില്ലല്ലോ.ഇസ്ലാമിൽ എനിക്ക്‌ ഒരു പാടുണ്ട്‌.കൂട്ടുകാരും ബന്ധുക്കളും"

ഒരു വിധവ എന്നനിലയിൽ ഹിന്ദുസമുദായം അവർക്ക്‌ നൽകിയിരുന്ന താഴ്‌ന്നപരിഗണന അവരെ വല്ലാതെ അസന്തുഷ്ടയാക്കിയിരുന്നു എന്ന് ഈ പുസ്തകത്തിൽനിന്നും അല്ലാതെയും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്‌. അതിന്റെ കൂടെ പ്രേമിക്കാനും വിവാഹം കഴിക്കാനും വാഗ്ദാനം കിട്ടിയപ്പോഴായിരിക്കും അവർ മതം മാറാൻ തീരുമാനിച്ചത്‌ എന്ന് മേൽ ഉദ്ധരണികളുടെ പശ്ചാത്തലത്തിൽ അനുമാനിക്കുന്നതിൽ തെറ്റു പറയാനാവില്ല.

എന്തു ലക്ഷ്യമാക്കി ഒരാൾ ഇസ്ലാമിലേക്കു വന്നു എന്നത്‌ പ്രശ്നമല്ല. ഇസ്ലാമിൽ വന്നതിനു ശേഷം അവർ ഇസ്ലാമികവിശ്വാസത്തിൽ മ റ്റെല്ലാം മാറന്ന് ആഴ്‌ന്നിറങ്ങി എന്നത്‌ മാത്രം മതി അവരുടെ വിശ്വാത്തിന്റെ സാധുത മനസ്സിലാകാൻ.അവരെ ഒരു നല്ല മുസ്ലിമായിത്തന്നെ വേണം പരിഗണിക്കാൻ.

എന്നാൽ അവരുടെ മതം മാറ്റത്തിന്റെ പേരിൽ ഇല്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കാതിരുന്നാൽ മതി. അത്‌ അവരെ സ്നേഹിക്കുന്ന, ദൈവത്തെയും ഇസ്ലാമിനെയും സ്നേഹിക്കുന്ന ഒരുവന്‌/ഒരുവൾക്ക്‌ ചേർന്നതല്ല.

അവരുടെ വെളിപാട്‌

മാധവിക്കുട്ടിയുടെ മകൻ എം ഡി നാലപ്പാട്‌ പറയുന്നു.
"അമ്മ എന്നെ ഒരു ദിവസം വിളിച്ചു പറഞ്ഞു.'മോനു, ഞാനൊരു വെളിച്ചം കണ്ടു,ഒരു തെളിഞ്ഞ പ്രകാശം.അതെന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.'നീ എന്റേതാണ്‌,എന്റെ കൂടെ വരണം' എന്നത്‌ എന്നോട്‌ ആജ്ഞാപിച്ചു.ഞാൻ ഇസ്ലാംസ്വീകരിക്കുകയാണ്‌'.ഞാൻ ചോദിച്ചു അമ്മേ ഏതു ഭാഷയിലായിരുന്നു ആ ആജ്ഞ?'അതിനു ഭാഷയുണ്ടായിരുന്നില്ല.അതൊരു ആജ്ഞയായിരുന്നു.അല്ലാഹുവിന്റെ ആജ്ഞ' ഇതായിരുന്നു അമ്മയുടെ വിശദീകരണം"(പേജ്‌,107)

കമലാസുറയ്യ നമുക്ക്‌ പിടി തരുന്നില്ല. മിസ്റ്റിക്‌ തലത്തിലുള്ള ഒരു ആത്മീയതയാണോ അവർ അനുഭവിച്ചത്‌?.ജീവികളോടായാലും മനുഷ്യരോടായാലും പുരുഷനോടായാലും സ്ത്രീയോടായാലും അതിരില്ലാത്ത നിസ്വാർത്ഥമായ പ്രേമം മിസ്റ്റിക്കിന്റെ സ്വഭാവമാണ്‌.ആപ്രേമം ദൈവത്തോടുള്ള പ്രേമം തന്നെയാണ്‌ അവർക്ക്‌. പ്രിയപുരുഷനോടുള്ള പ്രേമലഹരിയിൽ മനസ്സ്‌ ആറാടിനിൽക്കുമ്പോൾ ദൈവം വെളിപാടിലൂടെ പ്രേമത്തിന്റെ യഥാർത്ഥ സ്വരൂപം കാട്ടിക്കൊടുത്തതാണെന്നു വരുമോ?

പിന്നെങ്ങനെ നാം ഈ വെളിപാടിനെ വിശദീകരിക്കും. ജമാ-അത്തുകാരനായ ശൈഖിന്‌ ഇതെങ്ങനെ വിശദീകരിക്കാൻ കഴിയും?അദ്ദേഹം ഇതിനെക്കുറിച്ചൊന്നും പറയുന്നില്ല.(തുടരും)
--------------------------------
അടുത്ത പോസ്റ്റ്‌: മാധവിക്കുട്ടിയുടെ മതം.

2009 ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

സ്ത്രീ സംവരണം:മാധ്യമം ലീഗിനെതിരെ.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക്‌ 50% സംവരണം നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം ലീഗിനുള്ളിൽ ഭിന്നതയുണ്ടാക്കാൻ പറ്റിയ ഒരു വിഷയമാക്കാനുള്ള ശ്രമത്തിലാണ്‌ മാധ്യമം പത്രം(50%സ്ത്രീ സംവരണം,മുസ്ലിം ലീഗ്‌ ത്രിശങ്കുവിൽ-വാർത്ത,മാധ്യമം 09 ആഗസ്റ്റ്‌26).33% സംവരണം ഇപ്പോൾ തന്നെ നിലവിലുണ്ട്‌.അതിനനുസരിച്ച്‌ ലീഗ്‌ സ്വന്തം വനിതാ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുമുണ്ട്‌.അത്‌ 50-ആക്കിയാൽ പുതിയ എന്ത്‌ പ്രശ്നമാണ്‌ ലീഗിൽ ഉണ്ടാക്കാൻ പോകുന്നത്‌?

ലീഗിന്റെ പുതിയ പ്രസിഡണ്ട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ സുന്നിയുവജനസംഘത്തിന്റെ പ്രസിഡണ്ടു കൂടിയാണ്‌ എന്ന കാര്യം എടുത്തുകാട്ടിയാണ്‌ 'മാധ്യമം' പ്രശ്നം ഉണ്ടാക്കാൻ നോക്കുന്നത്‌.മുഹമ്മദലി ശിഹാബ്‌ തങ്ങളും മരിക്കുന്നതു വരെ സുന്നികളുടെ ആത്മീയ നേതാവായിരുന്നല്ലോ.അന്നും വനിതാലീഗിനെയും സ്ത്രീകളുടെ സ്ഥാനാർത്ഥിത്വത്തെയും ചൊല്ലി തങ്ങളെയും ലീഗ്‌ സുന്നികളെയും പലരും വിമർശ്ശിച്ചിട്ടുണ്ട്‌.കൂട്ടത്തിൽ ജമാ-അത്തുകാരും ഉണ്ട്‌.അതൊന്നും ലീഗിന്‌ ഒരു വിഷയമേ ആയിട്ടില്ല.പിന്നെയാണോ ഇപ്പോൾ!

ലീഗുസുന്നികളെയും ലീഗിനെയും തമ്മിൽ തല്ലിക്കാനുള്ള ഒരവസരം ഉണ്ടാക്കാൻ മാത്രമാണ്‌ മാധ്യമം ഇപ്പോൾ ഈ വിഷയം കുത്തിപ്പൊക്കുന്നത്‌.ലീഗിലെ മുജാഹിദുകളെയും സുന്നികളെയും തമ്മിൽ ഭിന്നിപ്പിക്കാനും മാധ്യമം ലക്ഷ്യം വെക്കുന്നുണ്ടാകും.വനിതാലീഗുകാരെ ലീഗ്‌ നേതൃത്വത്തിനെതിരെ ഇളക്കിവിടാനുള്ള ശ്രമവും മാധ്യമം വാർത്തയിലുണ്ട്‌.പോഷകസംഘടനയായി വനിതാലീഗിനെ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും സുന്നികളുടെ എതിർപ്പാണ്‌ അതിനു കാരണമെന്നും ലീഗ്‌ സംസ്ഥാന പ്രവർത്തകസമിതിയിൽ വനിതാലീഗിന്റെ പ്രതിനിധിയില്ലെന്നുമൊക്കെ വാർത്തയിലുണ്ട്‌.

ഹുസൈൻ രണ്ടത്താണിക്ക്‌ വോട്ട്‌ കൊടുക്കാതിരിക്കാൻ ജമാ-അത്ത്‌ പറഞ്ഞ ഒരു കാരണം മാർക്ക്സിസ്റ്റു പാർട്ടിയുടെ മുസ്ലിംകളെ ഭിന്നിപ്പിക്കൽ നയത്തോട്‌ വിയോജിക്കുന്നത്‌ കൊണ്ടാണെന്നാണ്‌.ഇപ്പോൾ പിന്നെ 'മാധ്യമം' ചെയ്യുന്നതെന്താണ്‌? ഭിന്നിപ്പിക്കൽ തന്നെയല്ലേ?

ലീഗിന്റെ ഭാഗത്തുനിന്നും ഈയിടെ ജമാ-അത്തിനെതിരെ കുറിക്കുകൊളൂന്ന നിരവധി വിമർശ്ശനങ്ങൾ ഉയർന്നിരുന്നല്ലൊ.പ്രബോധനത്തിന്റെ നിരവധി ലക്കങ്ങളിൽ അതിനൊക്കെ മറുപടി എഴുതാൻ സ്ഥലം നീക്കിവെക്കേണ്ടി വന്നു എന്നതു തന്നെ ഈ വിമർശ്ശനങ്ങൾ സാരമായിരുന്നു എന്നു വ്യക്തമാക്കുന്നു.ഡോ.എം കെ മുനീർ തന്നെ ശക്തമായ വിമർശ്ശനങ്ങൾ ഉയർത്തിയത്‌ ജമാ-അത്തിന്‌ അവഗണിക്കാൻ കഴിഞ്ഞില്ല. പല ആരോപണങ്ങൾക്കും എതിർ ആരോപണം ഉന്നയിക്കാനേ ജമാ-അത്തിനായുള്ളൂ. ഇതാണ്‌ ലീഗിനെതിരെ ഇത്തരം വാർത്തകളും മറ്റും പടച്ചു വിടാൻ ജമാ-അത്തുകാരെ പ്രേരിപ്പിക്കുന്നത്‌ എന്നു വേണം കരുതാൻ.

മുമ്പ്‌ ലീഗിന്റെ കേന്ദ്ര കമ്മിറ്റിയിൽ പോലും ഒന്നിലേറെ വനിതകൾ ഉണ്ടായിരുന്നെന്നും സ്വാതന്ത്ര്യത്തിനുശേഷമാണ്‌ മുസ്ലിം ലീഗിൽ സ്ത്രീകളോട്‌ ഇത്ര കടുത്ത വിവേചനം ഉണ്ടാവുന്നതെന്നും മാധ്യമം പറയുന്നു.

ജിന്നയുടെ മോഡേണിസ്റ്റ്‌ ലീഗിൽ അതൊക്കെ ഉണ്ടായിരുന്നു.കടുത്ത മതവിശ്വാസികളും ജിന്നയെപോലുള്ള മതേതര ആധുനികരും ലീഗിന്റെ നേതൃത്വത്തിലുണ്ടായിരുന്നു.പരിഷ്കാരികളായ വനിതകളും ഉണ്ടായിരുന്നു.പക്ഷെ അതുകൊണ്ടൊക്കെത്തന്നെ ജമാ-അത്തും മൗദൂദിയുമൊക്കെ ലീഗിന്‌ ശക്തമായി എതിരും ആയിരുന്നല്ലോ.ലീഗുണ്ടാക്കിയ പരിഷ്കരണം ജമാ-അത്തിനുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടോ?

ഇന്ന് സൂന്നികളായ മുസ്ലിം സ്ത്രീകൾ ഉന്നതവിദ്യാഭ്യാസം നേടുകയും തൊഴിൽ നേടുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുന്നത്‌ സാധാരണമായിരിക്കുന്നു. ഇതിന്‌ ജമാ-അത്താണോ കാരണക്കാർ? സർക്കാർ ജോലി പാടില്ലെന്നും തിരഞ്ഞെടുപ്പും വോട്ട്‌ ചെയ്യലുമൊക്കെ ശിർക്കാണെന്നും പറഞ്ഞു നടന്നവർക്ക്‌ ഇതിനാവില്ലല്ലോ.

ആധുനികവത്കരണവും ഇന്ത്യൻ ജനാധിപത്യവും അതിനോടൊക്കെ മുസ്ലിം ലീഗിനെപ്പോലുള്ളവർ എടുത്ത ക്രിയാത്മകവും പ്രായോഗികവുമായ നയസമീപനങ്ങളുമാണ്‌ ഈ നേട്ടങ്ങളുടെ കാരണം.

വനിതാ ജമാ-അത്തും സ്ത്രീകളെ പള്ളിയിൽ പ്രവേശിപ്പിക്കലുമൊക്കെയായി സ്ത്രീ വിമോചനം തുടങ്ങിയിട്ട്‌ വർഷം 70-നടുത്തായല്ലോ. ലീഗിന്റെ കേന്ദ്ര കമ്മിറ്റിയിൽ അന്നുതന്നെ സ്ത്രീകൾ ഉണ്ടായിരുന്നു.ഇപ്പോൾ ഇല്ലാത്തതിൽ വിമർശ്ശനം നടത്തുന്ന ജമാ-അത്തിന്റെ കേന്ദ്രശൂറായിൽ ഒറ്റ സ്ത്രീയെങ്കിലും ഉണ്ടോ? കേരള സംസ്ഥാനകമിറ്റിയിൽ ഒരു സ്ത്രീമാത്രമുണ്ട്‌.ഇത്രകാലം ഉദ്ധരിച്ചിട്ടും യോഗ്യതയുള്ളവർ ഇല്ലേ?

നമ്മെ പരിഷ്കാരത്തിന്‌ നിർബന്ധിതമാക്കുന്നത്‌ കാലത്തിന്റെ മുന്നോട്ടുള്ള ഗതിയാണ്‌.മതം പരിഷ്കരിച്ചില്ലെങ്കിലും ജനവും സമൂഹവും പരിഷ്കരിക്കപ്പെടും.സമൂഹത്തിന്റെ ഘടനതന്നെ മാറുമ്പോൾ മതത്തിന്‌ മാറാതിരിക്കാനാവില്ല.മതം കൂടുതൽ ഉദാരവും വൈവിധ്യങ്ങൾ അനുവദിക്കുന്നതും ആകണം. ഇസ്ലാം അങ്ങനെ ആയിരുന്നു ചരിത്രത്തിൽ

ഹജ്ജിലും സോളിഡാരിറ്റിയുടെയും എസ്‌ ഐ ഒവിന്റെയും സമ്മേളനങ്ങളിലും സമരങ്ങളിലും ആണും പെണ്ണും ഇടകലരുന്നു.എന്നാൽ പള്ളിയിൽ മാത്രം കാണാമറയത്ത്‌!.സമ്മേളനവും സമരവുമൊക്കെ ഇബാദത്താണല്ലോ ജമാ-അത്തുകാർക്ക്‌.പള്ളിയിലെ ഇബാദത്തിനും പ്രവാചകന്റെ കാലത്ത്‌ സ്ത്രീകൾ പുരുഷന്മാരുടെ പിറകിലായിരുന്നു നിന്നിരുന്നത്‌.പ്രവാചകന്റെ അത്രപോലും പുരോഗമനം ഇല്ലാത്തവരാണോ ജമാ-അത്തുകാർ.പ്രവാചകന്റെ മാതൃക പിന്തുടരുന്നതല്ലേ ഉത്തമം?

സ്ത്രീകൾക്ക്‌ ഭരണ ചുമതലകൾ നൽകുന്നതിനെപ്പറ്റി ജമാ-അത്തിന്റെ സുവ്യക്തമായ നിലപാടെന്താണ്‌? സ്ത്രീകൾ നമസ്കാരത്തിനു പുരുഷന്മാർക്ക്‌ നേതൃത്വം നൽകുന്നതിനെ ജമാ-അത്ത്‌ എങ്ങനെ കാണുന്നു.ആമിനാ വദൂദിനെപ്പറ്റി എന്താണ്‌ അഭിപ്രായം?

സ്ത്രീകൾ മുഖം കൂടി മറക്കുന്നതാണ്‌ കൂടുതൽ ഉത്തമം എന്നു കരുതുന്നവരുടെ കൂട്ടത്തിലല്ലേ ജമാ-അത്തും?.വീടാണ്‌ സ്ത്രീകൾക്ക്‌ കൂടുതൽ ഉത്തമമെന്നു തന്നെയല്ലേ ജമാ-അത്തിന്റെയും അഭിപ്രായം?പിന്നെന്തിനീ കുത്തിത്തിരുപ്പ്‌? സംഘടനാവൽക്കരിക്കപ്പെട്ട മതത്തിൽ നിന്ന് ഇതും ഇതിനപ്പുറവും ഉണ്ടാകും.

സംഘടനാവത്കരിക്കപ്പെട്ട ഈമാൻ

ഈമാൻ (വിശ്വാസം)സംഘടനാബദ്ധമാകുമ്പോൾ അതിൽ ഇഖ്‌-ലാസ്‌ (ആത്മാർത്ഥത) കുറയും.കാപട്യം കൂടും. പ്രകടനപരത അതിന്റെ മുഖമുദ്രയാകും. മത്സരബുദ്ധിയോടെ പള്ളിയിൽ നടക്കുന്ന പ്രാർത്ഥനകൾ പോലും മൈക്കിലൂടെ എതിരാളികളെ കേൾപ്പിച്ചുകൊണ്ടിരിക്കും.സദഖ കൊടുക്കുന്നത്‌ മറുകൈ പോലും അറിയരുതെന്ന് പ്രവാചകൻ. ആളുകളെ കാണിക്കാൻ ചെയ്യുന്ന സൽപ്രവൃത്തിക്കൊന്നും ദൈവത്തിന്റെ പക്കൽ നിന്ന് പ്രതിഫലമുണ്ടാകുയില്ലെന്ന് പ്രമാണം.എന്നാൽ ദാനധർമ്മങ്ങൾ നോട്ടിസടിച്ചും പത്രത്തിൽ ഫോട്ടോ സഹിതം കൊടുത്തും നിർവ്വഹിക്കപ്പെടുന്നതിനു കാരണം ആരാധനകളുടെയും പുണ്യകർമ്മങ്ങളുടെയും സംഘടനാവത്കരണമാണ്‌.

2009 ഓഗസ്റ്റ് 5, ബുധനാഴ്‌ച

മാധവിക്കുട്ടിയും ജമാ-അത്തെ ഇസ്ലാമിയും

അന്തരിച്ച പ്രശസ്ത സാഹിത്യകാരി കമലാസുരയ്യയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവന്നു തിരുവനന്തപുരത്തെ പാളയം പള്ളിയിൽ കബറടക്കാൻ ചുക്കാൻ പിടിച്ചതിന്റെയും അതു വലിയ ഒരു സംഭവമാക്കാൻ കഴിഞ്ഞതിന്റെയും പേരിൽ ആഹ്ലാദം കൊള്ളുന്നവരാണല്ലോ ജമാ-അത്തുകാർ.വരും തലമുറകൾക്കു മുമ്പിൽ ലോകപ്രശസ്തയായ സാഹിത്യകാരിയുടെ മതം മാറ്റവും അവരുടെ കാഴ്ചപ്പാടുകളും ജമാ-അത്തിനോട്‌ അനുഭാവമുള്ള തരത്തിലായിരുന്നു എന്ന് വരുത്തി തീർക്കാനുള്ള ഒരൊന്നാന്തരം സാഹചര്യം അവർ ഉപയോഗിച്ചു എന്നു കരുതാം. ഏതായാലും മരിക്കും വരെ അവരുടെ മത വിശ്വാസം എത്തരത്തിലുള്ളതായിരുന്നുവെന്ന് ജമാ-അത്തിനെപ്പോലുള്ളവർ കഴിയുന്നതും മറച്ചു പിടിക്കാനാണു ശ്രമിച്ചത്‌.

കമലാസുരയ്യയുടെ ഇസ്ലാമിലേക്കുള്ള മതം മാറ്റത്തിൽ ആഹ്ലാദം കൊണ്ടവരുടെ ആവേശമൊക്കെ ക്രമേണ കെട്ടടങ്ങുന്നതാണു നാം കണ്ടത്‌.ആദ്യമൊക്കെ അവരെ പല പരിപാടികൾക്കും ക്ഷണിച്ചവർ പിന്നീട്‌ ക്ഷണിക്കാതായി. കമലാസുരയ്യ മതം മാറിയിട്ടും പഴയ മാധവിക്കുട്ടി തന്നെയാണെന്നതായിരുന്നു കാരണം.അവർ തന്റെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുന്നത്‌ തുടർന്നു.അത്‌ ഔദ്യോഗിക ഇസ്ലാമിനു എതിരാണോ അല്ലയോ എന്നൊന്നും അവർ ഗൗനിച്ചതേയില്ല.ഇവർക്ക്‌ വട്ടാണെന്ന് മുസ്ലിം മതവിശ്വാസികൾ തന്നെ പറയാൻ തുടങ്ങി.വായിൽ തോന്നിയതൊക്കെ വ്ലിച്ചു പറയുന്ന സ്വഭാവം അവർ നിർത്താത്തതിൽ പലർക്കും അമർഷമുണ്ടായിരുന്നു എന്നതാണു സത്യം.

ഒരു ഇസ്ലാമിക സംഘടനയും മാധവിക്കുട്ടിയേ തങ്ങളുടേതാക്കാൻ പിന്നെ ശ്രമിച്ചില്ല.അതു പൊല്ലാപ്പാകുകയേ ഉള്ളൂ എന്നവർക്കറിയാം.അവരെ 'യതാർത്ഥ' ഇസ്ലാമാക്കാനും ആർക്കും അവസാനം വരെ കഴിഞ്ഞിട്ടില്ല.അതായിരുന്നു മാധവിക്കുട്ടി.ഇവരൊന്നും പഠിപ്പിച്ച്‌ കൊടുത്ത ഇസ്ലാം പഠിച്ചല്ല മാധവിക്കുട്ടി ഇസ്ലാം സ്വീകരിച്ചതെന്ന് പിന്നീടുള്ള അവരുടെ വിളിച്ചു പറയലുകളിനിന്ന് എല്ലാവർക്കും മനസ്സിലായി.

അതുകൊണ്ടുതന്നെയാണു സൃഗാലബുദ്ധിയുള്ള ജമാ-അത്തെ ഇസ്ലാമി മരണത്തിനു ശേഷം അവരെ സ്വന്തമാക്കാനുള്ള കരുനീക്കം നടത്തിയത്‌.ജമാ-അത്തെ ഇസ്ലാമിയുടെ പരമ്പരാഗത ഇസ്ലാമിന്റെ ചതുരവട്ടത്തിനകത്ത്‌ നിൽക്കാൻ മാധവിക്കുട്ടിയെ കിട്ടില്ല എന്നവർക്കറിയാം.അതിനു ശ്രമിച്ചാൽ തലവേദന തീർത്താൽ തീരില്ല എന്നുമവർ മനസ്സിലാക്കിയിട്ടുണ്ടാകും.

മാധവിക്കുട്ടി ഇസ്ലാം മതം സ്വീകരിച്ചതിനു ശേഷം നടത്തിയ അഭിമുഖ സംഭാഷണങ്ങളും പ്രസംഗങ്ങളും ലേഖനങ്ങളും സമാഹരിച്ചു പ്രത്യേകം പ്രസിദ്ധീകരിക്കേണ്ടതുണ്ട്‌. ഇത്‌ മതേതരവാദികൾ ഏറ്റെടുക്കും എന്നു കരുതട്ടെ. ഇല്ലെങ്കിൽ ജമാ-അത്തിനെ പോലുള്ളവർ മാധവിക്കുട്ടിയെ നാളെ പുതിയ വ്യാഖ്യാനങ്ങൾക്കു വിധേയമാക്കും.അതിനുള്ള ശ്രമത്തിന്റെ തുടക്കമായി വേണം ടി മുഹമ്മദ്‌ വേളത്തിന്റെ 'കമലാ സുരയ്യ ഒടുവിൽ പറഞ്ഞത്‌' എന്ന ലേഖനത്തെ കണക്കാക്കാൻ (വാരാദ്യമാധ്യമം-09ജൂലൈ12).

മാധവിക്കുട്ടിക്കുണ്ടായിരുന്നത്‌ യഥാർത്ഥ ഇസ്ലാമിക വിശ്വാസമായിരുന്നില്ലെങ്കിൽ അതു തുറന്നു പറയുന്നതല്ലേ സത്യസന്ധത. ഇല്ലാത്തത്‌ ഉണ്ടെന്ന് പറഞ്ഞിട്ട്‌ ഇസ്ലാമിനു എന്തു നേട്ടം? ദോഷമല്ലേ ഉണ്ടാക്കുകയുള്ളൂ.മാധവിക്കുട്ടിയുടെ വിളിച്ചുപറയലുകളെ ശ്രീ മുഹമ്മദ്‌ ബുദ്ധി പൂർവ്വം മറച്ചു വെക്കുന്നു. എന്നിട്ട്‌ മതേതര സമൂഹം അവരുടെ മതം മാറ്റത്തെ പ്രാധാന്യം കുറച്ചു കണ്ടു എന്നു കുറ്റപ്പെടുത്തുകയും ചെയ്യുന്നു.

മതം മാറുന്നത്‌ മാത്രമല്ല ജനാധിപത്യം. ഇഷ്ടമുള്ള ഏത്‌ ആശയവും സ്വീകരിക്കുന്നതിനേ ജനാധിപത്യമായി അംഗീകരിക്കണം.തങ്ങൾ മതം മാറ്റുന്നവരെ മാധവിക്കുട്ടിയുടെ മറവിൽ സുരക്ഷിതരാക്കുക എന്ന ഗൂഢോദ്ദേശ്യം മാത്രമേ മുഹമ്മദ്‌ വേളത്തിനുള്ളൂ എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധിയൊന്നും വേണ്ട.

അപൂർവ്വവ്യക്തിത്വം

കമലാസുരയ്യ അപൂർവ്വ വ്യക്തിത്വത്തിന്നുടമയായിരുന്നു.എഴുത്തിലും പറച്ചിലിലും പ്രവർത്തനത്തിലും കാഴ്ചവെച്ച അപൂർവ്വതയും അപവാദവും മരണത്തിലും അവർ കാഴ്ചവെച്ചു.അവരുടെ കബറടക്ക ചടങ്ങ്‌ കേരളത്തിനു ഒരു പുതിയ അനുഭവമായിരുന്നു.ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയും ആണും പെണ്ണും ഒന്നിച്ചു മയ്യിത്ത്‌ നമസ്കരിക്കുകയും കബറിടത്തിൽ മൂന്നു പിടി മണ്ണു വാരിയിടുകയും ചെയ്യുന്ന കാഴ്ച സാംസ്കാരിക കേരളത്തിനു ഒരു നവ്യാനുഭവമായിരുന്നു.അതിനു സാഹചര്യം ഉണ്ടാക്കിയ ജമാ-അത്ത്‌ അഭിനന്ദനമർഹിക്കുന്നുണ്ട്‌.

എന്നാൽ ജമാ-അത്തെ ഇസ്ലാമി ചില ചോദ്യങ്ങൾക്കുത്തരം പറയേണ്ടതുമുണ്ട്‌.

ജമാ-അത്ത്‌ ഉത്തരം പറയുമോ?

1- ഒരു മുസ്ലിം സമുദായാംഗം മറ്റു മതം സ്വികരിച്ചു മരിച്ചാൽ മുസ്ലിംകൾ മാധവിക്കുട്ടിയുടെ കുടുംബം ചെയ്തതു പോലെ വിശാലത കാട്ടുമോ എന്ന് മുഹമ്മദ്‌ വേളം ചോദിക്കുന്നുണ്ടല്ലോ.അത്രത്തോളം വിശാലത കാണിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാടിനെ അഭിനന്ദിക്കുന്നു.
പക്ഷെ ചോദ്യം അവിടെ നിർത്തരുത്‌. അങ്ങനെയാണെങ്കിൽ മതം ഉപേക്ഷിക്കുന്നവനും ഈ പരിഗണന കിട്ടേണ്ടതല്ലേ. അത്‌ ജനാധിപത്യത്തിൽ പെടില്ലേ?

2-കമലാസുരയ്യയുടെ മകൻ ജയസൂര്യയുടെ വസതിയിലും മുംബൈയിലെ കേരളഹൗസിലും ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നു എന്ന് പറയപ്പെടുന്നു.ഇതു ശരിയാണെങ്കിൽ അത്‌ ഇസ്ലാം അനുവദിക്കുന്നുണ്ടോ? മതം മാറിയ ഒരു സാധാരണക്കാരൻ മരിച്ചാൽ അയാളുടെ ബന്ധുക്കൾക്കും ജമാ-അത്തെ ഇസ്ലാമി അവരുടെ മതാചാരം കൂടി നടത്താൻ അനുമതി നൽകുമോ?

3-മാധവിക്കുട്ടിയുടെ മയ്യിത്ത്‌ നമസ്കാരം ആണും പെണ്ണൂം (അതും ഔറത്ത്‌ മറക്കാത്ത അവിശ്വാസിനികൾ) ഒന്നിച്ച്‌ ഇടകലർന്നു നിന്നാണു നടത്തിയത്‌. ഇത്‌ ഒരു സാധാരണ മുസ്ലിം സ്ത്രീ/പുരുഷൻ മരിച്ചാലും ജമാ-അത്ത്‌ അനുവദിക്കുമോ? മുസ്ലിം സ്തീകളെയും ഇങ്ങനെ ആണുങ്ങൾക്കൊപ്പം നിന്ന് നിസ്കരിക്കുവാൻ അനുവദിക്കുമോ?


4-മുസ്ലിം സ്ത്രീയുടെ മയ്യിത്ത്‌ അന്യപുരുഷന്മാർക്ക്‌ കണാനുള്ള അനുവാദം നൽകുമോ?

5-മുസ്ലിം സമുദായത്തിൽ ജനിച്ചു വളർന്ന ഒരു മഹതിയുടെ കബറടക്കം ഇതുപോലെ ഗംഭീരമായും വിശാലമായും നടത്താൻ അനുവദിക്കുമോ?


6-മുസ്ലിംകളല്ലാത്ത കമലാസുരയ്യയുടെ ബന്ധുക്കളും അവരെ സ്നേഹിക്കുന്നവരും മുസ്ലിം മതാചാരമായ മയ്യിത്ത്‌ നമസ്കാരവും മൂന്നു പിടി മണ്ണിടലുമൊക്കെ നടത്തിയതു കണ്ട്‌ കോരിത്തരിച്ചിരിക്കുമല്ലോ ജമാ-അത്തുകാർ.ഒന്നു ചോദിച്ചോട്ടെ.തിരിച്ചായിരുന്നെങ്കിൽ ജമാ-അത്തുകാർ ഒരു സമൂഹ സൗഹൃദ കൂട്ടത്തിൽ ചേരൽ എന്ന നിലയിലെങ്കിലും മറ്റുള്ളവരുടെ ആചാരങ്ങൾ വല്ലതും ചെയ്യാൻ തയ്യാറാകുമോ?നിലവിളക്കു കൊളുത്തലും പൊട്ടു തൊടലും മുസ്ലിംകൾക്ക്‌ നിഷിദ്ധമാണോ അല്ലയോ?

അവസാനം ഒരു ചോദ്യം കൂടി.മാങ്കോസ്റ്റിൻ മരത്തിന്റെ ചുവട്ടിൽ മറവു ചെയ്യണമെന്ന ബഷീറിന്റെ ആഗ്രഹം നടക്കാതെ പോയതെന്തുകൊണ്ടാണ്‌? പള്ളികബറിസ്ഥാനിൽ തന്നെ മറവു ചെയ്യണമെന്ന് അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മേൽ സമ്മർദ്ദം ചെലുത്തിയതിന്റെ പിന്നിൽ ആരാണ്‌?അന്ന് ജമാ-അത്തിന്റെ നിലപാടെന്തായിരുന്നു? ഇപ്പോൾ ബഷീറിന്റെ ആഗ്രഹം നടക്കാതെ പോയതിനെക്കുറിച്ചു ജമാ-അത്തെ ഇസ്ലാമി എന്തു പറയുന്നു?അറിഞ്ഞാൽ കൊള്ളാമായിരുന്നു.

2009 ഓഗസ്റ്റ് 4, ചൊവ്വാഴ്ച

ജമാ-അത്തിന്റെ മധ്യവർഗ്ഗകാപട്യങ്ങൾ

ആദർശ്ശവാദം,പരിശുദ്ധിവാദം,വ്യത്യസ്തതാവാദം എന്നൊക്കെ പറയാവുന്ന ഒരു പ്രതീതിയിലൂടെ മധ്യവർഗ്ഗങ്ങളിൽ ഒരു വിഭാഗത്തെ ആകർഷിക്കുന്ന തരത്തിൽ ആസൂത്രിതമായി പ്രവർത്തനങ്ങൾ ആവിഷ്കരിച്ച്‌ പ്രവർത്തിക്കുന്ന സംഘടനയാണ്‌ ജമാ-അത്തെ ഇസ്ലാമിയും അതിന്റെ വിദ്യാർത്ഥി,യുവജനസംഘടനകളും.മുസ്ലിം കൾക്കിടയിൽ തികച്ചും മധ്യവർഗ്ഗാധിഷ്ഠിതമായ ഒരു സംഘടനയുണ്ടെങ്കിൽ അത്‌ ജമാ-അത്ത്‌ മാത്രമായിരിക്കും.സാമ്പ്രദായിക മാർക്ക്സിസ്റ്റുകാരുടെ ഭാഷയിൽ പറഞ്ഞാൽ ജമാ-അത്തുകാർ പെറ്റി ബൂർഷ്വാ ആദർശ്ശവാദികളാണെന്നു പറയാം.

തേച്ചുമിനുക്കിയ വാക്കുകളും അക്കാദമികരംഗത്ത്‌ ഏറെക്കാലമായി ഉപയോഗിച്ചു പഴകിയതെങ്കിലും മധ്യവർഗ്ഗപുതുതലമുറക്കും സമാന്യജനങ്ങൾക്കും ഇപ്പോഴും അപരിചിതമായ പല പദാവലികളും പ്രചാരണ രംഗത്ത്‌ ഉപയോഗിക്കുന്നത്‌ എസ്‌ ഐ ഒ വിന്റെയും സോളിഡാരിറ്റിയുടെയും ഒരു സ്ഥിരം ് ശൈലിയാണ്‌.ഒരു കാലത്ത്‌ ശാസ്ത്ര സാഹിത്യപരിഷത്തുകാരും നക്സലൈറ്റ്‌ സാംസ്കാരിക യുവജന സംഘടനകളും ഉയർത്തിയ മുദ്രാവാക്യങ്ങളും വിഷയങ്ങളും പ്രവർത്തന ശൈലികകളും ഏറ്റെടുത്ത്‌ ഒരു നവസാമൂഹികസംഘടനയുടെ വേഷം ആടാനാണവർ ശ്രമിക്കുന്നത്‌.

എന്നിട്ടും പലനിലപാടുകളും ആദ്യമായി പറഞ്ഞവർ തങ്ങളാണെന്ന എട്ടുകാലിമമ്മൂഞ്ഞിന്റെ അവകാശവാദം അവർ നടത്താറുണ്ട്‌.സുന്നികളോ എസ്‌ എസ്‌ എഫുകാരോ വല്ല നൂതനപരിപാടികളും ആവിഷ്കരിച്ചാൽ അവരൊക്കെ തങ്ങളെ അനുകരിക്കുകയാണെന്ന പരിഹാസഭാവമാണ്‌ ജമാത്തുകാർക്ക്‌.എന്നാൽ തങ്ങളും മറ്റുള്ളവരെ അനുകരിക്കുകയാണെന്നകാര്യം സമാന്യജനങ്ങളിൽനിന്നവർ മറച്ചുവെക്കുന്നു.

അഴകൊഴമ്പൻ നിലപാടുകൾ

വിദ്യാഭ്യാസരംഗത്ത്‌ വാചകഭംഗിക്കപ്പുറം വല്ല അടിസ്ഥാന നിലപാടും ഇവർക്കുണ്ടോ? എസ്‌ യു സി ഐക്കാരെയും നക്സലൈറ്റുകളെയും പോലെ തൊട്ടതിന്റെ പിന്നിലൊക്കെ സാമ്രാജ്യത്വത്തെയും ആഗോളവൽക്കരണത്തെയും കാണുന്നവരാണ്‌ എസ്‌ ഐ ഒക്കാർ.എന്നാൽ തങ്ങൾക്ക്‌ സൗകര്യമായതും തങ്ങൾ ചെയ്തു വരുന്ന കാര്യങ്ങളുമൊക്കെ അങ്ങനെയല്ലെന്നു സമർത്ഥിക്കുകയും ചെയ്യും.

ഉദാഹരണങ്ങൾ.ഡി പി ഇ പി വന്ന 90 കളിൽ തന്നെ എസ്‌ യു സി ഐയും നക്സലൈറ്റ്‌ സംഘടനകളും അതിന്റെ പിന്നിൽ ലോകബാങ്കാണെന്ന് പറഞ്ഞിരുന്നു. അന്ന് ജമാ-അത്തുകാർക്കത്‌ കണ്ടെത്താൻ കഴിഞ്ഞില്ല. 2008-ൽ മതമില്ലാത്ത ജീവൻ' ചർച്ചാവിഷയമായപ്പോൾ അന്നവർ പറഞ്ഞ വാദങ്ങൾ എസ്‌ ഐ ഒ ക്കാരും സോളിഡാരിറ്റിക്കാരും പൊടി തട്ടിയെടുത്ത്‌ നാടുനീളെ ചർച്ച സംഘടിപ്പിക്കുകയാണു ചെയ്തത്‌.പാഠപുസ്തകത്തിന്റെ അടിസ്ഥാന സമീപനം അമേരിക്കൻ പ്രാഗ്മാറ്റിസമാണെന്നൊക്കെ താത്വിക വിമർശ്ശനം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണവർ ചെയ്തത്‌.ജ്ഞാനനിർമ്മിതിവാദം സാമ്രാജ്യത്ത ഗൂഢാലോചനയാണെന്നാണവർ പറഞ്ഞത്‌.

90-കളിൽ ഇ ടി മുഹമ്മദ്‌ ബഷീർ നടപ്പാക്കിത്തുടങ്ങിയ ആഗോളീകരണ വിദ്യാഭ്യാസത്തിന്റെ ഭാഗമായാണു സ്വകാര്യവൽക്കരണവും സ്വാശ്രയവിദ്യാഭ്യാസവും കേരളത്തിൽ നടപ്പാക്കപ്പെടുന്നത്‌.അതിനൊക്കെ എസ്‌ എഫ്‌ ഐ യും എസ്‌ യു സി ഐ യും നക്സലൈറ്റുകളും അന്നുതന്നെ എതിരായിരുന്നു.എന്നാൽ ജമാ-അത്തുകാർക്ക്‌ അവയോട്‌ അത്ര എതിർപ്പില്ല.ആഗോളീകരണത്തിന്റെ ഭാഗമായി വന്ന സ്വാശ്രയ കോളേജുകൾക്ക്‌ ജമാ-അത്ത്‌ എതിരല്ല.അവിടെയൊക്കെ നമ്മൾ വികസിത രാജ്യങ്ങളെ മാതൃകയാകണം എന്നാണ്‌ അവരുടെ വാദം.അതിൽ ആഗോളവൽക്കരണത്തിന്റെ പൊടിപോലുമില്ല കണ്ടുപൊടിക്കാൻ.ഫീസിത്തിരി കുറയണം അത്രയേ ഉള്ളു ജമാ-അത്തിന്‌.കാരുണ്യനിധികളിലൂടെ ജമാ-അത്ത്‌ വക ആഗോളീകരണത്തിനൊരു മാനുഷിക മുഖം നൽകലും കൂടിയില്ലേ ഇതിൽ?-(ദിശ,കാമ്പസിന്റെ മുഖപത്രം 2008 ആഗസ്റ്റ്‌ കാണുക).

മാനുഷികമുഖമുള്ള ആഗോളീകരണത്തിനു ജമാ-അത്ത്‌ എതിരല്ലെന്നുണ്ടോ? മറ്റവർ അതിനൊക്കെ എതിരാണ്‌.ഭാവിയിൽ സ്വാശ്രയ കോളേജുകൾ തങ്ങൾക്കും തട്ടിക്കൂട്ടാം എന്ന സ്വപ്നം ജമാ-അത്തിനുണ്ടാകും.തങ്ങൾ നടത്തിയാൽ അവയൊക്കെ കേമവും ജനകീയവുമാകുമെന്നാണ്‌ ജമാ-അത്തിന്റെ നിലപാട്‌.ജമാ-അത്തുകാർ നടത്തുന്ന നിക്ഷേപക തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവന്നു കൊണ്ടിരിക്കെ സ്വാശ്രയ മാനേജുമെന്റുകളുടെ കൊള്ളക്കെതിരെ നാവുയർത്താൻ ജമാ-അത്തുകാർക്കവകാശമുണ്ടോ?

അതുപോലെ എൻ ജി ഒ കൾക്കും വളണ്ടറി സംഘടനകൾക്കും ജമാത്തെതിരാണ്‌.ആഗോളീകരണത്തിനു മാനുഷികമുഖം നൽകലാണത്രെ അവയുടെ ലക്ഷ്യം.എന്നാൽ ഈ എൻ ജി ഒകൾ നടത്തുന്ന ജീവകാരുണ്യം അടക്കമുള്ള പ്രവർത്തനങ്ങൾ ജമാ-അത്തുകാർ നടത്തിയാൽ അത്‌ ശരിയും ജനകീയവും!

അപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സ്വാശ്രയ,സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ജിവകാരുണ്യ സ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും ഒക്കെയാണ്‌ ജമാ-അത്തിനു പ്രധാനം.അവയെ ഒന്നും നിഷേധിക്കാത്ത ആഗോളവൽക്കരണ വിരോധം മാത്രമേ അവർക്കുള്ളൂ.
വരേണ്യ വിദ്യാഭ്യാസത്തോട്‌ ജമാ-അത്തിനു എതിർപ്പില്ലെന്നർത്ഥം.പാവങ്ങളോട്‌ ഇത്തിരി കാരുണ്യം കാണിക്കണം.കാരുണ്യപ്രവർത്തനങ്ങളിലൂടെ ബഹുഭൂരിപക്ഷം സാധാരണക്കാരെയും എന്നും ആശ്രിതരായി നിലനിർത്തണം.അതെ, വരേണ്യരുടെയും സ്ഥാപനമതത്തിന്റെയും ചക്കാത്തിൽ കഴിയേണ്ടവരാാണു ബഹുഭൂരിഭാഗം സാധാരണക്കാരും എന്നു തന്നെയാണു അന്തിമ വിശകലനത്തിൽ ജമാ-അത്തും വിശ്വസിക്കുന്നത്‌.

പല സംഘടനകളുടെയും നിലപപാടുകൾ കടമെടുത്ത്‌ ഭംഗിയുള്ള വാക്കുകൾകൊണ്ട്‌ കൂട്ടിക്കുഴച്ച്‌ അവയെ പുതുതെന്നോണം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുക.എന്നിട്ടുകേമന്മാരെന്നു നടിക്കുക. എന്നാൽ ഈ നിലപാടുകൾ തമ്മിൽ ഉള്ള വൈരുധ്യങ്ങളും പൊരുത്തക്കേടുകളും കണ്ടില്ലെന്നു നടിക്കുക.ഇതാണു ജമാ-അത്തിന്റെ സ്വഭാവം.

യഥാർത്ഥത്തിൽ ഇസ്ലാമിസ്റ്റുകൾ ആഗോളീകരണത്തിനു എതിരാണോ? ആണെങ്കിൽ അവരുടെ പക്കൽ അതിനെതിരെ വസ്തുനിഷ്ഠമായ ഒരു ബദലുണ്ടോ തുടങ്ങിയ കാര്യങ്ങൾ പിന്നീട്‌.

2009 ജൂലൈ 26, ഞായറാഴ്‌ച

എസ്‌ ഐ ഒ യുടെ കപടസമരം

വിദ്യാഭ്യാസരംഗത്തെ മലബാർ അവഗണനക്കെതിരെ എസ്‌ ഐ ഒ ക്കാർ സംസ്ഥാന ജാഥ നടത്തുകയാണല്ലോ.മലബാർ അവഗണനയും അലീഗഡ്‌ കാമ്പസ്സും ഒക്കെയാണ്‌ എസ്‌ ഐ ഒ,സോളിഡാരിറ്റി, ജമാ-അത്താദികൾക്ക്‌ ഇപ്പോൾ വിദ്യാഭ്യാസ രംഗത്തെ വലിയ പ്രശ്നം.
സ്വാശ്രയകരാറിനെക്കുറിച്ച്‌ എന്താണവർക്ക്‌ പറയാനുള്ളത്‌? അതിനെതിരെ സമരവും പ്രചരണവും ഒന്നും ഇല്ലേ? ഇടതു സർക്കാർ കൊണ്ടുവന്ന സ്വാശ്രയ നിയമം പരാജയപ്പെട്ടപ്പോൾ വിദ്യാഭ്യാസ മന്ത്രി വഞ്ചന കാട്ടി എന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നു ആവോ.
സ്വാശ്രയത്തിനും സ്വകാര്യവിദ്യാഭ്യാസത്തിനുമെല്ലാം എതിരെ പറയാൻ തങ്ങൾക്ക്‌ ധാർമ്മികാവകാശമില്ല എന്നത്‌ അവർക്കറിയാം. സ്വാശ്രയത്തിൻ എതിരെ പറഞ്ഞാലും അനുകൂലിച്ചു പറഞ്ഞാലും എസ്‌ ഐ ഒ വിൽ അണിചേർന്ന വിദ്യാർത്ഥികൾ ചോദ്യം ഉന്നയിക്കാൻ സാധ്യതയുണ്ട്‌. അതിനൊക്കെ മറുപടി പറയാൻ തുനിഞ്ഞാൽ കുഴയുകയേ ഉള്ളൂ.

അതിൽ നിന്ന് രക്ഷപ്പെടാൻ നേതൃത്വം കണ്ടെത്തിയ ഉപായമാണ്‌ മലബാർ അവഗണനക്കെതിരെ വിദ്യാർത്ഥി അണികളെക്കൊണ്ടുള്ള ഈ സമരം ചെയ്യിക്കൽ.കുട്ടിക്കുരങ്ങന്മാരെക്കൊണ്ട്‌ ചുടുചോര മാന്തിക്കുന്ന പണി ജമാ-അത്തുകാരും തുടങ്ങിയതിന്റെ സൂചനയായി വേണം ഇതിനെ കണക്കാക്കാൻ.മലബാർ അവഗണനക്കെതിരെ എന്ന പേരിൽ സമരം ചെയ്യിച്ച്‌ പോലീസുകാരുടെ അടി മേടിക്കാൻ പിള്ളാരെ വിടേണ്ട വല്ല കാര്യവുമുണ്ടോ.

നാട്ടിൽ പലയിടത്തും സ്വകാര്യ സ്കൂളുകൾ നടത്തി പൊതു വിദ്യാഭ്യാസത്തിനു കോടാലി വെക്കുന്നവരിൽ ജമാ-അത്തുകാരും ഉണ്ടല്ലോ.അവർ പാവം വിദ്യാർത്ഥി അണികളെ പോലീസിന്റെ ലാത്തിയടി കൊള്ളാൻ പറഞ്ഞുവിടുന്നത്‌ തികഞ്ഞ വഞ്ചനയല്ലേ? അതിനാൽ വിദ്യാർത്ഥികളുടെ ശ്രദ്ധയേ മറ്റു വിഷയങ്ങളിലേക്ക്‌ തിരിച്ചു വിട്ട്‌ അതിന്റെ പേരിൽ സമരാവേശം ഉണ്ടാക്കാനാണു എസ്‌ ഐ ഒ നേതൃത്വം ഇപ്പോഴത്തെ സമരങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്‌.

അംഗീകാരമില്ലാത്ത അൺ എയ്ഡഡ്‌ വിദ്യാലയങ്ങളെ നടത്താൻ അനുവദിക്കണോ വേണ്ടേ? എന്താണ്‌ എസ്‌ ഐ ഒ യുടെ ഈ കാര്യത്തിലുള്ള അഭിപ്രായം? ഇവക്ക്‌ ഭാവിയിൽ അംഗീകാരം കൊടുക്കണോ വേണ്ടേ? അവയെ ക്രമേണ ഇല്ലായ്മ ചെയ്യുന്നതിനെക്കുറിച്ച്‌ എന്താണ്‌ അഭിപ്രായം?

ജമാ-അത്തുകാർ നടത്തുന്നതും അല്ലാത്തതുമായ അംഗീകൃത, അനംഗീകൃത സ്കൂളുകളിൽ പഠിക്കുന്നവരും പഠിച്ചവരും ആയവർ എസ്‌ ഐ ഒ വിൽ നല്ലൊരു ശതമാനം ഉണ്ടാവുമല്ലോ.അവരൊക്കെ നിയന്ത്രിക്കുന്ന എസ്‌ ഐ ഒവിൽ നിന്ന് വിപ്ലവകരമായ നിലപാട്‌ പ്രതീക്ഷിക്കാമോ?

സർക്കാർ സ്കൂളിനു കെട്ടിടം പണിതു കൊടുക്കുക പോലുള്ള ദാനപ്രവൃത്തികൾ നടത്തി തങ്ങളുടെ കുറ്റബോധം തീർക്കാൻ ശ്രമിക്കുന്നത്‌ നന്ന്. ഇത്തരം ദാനപ്രവൃത്തികൾ നടത്താൻ ആസ്തിയുള്ള ഏക 'നവസാമൂഹിക' പ്രസ്ഥാനം കേരളത്തിൽ ജമാ-അത്ത്‌ മാത്രമായിരിക്കും.

കള്ളക്കടത്തുകാരും ആൾ ദൈവങ്ങളും ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുന്നതിൽ നിന്നും ഇതിനു വല്ല വ്യത്യാസവുമുണ്ടോ?
ഒരു ഭാഗത്ത്‌ പൊതു വിദ്യാഭ്യാസത്തിനു പാര പണിത്‌ കൊണ്ട്‌, വിദ്യാഭ്യാസക്കച്ചവടം നടത്തി തങ്ങളുടെ സ്ഥാപനങ്ങളുടെ ആസ്തി വർദ്ധിപ്പിക്കുക.മറുഭാഗത്ത്‌ പൊതു വിദ്യാഭ്യാസത്തിനായി ദാനങ്ങൾ നടത്തുക. അങ്ങനെ ഇവരുടെയൊക്കെ 'ചക്കാത്ത്‌' കൊണ്ട്‌ നിലനിർത്തേണ്ട ഒന്നായി പൊതുവിദ്യാഭ്യാസത്തെ മാറ്റുക.

ഇവരുടെ 'ചക്കാത്ത്‌' കേരളത്തിലെ നവസാമൂഹിക പ്രസ്ഥാനങ്ങളുടെ ഇടങ്ങളെയും അവ സാധ്യമാക്കുന്ന ബഹുസ്വരതയേയും ക്രമേണ വിഴുങ്ങുമെന്ന് തീർച്ചാണ്‌. മുസ്ലിം സമുദായത്തിനകത്ത്‌ ബഹുസ്വരത എന്നതിന്‌ പര്യായമാകാനാണ്‌ ഇവർ ശ്രമിക്കുന്നത്‌.ഇവരുടെ ബഹുസ്വരത പുരോഗമനത്തിന്റെയും നവജനാധിപത്യത്തിന്റെയും നാമ്പുകളെ ശ്വാസം മുട്ടിച്ച്‌ കൊല്ലൽ മാത്രമാണ്‌.
വാക്കുകളെ ഹൈജാക്ക്‌ ചെയ്ത്‌ യുവാക്കളെയും വിദ്യാർത്ഥികളെയും ആകർഷിക്കുന്ന തന്ത്രം നവജനാധിപത്യവാദികൾ തിരിച്ചറിയണം.ജമാ-അത്തിന്റെ ഭരണഘടനയും പോളിസി- പ്രോഗ്രാമും ഒന്നു വായിക്കുക. അതിൽ എവിടെ ജനാധിപത്യം?എവിടെ ബഹുസ്വരത?