2009, സെപ്റ്റംബർ 2, ബുധനാഴ്‌ച

കമലാസുരയ്യയെ, ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന് എഴുതുമ്പോൾ.

ജമാ-അത്തെ ഇസ്ലാമിയുടെ നേതാവായ ശൈഖ്‌ മുഹാമ്മദ്‌ കാരക്കുന്ന് കമലാസുരയ്യയെക്കുറിച്ചെഴുതിയ 'കമലാസുരയ്യ,സഫലമായ സ്നേഹാന്വേഷണം' എന്ന പുസ്തകത്തിന്റെ വിമർശ്ശനം- ഒന്നാം ഭാഗം.
ഈ ഭാഗത്ത്‌ പ്രതിപാദിക്കുന്ന കാര്യങ്ങളെക്കൂറിച്ചു മാത്രം പ്രതികരണങ്ങൾ അറിയിക്കണമെന്ന് അപേക്ഷ
*-----------------------*

ആമുഖം
ലോകപ്രശസ്തയായ ഒരു സാഹിത്യകാരി ഇസ്ലാം സ്വീകരിക്കുകയും മുസ്ലിമായി മരിക്കുകയും ചെയ്തത്‌ ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം സന്തോഷിക്കാവുന്നതും അഭിമാനിക്കാവുന്നതും ആയ കാര്യം തന്നെയാണ്‌.ദൈവത്തിന്റെ സാമീപ്യം അറിയാൻ കഴിഞ്ഞ മാധവിക്കുട്ടിക്ക്‌ കിട്ടിയത്‌ ദൈവികസൗഭാഗ്യമാണെന്ന് ഓരോ മുസ്ലിമും കരുതുന്നുണ്ടാവും.ഇത്‌ സ്വാഭാവികം മാത്രം.

എന്നാൽ ഏതു കാര്യത്തിലും സത്യസന്ധത കൈവിടുന്നത്‌ ഒരു മുസ്ലിമിന്‌ ചേർന്നതല്ല എന്നതിനാലാണ്‌ ഇങ്ങനെയൊരു വിമർശ്ശനം എഴുതുന്നത്‌. ഉള്ളത്‌ ഉള്ളത്‌ പോലെ പറയുന്നത്‌ കൊണ്ട്‌ ഇസ്ലാമിന്‌ ഒരു കുറവും വരാൻ പോകുന്നില്ല.മാധവിക്കുട്ടിയുടെ കാര്യത്തിൽ ഒന്നും മറച്ചു വെക്കാതെ എല്ലാം തുറന്നു പറഞ്ഞു കൊണ്ടുതന്നെ അവരുടെ സത്യവിശ്വാസത്തെ സ്വീകരിക്കാൻ ഒരു മുസ്ലിമിനു കഴിയണം.

മറിച്ച്‌ നമ്മളോരോരുത്തരും നമൂക്ക്‌ സ്വീകാര്യമായ തരത്തിൽ മാത്രം അവരെ വ്യാഖ്യാനിച്ചാൽ അത്‌ മുസ്ലിമിന്റെ സത്യസന്ധതക്ക്മേൽ നിഴൽ വീഴ്ത്തുകയേ ഉള്ളൂ.അവർ പറഞ്ഞതും എഴുതിയതും ജനങ്ങൾക്ക്‌ മുമ്പിലുണ്ട്‌ എന്ന കാര്യം നാം മറക്കരുത്‌.മാധവിക്കുട്ടിയുടെ മതം മാറ്റത്തെ ഇസ്ലാമിക മിഷനറി പ്രവർത്തനങ്ങൾക്ക്‌ സഹായകമാകുന്ന വിധത്തിൽ ഉപയോഗിക്കുന്നത്‌ വിപരീതഫലം മാത്രമേ ഉണ്ടാക്കൂ.

ധൈഷണികമല്ലാത്ത മതം മാറ്റം.

മാധവിക്കുട്ടി മലയാളത്തിൽ എന്നെന്നും ഓർമ്മിക്കപ്പെടുന്ന കഥാകൃത്തും നോവലിസ്റ്റുമാണ്‌.അവരുടെ സാഹിത്യ രചനകൾ ഇനിയും പലതരം വായനക്കും പുനർവ്വായനക്കും വിധേയമാകും.അവർ ലോകർക്ക്‌ മികച്ച ഇംഗ്ലീഷ്‌ കവയത്രിയാണ്‌.ആ നിലക്കുള്ള അവരുടെ പ്രശസ്തിയും അനേകകാലം നിലനിൽക്കും.അത്‌ അവർ മതം മാറിയില്ലെങ്കിലും സംഭവിക്കും.ഇക്കാര്യത്തിലൊന്നും ഒരു തർക്കവും ആർക്കുമുണ്ടാവില്ല.

എന്നാൽ മലയാള എഴുത്തുകാരിൽ ധൈഷണിക പാരമ്പര്യം അവകാശപ്പെടാവുന്ന എഴുത്തുകാരിയല്ല മാധവിക്കുട്ടി.ബൗദ്ധികമോ സൈദ്ധാന്തികമോ ആയ മേഖലകളിൽ മാധവിക്കുട്ടി വ്യാപരിച്ചിട്ടില്ല.ഡോ. എം ലീലാവതിയെപ്പോലെ ഒരു പണ്ഡിതയായ എഴുത്തുകാരിയല്ലായിരുന്നു അവർ. രണ്ടുപേരും വ്യത്യസ്ത മേഖലകളിലാണു വ്യാപരിച്ചത്‌ എന്നത്‌ ശരി തന്നെ.എന്നാലും ഏതു വിഷയത്തോടും മാധവിക്കുട്ടി പ്രതികരിച്ചത്‌ ഗൗരവത്തോടെയായിരുന്നില്ല. സൗന്ദര്യശാസ്ത്രപരമോ പ്രത്യയശാത്രപരമോ സൈദ്ധാന്തികപരമോ ആയ ആഴത്തിലുള്ള എന്തെങ്കിലും വിശകലനങ്ങൾ അവരിൽ നിന്നുണ്ടായിട്ടില്ല.അവരുടെ ദൗത്യവും രചനകളും അതാവശ്യപ്പെടുന്നില്ല താനും.

കേരളത്തിലെ പല എഴുത്തുകാരും ആക്റ്റിവിസ്റ്റുകളോ പ്രത്യശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരോ സൈദ്ധാന്തികമാനങ്ങളോടെ വിവിധ പ്രശ്നങ്ങളിൽ പ്രതികരിക്കുന്നവരോ ഒക്കെ ആണ്‌.ലോകത്ത്‌ നടക്കുന്ന വിവിധ സംഭവവികാസങ്ങളോട്‌ സംവദിക്കുന്ന എഴുത്തുകാർ നമുക്കുണ്ട്‌.കമ്യൂണിസമായാലും അതിന്റെ തകർച്ചയായാലും പാരിസ്ഥിതികരാഷ്ട്രീയമായാലും ഫെമിനിസമായാലും ആധുനിക-ആധുനികാനന്തരതകളായാലും അതിനോടൊക്കെ ഗൗരവതരമായി പ്രതികരിച്ചവരുടെ കൂട്ടത്തിൽ പെടുന്നയാളല്ല മാധവിക്കുട്ടി.

ഫെമിനിസത്തോടുള്ള മാധവിക്കുട്ടിയുടെ പ്രതികരണം തന്നെ നോക്കു.അതിനെ ഗൗരവത്തോടെ പഠിച്ചിട്ടില്ല അവർ എന്നു വ്യക്തമാകും.അതേ സമയം മലയാളത്തിലെ പെണ്ണെഴുത്തിൽ ആരും അവരെ മറികടന്നിട്ടില്ല.ഇത്‌ പെണ്ണെഴുത്തുകാർ തന്നെ സമ്മതിച്ചു തരും.അവരുടെ എന്നത്തെയും മാതൃക മാധവിക്കുട്ടിതന്നെയായിരിക്കും.

ആഗോളതലത്തിൽ നടക്കുന്ന രാഷ്ട്രീയമോ ചിന്താപരമോ ആയ സംഭവവികാസങ്ങളോടും ചർച്ചകളോടും അന്വേഷണങ്ങളോടും താൽപര്യം കാണിക്കാത്ത മാധവിക്കുട്ടിയുടെ ഇസ്ലാമിലേക്കുള്ള മതം മാറ്റത്തിന്‌ അതുകൊണ്ടൊക്കെത്തന്നെ ധൈഷണികമോ ദാർശ്ശനികമോ ആയ ഒരു മാനം അവകാശപ്പെടാനാവില്ല. ഉള്ളിൽ അതിരുകളില്ലാത്ത സ്നേഹം തേടി നടന്ന നിഷ്കളങ്കയായ ഒരു സ്ത്രിയുടെ വാർദ്ധക്യകാലത്തുള്ള തികച്ചും ആത്മനിഷ്ഠമാമായ ഉൾവിളി മാത്രമായേ അതിനെ കാണാൻ കഴിയൂ.

റജാഗരോഡിയോ മുഹമ്മദ്‌ അസദോ ഇസ്ലാമിലേക്കു വന്നതുപോലെ ആശയപരമോ പ്രത്യയശാസ്ത്രപരമോ ആയ അന്വേഷണങ്ങളൊന്നും മാധവിക്കുട്ടുയുടെ മതം മാറ്റത്തിനു പിന്നിലില്ല. ഇസ്ലാമിനെ ആഴത്തിൽ മനസ്സിലാക്കിയതിന്റെ ഫലമായി റജാഗരോഡിയും മുഹമ്മദ്‌ അസദും ലോകത്തിനു നൽകിയ ഗ്രന്ഥങ്ങൾ പ്രശസ്തങ്ങളാണല്ലോ.

അതുപോലെ മാധവിക്കുട്ടി താൻ മനസ്സിലാക്കിയ ഇസ്ലാമിനെക്കുറിച്ച്‌ മലയാളികൾക്ക്‌ പ്രൗഢഗംഭീരമല്ലെങ്കിലും ലളിതവും വസ്തു നിഷ്ഠവുമായ ഒരു സമഗ്രപുസ്തകവും തന്നില്ല.ആകപ്പാടെയുള്ളത്‌ അള്ളാഹുവിനോടുള്ള അദമ്യസ്നേഹത്തെക്കുറിച്ചുള്ള കവിതകളും വർത്തമാനങ്ങളും ഇസ്ലാമിന്റെ മേന്മയെക്കുറിച്ചുള്ള ആത്മനിഷ്ഠമായ ചില വൈകാരിക പ്രതികരണങ്ങളും മാത്രമാണ്‌.

അതുകൊണ്ടു തന്നെ മലയാളിയുടെ ചിന്താമണ്ടലത്തിൽ മാധവിക്കുട്ടിയുടെ മതം മാറ്റം ഒരു കോളിളക്കവും ഉണ്ടാക്കിയില്ല. ബൗദ്ധികമായ ഒരു സംവാദവും പ്രദാനം ചെയ്തില്ല.മുസ്ലിമിനോടുള്ള സവർണ്ണപൊതുബോധത്തിന്‌ ഇത്തിരി ആഘാതമേൽപ്പിച്ചു എന്നു മാത്രം.ഇസ്ലാമിനോടുള്ള പലരുടെയും അസഹിഷ്ണുത പുറത്തു ചാടുകയും ചെയ്തു.

ശൈഖ്‌ മുഹമ്മദിന്റെ വീക്ഷണത്തിൽ.

മതം മാറ്റത്തിനു ശേഷം മാധവിക്കുട്ടിയെ പരിചയപ്പെടുകയും അവിടന്നിങ്ങോട്ട്‌ 10 വർഷക്കാലം മാധവിക്കുട്ടിയും കുടുംബവുമായി നിരന്തരസൗഹാർദ്ദം നിലനിർത്തുകയും ചെയ്ത വ്യക്തിയാണ്‌ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്.ആ അടുപ്പമാണ്‌ മാധവിക്കുട്ടിയുടെ മകന്റെ അഭ്യർത്ഥന മാനിച്ച്‌ ഇങ്ങനെ ഒരു പുസ്തകമെഴുതാൻ കാരണമെന്ന് കാരക്കുന്ന് പറയുന്നു.

മാധവിക്കുട്ടിയുടെ വ്യക്തി വൈശിഷ്ട്യങ്ങളുടെ ഒരു മനോഹരചിത്രം ശൈഖ്‌ പുസ്തകത്തിൽ വരച്ചു കാട്ടുന്നുണ്ട്‌. ഉദാരമനോഭാവവും നന്മകളും നിഷ്കളങ്കതയും സഹജീവിസ്നേഹവും ചെറുപ്പം മുതലേ അവരുടെ കൂടെയുണ്ട്‌. സ്നേഹത്തിനു വേണ്ടി ദാഹിച്ചു നടന്ന അവരുടെ ഭൂതകാലം അവരുടെ കൃതികളിലൂടെയും അഭിമുഖങ്ങളിലൂടെയും ഒരോട്ടപ്രദക്ഷിണം നടത്തി ശൈഖ്‌ കാര്യമാത്രപ്രസക്തമായി വരച്ചിട്ടുണ്ട്‌.കമലാസുറയ്യയുടെ ജീവിതം ഹ്രസ്വമായി മനസ്സിലാക്കാനും ഈകൃതി ഒരു പരിധി വരെയെങ്കിലും പര്യാപ്തമാണ്‌.

ഇതൊക്കെയാണെങ്കിലും ഈ കൃതിയിലൂടെ അവരുടെ സമഗ്രമായ ഒരു വ്യക്തിചിത്രം ലഭ്യമല്ല.അത്‌ ലേഖകന്റെ ലക്ഷ്യമല്ല താനും.കമലാസുറയ്യ ഇസ്ലാം സ്വീകരിച്ചതിന്‌ ശേഷം ഇസ്ലാമിലും അല്ലാഹുവിലുമുള്ള അവരുടെ വിശ്വാസം അചഞ്ചലമായിരുന്നു എന്ന് വ്യക്തമാക്കാനാണ്‌ ഗ്രന്ഥ കർത്താവ്‌ ഈകൃതി കൊണ്ട്‌ ലക്ഷ്യമാക്കുന്നത്‌ എന്ന് വ്യക്തം.(അല്ലാഹുവിലൂള്ള അവരുടെ വിശ്വാസം അചഞ്ചലമായിരുന്നു എന്നു തന്നെയാണ്‌ എന്റെയും വിശ്വാസം).

മാത്രമല്ല അവരുടെ മതം മാറ്റവും മതവിശ്വാസവും ഗൗരവമായ പഠനത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായുണ്ടായതാണെന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമവും ഇല്ലാതില്ല.അതിനു മറുപടി ഞാൻ ആമുഖത്തിൽ പറഞ്ഞു കഴിഞ്ഞു.

മാധവിക്കുട്ടി വിശ്വസിച്ച ഇസ്ലാം തങ്ങളടക്കമുള്ളവരുടെ വ്യവസ്ഥാപിത ഇസ്ലാമുമായി യാതൊരു തരത്തിലും വൈരുദ്ധ്യമുള്ളതല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമവും ഗ്രന്ഥകർത്താവ്‌ നടത്തുന്നുണ്ട്‌.

ഇത്തരം കാര്യങ്ങളെ ഈ പുസ്തകം തരുന്ന വിവരങ്ങൾ വെച്ചു തന്നെ പരിശോധിക്കാനാണിവിടെ ശ്രമിക്കുന്നത്‌.ഈ പുസ്തകത്തിന്റെ വൈകാരികതക്കപ്പുറമുള്ള ചില വിചാരശകലങ്ങൾ മാത്രമാണിത്‌.

മതം മാറാനുള്ള കാരണങ്ങൾ

മാധവിക്കുട്ടി കമലാസുറയ്യയായതിനു പിന്നിൽ പല കാരണങ്ങളാണ്‌ പ്രചരിപ്പിക്കപ്പെട്ടത്‌.ജീവിതത്തിലുടനീളം സ്നേഹവും സുരക്ഷതത്വം തേടി നടന്ന അവർ അത്‌ കണ്ടെത്തിയത്‌ ഇസ്ലാമിലായിരുന്നുവെന്നും അതാണ്‌ മതം മാറ്റത്തിനു കാരണമെന്നുമാണ്‌ ഈ പുസ്തകം വിശദീകരിച്ചു തരുന്നത്‌.അതിനോട്‌ പൂർണ്ണമായും വിയോജിക്കേണ്ട കാര്യമില്ല.ഏറെക്കുറെ ശരിതന്നെയാണത്‌. ഒരു സന്ദിഗ്ധത എന്റെ വാക്കുകളിൽ കാണുന്നുണ്ടെങ്കിൽ അതിന്‌ ഈപുസ്തകം തന്നെയാണ്‌.

27 വർഷം മുമ്പ്‌ തന്നെ അവർ മുസ്ലിമാകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന് അവർ തന്നെയും മകനും വളർത്തു പുത്രനും എല്ലാം സക്ഷ്യപ്പെടുത്തുന്നുണ്ട്‌.അതുകൊണ്ടു അത്‌ അവിശ്വസിക്കേണ്ട കാര്യമില്ല.

30 വർഷമായി ഇസ്ലാം അവരുടെ ഉള്ളിലുണ്ടായിരുന്നുവെന്നും ഖുർ-ആനും ഇസ്ലാമിക ദർശ്ശനവുമായി അവർ നിരന്തരം ഇടപഴകിയിരുന്നെന്നും പാറയുമ്പോൾ ചില സംശയങ്ങൾ വന്നുപോകയാണ്‌.
എങ്കിൽ അത്‌ അവരുടെ വീക്ഷണങ്ങളിലും കൃതികളും പ്രകടമാകേണ്ടതായിരുന്നില്ലേ? മൂപ്പത്‌ വർഷത്തിനിടക്ക്‌ അവർ ഉണ്ടാക്കിയ വിവാദങ്ങൾ എന്താണ്‌ നമ്മോട്‌ പറയുന്നത്‌? പൊക്രാനിൽ അണുബോംബ്‌ പൊട്ടിച്ചപ്പോൾ മിഠായി വിതരണം ചെയ്തത്‌ ഇസ്ലാം സ്വീകരിക്കുന്നതിന്‌ അധികകാലം മുമ്പല്ലല്ലോ.ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി എന്റെ അടുത്തു വന്നാൽ ഡെറ്റോൾ സോപ്പ്‌ കൊണ്ട്‌ കഴുകാനേ ഞാൻ പറയൂ എന്ന് പറഞ്ഞതും ഇസ്ലാമാശ്ലേഷത്തിന്‌ തൊട്ട്‌ മുമ്പാണ്‌.

ഇനി നമൂക്ക്‌ ശൈഖിന്റെ പുസ്തകത്തിലേക്കു തന്നെ വരാം.

ശൈഖ്‌ പറയുന്നതിങ്ങനെ:

"അങ്ങനെ തന്റെ കഥാപാത്രങ്ങളെപ്പോലെത്തന്നെ അതിരുകളില്ലാത്ത സ്നേഹം തേടി അലയുകയായിരുന്നു.പക്ഷെ ഫലം തികഞ്ഞ നിരാശയായിരുന്നു.എങ്കിലും അവർ തന്റെ സ്നേഹാന്വേഷണം അവസാനിപ്പിച്ചില്ല.പകരം അതിന്റെ ഗതി മാറ്റുകയായിരുന്നു.അത്‌ ശാരീരികോല്ലാസത്തിൽനിന്ന് ആത്മീയാനുഭൂതികളിലേക്ക്‌ വഴി മാറുകയായിരുന്നു."(പേജ്‌,74)
"അവസാനം ശരീരതൃഷ്ണകൾക്കപ്പുറം കടക്കാനുള്ള തിടുക്കം അവരിൽ പ്രകടമായി"(74)
27 വർഷം മുമ്പ്‌ ഇസ്ലാം സ്വീകരിക്കാൻ തയ്യാറായ മാധവിക്കുട്ടി അതിൽ പിന്നീടും തന്റെ കഥകളിലും ജീവിതത്തിലും ശരീരതൃഷ്ണകൾ തേടി നടന്നുവെന്നാണോ ശൈഖ്‌ പറയുന്നത്‌?തന്റെ സമീപനങ്ങളിൽ മാറ്റം ഉണ്ടാകത്തക്കവിധം ഇസ്ലാം അന്നൊന്നും അവരെ സ്വാധീനിച്ചിട്ടില്ലായിരുന്നു എന്ന് കരുതുന്നതല്ലേ ശരി?

മതം മാറാൻ കാരണം പ്രേമം?വിവാഹവാഗ്ദാനം?

മതം മാറ്റത്തിനു കാരണമായി പ്രചരിച്ച കാരണങ്ങളിൽ സാമ്പത്തികതാൽപര്യമാണെന്നപ്രചാരണം പുസ്തകത്തിൽ പറയുന്നപോലെ അടിസ്ഥാനമില്ല.അതത്ര ആരും വിശ്വസിച്ചിട്ടില്ല.

പിന്നെയുള്ളത്‌ അവരുടെ പല കിറുക്കുകളിലൊന്ന് മാത്രമാണതെന്നതാണ്‌. പിന്നീടുള്ള അവരുടെ അചഞ്ചല വിശ്വാസം ഈ കിറുക്ക്‌ സീരിയസ്സായി മാറിയതാണോ അതോ ആദ്യമേ തന്നെ സീരിയസ്സായിരുന്നോ എന്ന സംശയം അവശേഷിപ്പിക്കുന്നുണ്ട്‌.ഇനിപ്പറയുന്ന കാരണങ്ങളുമായി ഇതിനെ കൂട്ടിവായിക്കാമെന്നതിനാൽ അതിവിടെ നിൽക്കട്ടെ.

ഏതോ ഒരു മുസ്ലിം അവരെ പ്രണയിച്ചെന്നും വിവാഹം പ്രതീക്ഷിച്ചാണ്‌ മതം മാറിയതെന്നുമുള്ള പ്രചാരണമാണ്‌ അടുത്തത്‌.ഇതിനെക്കുറിച്ച്‌ ഈ പുസ്തകത്തിൽ ശൈഖ്‌ സ്വന്തമായി ഒന്നും പറയുന്നില്ല. അവരുടെ മക്കളും ബന്ധുക്കളും പറയുന്നില്ല.എന്നാൽ ഈ പുസ്തകത്തിൽ കൊടുത്ത അവരുടെ ചില സംഭാഷനങ്ങളിൽ നിന്ന് അത്‌ ശരിയാണെന്ന് വിശ്വസിക്കാൻ നാം നിർബന്ധിതരാകുന്നു.

ഉദ്ധരണികൾ ഇതാ."..പ്രേമം വന്നതിൽ ഞാൻ സന്തുഷ്ടയാണ്‌.അതിൽ വഞ്ചിക്കപ്പേട്ടതിൽ അതിലേറെ സന്തുഷ്ടയാ.

അതെന്താ അങ്ങനെ?

ആ കല്യാണം നടന്നീർന്നെങ്കില്‌ ഞാൻ പ്രേമം മാത്രമേ കാണൂ.അല്ലാഹുവിനെ കാണില്ല.ഇപ്പൊ എന്റെ പ്രേമം ഒരു വ്യക്തിയോടല്ല.എല്ലാ വ്യക്തികളോടുമാണ്‌.അല്ലാഹുവിനോടാണ്‌.അതിന്റെ സന്തോഷം എത്രയെന്നറിയോ?അദ്ദേഹം പ്രേമത്തിന്റെ പാത എനിക്കു കാട്ടിത്തന്നു.ഞാൻ ആ പാതയിലൂടെ നടന്ന് എത്തിയത്‌ അദ്ദേഹത്തിന്റെ അടുത്തല്ല.അല്ലാഹുവിന്റെ അട്ത്താണ്‌"(പേജ്‌:118).

"ഞാൻ ഇസ്ലാം മതത്തിലേക്ക്‌ അഭയം തേടി വന്നിരിക്കയാണ്‌.അദ്ര്ശ്ശ്യനായ ഒരു യജമാനന്റെ വാത്സല്യത്തിൽ ഓരോ ശ്വാസോച്ഛ്വാസത്തിലും യാചിച്ചുകൊണ്ട്‌ നമ്ര ശിരസ്കയായി ഞാൻ ഈ അംഗണത്തിൽ നിൽക്കുകയാണ്‌.ശകാരവർഷങ്ങൾ കൊണ്ട്‌ പൊതിഞ്ഞു ജനങ്ങൾ എന്നെ തങ്ങളുടെ അടച്ച പടിവാതിൽക്കൽ നിർത്തി.എത്രയെത്ര് വർഷങ്ങൾ ഞാൻ നനഞ്ഞ കണ്ണുകളോടെ സ്നേഹത്തിനു വേണ്ടി കാത്തു നിന്നു.ഒടുവിൽ പുരുഷന്റെ വാഗ്ദാനങ്ങൾ ജലരേഖകൾ മാത്രമാണെന്ന് മനസ്സിലായിക്കഴിഞ്ഞപ്പോൾ ഞാൻ ദൈവത്തിലേക്ക്‌ തിരിഞ്ഞു.....അനുരാഗ ബന്ധങ്ങളിൽ ചെന്നു ചാടിയിരുന്ന ഈ എഴുത്തുകാരീക്ക്‌ ദൈവത്തോടും ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന് പലരും വിശ്വസിക്കുന്നില്ല.ഓരോ പ്രേമബന്ധവും വെറും റിഹേഴ്സൽ മാത്രമായിരുന്നു.ഇന്ന് കൈ വന്ന ബന്ധം മാത്രമാണ്‌ യാഥാർത്ഥ്യം".(സിറാജ്‌ 1.6.09)/പേജ്‌-80

"പ്രേമം ഇല്ലാതെ എന്ത്‌ ജീവിതം? സ്ത്രീക്ക്‌ എപ്പോഴും കൂട്ട്‌ വേണം.പ്രേമം കിട്ടണം.അതിനു പ്രായമൊന്നും പ്രശ്നമല്ല.അത്‌ ശാരീരികമല്ല. ഞാൻ കല്യാണം കഴിക്കാൻ നടക്കാന്ന് എന്റെ നാട്ടുകാർ പറയും. എന്താ കല്യാണം കഴിച്ചാല്‌? ആളോൾക്ക്‌ ഇഷ്ടാവില്യ.അസൂയയാ.ഈ പെണ്ണൂങ്ങക്കൊക്കെ അസൂയയ്യ.ഈ പ്രായത്തില്‌ കമലയെ പ്രേമിക്കാൻ ആള്‌ണ്ടായല്ലോന്ന്.അല്ലാണ്ടെന്താ."(പേജ്‌,87)

"വൈധവ്യത്തിന്റെ മരവിപ്പും തണുപ്പും കിടക്കുന്ന ഏകാന്തശയ്യയിൽ എനിക്ക്‌ കൂട്ടു വേണം.ഒറ്റക്കിരുന്നു മടുത്തു ഞാൻ.ഉറക്കത്തിനിടയിൽ രാത്രി ഞെട്ടിയുണരുമ്പോൾ എന്റെ കൈകളിലൊന്നു തൊടാൻ എനിക്ക്‌ കൂട്ടുകാരനില്ലാതെ വയ്യ.എന്നെ ഇത്ര കാലവും ആരും നോക്കിയില്ലല്ലോ.ഇസ്ലാമിൽ എനിക്ക്‌ ഒരു പാടുണ്ട്‌.കൂട്ടുകാരും ബന്ധുക്കളും"

ഒരു വിധവ എന്നനിലയിൽ ഹിന്ദുസമുദായം അവർക്ക്‌ നൽകിയിരുന്ന താഴ്‌ന്നപരിഗണന അവരെ വല്ലാതെ അസന്തുഷ്ടയാക്കിയിരുന്നു എന്ന് ഈ പുസ്തകത്തിൽനിന്നും അല്ലാതെയും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്‌. അതിന്റെ കൂടെ പ്രേമിക്കാനും വിവാഹം കഴിക്കാനും വാഗ്ദാനം കിട്ടിയപ്പോഴായിരിക്കും അവർ മതം മാറാൻ തീരുമാനിച്ചത്‌ എന്ന് മേൽ ഉദ്ധരണികളുടെ പശ്ചാത്തലത്തിൽ അനുമാനിക്കുന്നതിൽ തെറ്റു പറയാനാവില്ല.

എന്തു ലക്ഷ്യമാക്കി ഒരാൾ ഇസ്ലാമിലേക്കു വന്നു എന്നത്‌ പ്രശ്നമല്ല. ഇസ്ലാമിൽ വന്നതിനു ശേഷം അവർ ഇസ്ലാമികവിശ്വാസത്തിൽ മ റ്റെല്ലാം മാറന്ന് ആഴ്‌ന്നിറങ്ങി എന്നത്‌ മാത്രം മതി അവരുടെ വിശ്വാത്തിന്റെ സാധുത മനസ്സിലാകാൻ.അവരെ ഒരു നല്ല മുസ്ലിമായിത്തന്നെ വേണം പരിഗണിക്കാൻ.

എന്നാൽ അവരുടെ മതം മാറ്റത്തിന്റെ പേരിൽ ഇല്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കാതിരുന്നാൽ മതി. അത്‌ അവരെ സ്നേഹിക്കുന്ന, ദൈവത്തെയും ഇസ്ലാമിനെയും സ്നേഹിക്കുന്ന ഒരുവന്‌/ഒരുവൾക്ക്‌ ചേർന്നതല്ല.

അവരുടെ വെളിപാട്‌

മാധവിക്കുട്ടിയുടെ മകൻ എം ഡി നാലപ്പാട്‌ പറയുന്നു.
"അമ്മ എന്നെ ഒരു ദിവസം വിളിച്ചു പറഞ്ഞു.'മോനു, ഞാനൊരു വെളിച്ചം കണ്ടു,ഒരു തെളിഞ്ഞ പ്രകാശം.അതെന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു.'നീ എന്റേതാണ്‌,എന്റെ കൂടെ വരണം' എന്നത്‌ എന്നോട്‌ ആജ്ഞാപിച്ചു.ഞാൻ ഇസ്ലാംസ്വീകരിക്കുകയാണ്‌'.ഞാൻ ചോദിച്ചു അമ്മേ ഏതു ഭാഷയിലായിരുന്നു ആ ആജ്ഞ?'അതിനു ഭാഷയുണ്ടായിരുന്നില്ല.അതൊരു ആജ്ഞയായിരുന്നു.അല്ലാഹുവിന്റെ ആജ്ഞ' ഇതായിരുന്നു അമ്മയുടെ വിശദീകരണം"(പേജ്‌,107)

കമലാസുറയ്യ നമുക്ക്‌ പിടി തരുന്നില്ല. മിസ്റ്റിക്‌ തലത്തിലുള്ള ഒരു ആത്മീയതയാണോ അവർ അനുഭവിച്ചത്‌?.ജീവികളോടായാലും മനുഷ്യരോടായാലും പുരുഷനോടായാലും സ്ത്രീയോടായാലും അതിരില്ലാത്ത നിസ്വാർത്ഥമായ പ്രേമം മിസ്റ്റിക്കിന്റെ സ്വഭാവമാണ്‌.ആപ്രേമം ദൈവത്തോടുള്ള പ്രേമം തന്നെയാണ്‌ അവർക്ക്‌. പ്രിയപുരുഷനോടുള്ള പ്രേമലഹരിയിൽ മനസ്സ്‌ ആറാടിനിൽക്കുമ്പോൾ ദൈവം വെളിപാടിലൂടെ പ്രേമത്തിന്റെ യഥാർത്ഥ സ്വരൂപം കാട്ടിക്കൊടുത്തതാണെന്നു വരുമോ?

പിന്നെങ്ങനെ നാം ഈ വെളിപാടിനെ വിശദീകരിക്കും. ജമാ-അത്തുകാരനായ ശൈഖിന്‌ ഇതെങ്ങനെ വിശദീകരിക്കാൻ കഴിയും?അദ്ദേഹം ഇതിനെക്കുറിച്ചൊന്നും പറയുന്നില്ല.(തുടരും)
--------------------------------
അടുത്ത പോസ്റ്റ്‌: മാധവിക്കുട്ടിയുടെ മതം.