2010, ഒക്‌ടോബർ 26, ചൊവ്വാഴ്ച

ജമാ-അത്തിന്റെ തെരഞ്ഞെടുപ്പ് കളികൾ


അങ്ങനെ ജമാ-അത്തെ ഇസ്ലാമിയും ഈ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കി. മൂല്യാധിഷ്ഠിതരാഷ്ട്രീയം കടന്ന് കക്ഷികൾക്കും പക്ഷത്തിനും പിന്തുണ നൽകലുകളും കഴിഞ്ഞ് നേരിട്ട് സ്ഥാനാർത്തികളെ നിർത്തി പക്കാതെരഞ്ഞെടുപ്പുരാഷ്ട്രീയത്തിൽ ജമാ-അത്ത് മുങ്ങിക്കുളിച്ചത് ഇപ്പോഴാണ്.

ജനപക്ഷമുന്നണിയായും ജനകീയവികസനമുന്നണിയായുമൊക്കെ വേഷം മാറി കന്നി പരീക്ഷണത്തിൽ തന്നെ വോട്ടു ബാങ്കു രാഷ്ട്രീയത്തിന്റെ എല്ലാ വഷളൻ തന്ത്ര-കുതന്ത്രങ്ങളും അവരും പയറ്റി. ആദർശം വാക്കിൽ നിന്നുപോലും  നീങ്ങിത്തുടങ്ങിയതിന്റെ ഒരു ഗംഭീരതുടക്കമായി ഇത്. പ്രഖ്യാപിത രാഷ്ട്രീയ നിലപാടൊന്നും തെരഞെടുപ്പിൽ സ്ഥാനാർഥികളായപ്പോഴും പ്രചരണ വോട്ടുപിടുത്തങ്ങളിലും പുലർത്തിയില്ല.

സ്ഥാനാർഥികളെ നിർത്തുമ്പോൾ പരിഗണിച്ചയോഗ്യത പരമാവധി വോട്ട് പിടിക്കാൻ അയാൾക്കുള്ള സാധ്യത നോക്കിയാണ്. ഇത് എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കുന്ന ഒരു തന്ത്രമാണ്. ഇവിടെ ജമാ-അത്തും സാമ്പത്തികം,തറവാട്/കുടുംബ സ്വാധീനങ്ങൾ എന്നിവയൊക്കെ നോക്കിയാണ് പലയിടത്തും സ്ഥാനാർഥികളെ നിർത്തിയത്. പലയിടത്തും നോമിനേഷൻ കൊടുത്തശേഷം പിൻ വലിക്കുന്ന തിയതിക്ക് മുമ്പായി മറ്റ് സ്ഥാനാർഥികളെ സമീപിച്ച് പലസമ്മർദ്ദങ്ങളിലൂടെയും തങ്ങളുടെ സ്വാധീനത്തെക്കുറിച്ചും മറ്റും അവകാശവാദങ്ങൾ നടത്തിയും പത്രിക പിന്വലിപ്പിക്കാൻ ശ്രമം നടത്തി. ഇന്ന വാർഡിൽ ഞങ്ങളെ പിന്തുണച്ചാൽ ഇന്ന വാർഡിൽ ഞങ്ങൾ പിന്തുണക്കാം തുടങ്ങിയ തരത്തിൽ വോട്ട് ചുളുവിൽ കൂടുതൽ വാങ്ങാനും ജയിക്കാനുമുള്ള പക്കാ തെരഞ്ഞെടുപ്പു കളികൾ ജമാ-അത്തുകാർ പലയിടത്തും നടത്തി. ഇവിടെയൊന്നും ഇരു മുന്നണികളുടെയും തെറ്റായ വികസനനയങ്ങൾക്കെതിരാണ് തങ്ങളെന്ന ജമാ-അത്ത്മുന്നണിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് അവർ പോലും ഒരു വിലകല്പിച്ചില്ല.

പ്രധാനമായും മുസ്ലിം ലീഗിനെ തോല്പിക്കാൻ ഇടതുപക്ഷത്തിനെ സഹായിച്ച് തങ്ങളും നിർണ്ണായക ശക്തിയാണെന്ന് കാണിച്ചുകൊടുക്കാൻ വേണ്ടിയുള്ള തെരഞ്ഞെടുപ്പ് തന്ത്രമാണ് മലപ്പുറം ജില്ലയിൽ മിക്ക സ്ഥലങ്ങളിലും ജമാ-അത്ത് സ്വീകരിച്ചത്. ഇവിടെ ഇടതുപക്ഷത്തിനോ ജമാ-അത്തിനോ പ്രഖ്യാപിത നിലപാടുകൾ പ്രശ്നമേ ആയില്ല. ചില സ്ഥലങ്ങളിൽ കോൺഗ്രസ്സ് സ്ഥാനാർഥികളെയും പിന്തുണച്ചിട്ടുണ്ടത്രെ.

ലീഗ് വിരുദ്ധ സ്ഥാനാർഥികൾക്ക് എന്ത് യോഗ്യതയാണോ ഉള്ളത് ആ യോഗ്യത/മാനദണ്ഡം അനുസരിച്ച് ഒറ്റ ലീഗ് സ്ഥാനാർഥിയും ഇല്ലാത്ത പോലെയാണ്
ജമാ-അത്ത് നിലപാടെടുത്തത്. ഇവിടെ പരമാവധി ലീഗ് വിരുദ്ധ വോട്ടുകൾ തങ്ങളുടെ പെട്ടിയിലാക്കി തങ്ങളുടെ സ്വാധീനശക്തി ഇരു മുന്നണികൾക്കും കാണിച്ചു കൊടുക്കുക എന്നതാണ് അവരുടെ അജണ്ട.

കിനാലൂരും ഇടതുവികസനവൈകല്യവുമെല്ലാം മറന്ന് ഇടതുപക്ഷവുമായി പരമാവധി അടുക്കാൻ ജമാ-അത്ത് ശ്രമിച്ചത്  കണ്ടു.പ്രദേശിക ഇടതു നേതൃത്വങ്ങളുടെ ദൌർബല്യങ്ങളും ആശങ്കകളും വനിതാസ്ഥാനാർഥികളെ കിട്ടാത്ത സ്ഥിതിയുമൊക്കെ ജമാ-അത്ത് പലയിടത്തും മുതലെടുത്തു. പ്രാദേശിക ഇടതുനേതൃത്വത്തെ സ്വാധീനിച്ച് പല വാർഡുകളും തങ്ങൾക്ക് വിട്ടുതരാൻ ആവശ്യപ്പെട്ടു.പലതും കിട്ടുകയും ചെയ്തു.

ജമാ-അത്ത് തട്ടിക്കൂട്ടിയ മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാംസ്കാരിക,സാമൂഹിക,പരിസ്ഥിതി പ്രവർത്തകർ ഒപ്പിട്ട അഭ്യർഥന ജമാ-അത്തുകാർ വോട്ടർമാർക്ക് വിതരണം ചെയ്തിരുന്നു. അതിൽ ഇടതു വലതു മുന്നണികളുടെ തെറ്റായ നയങ്ങൾക്കെതിരെ ജനപക്ഷനിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയബദൽ ആയാണ് ജമാ-അത്തു മുന്നണിയെ പരിചയപ്പെടുത്തുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയപ്പോൾ നിസ്സാര വോട്ടുകൾ പോലും നിർണ്ണായകമായ പഞ്ചായത്തു തെരഞ്ഞെടുപ്പിൽ ഇരുമുന്നണികളോടും വോട്ട് കാണിച്ച് വിലപേശി സീറ്റ് തരപ്പെടുത്താനും പിന്തുണ നേടാനും നടത്തിയ തത്വദീക്ഷയില്ലാത്ത കളികളാണ് കാണാൻ കഴിഞ്ഞത്. ബദൽ രാഷ്ട്രീയമെല്ലാം വോട്ട് കൂട്ടാനുള്ള തത്രപ്പാടിൽ ബലികഴിക്കപ്പെട്ടു.ഇതൊക്കെയുണ്ടോ ഒപ്പിട്ടവർ അറിയുന്നു,അന്വേഷിക്കുന്നു!

അടുത്തപോസ്റ്റിൽ

മാധ്യമം പത്രത്തിൽ കുറച്ചു മുമ്പുവരെ സാമ്പത്തികകാര്യ ലേഖനങ്ങൾ എഴുതിയിരുന്ന പി ജെ ജെയിംസ് ജനശക്തിയിലും റെഡ് സ്റ്റാർ മാസികയിലും ഇസ്ലാമിക ഫൈനാൻസിനെ കുറിച്ചെഴുതിയ വിശദമായ പഠനത്തിലെ വിമർശനങ്ങൾ അടുത്ത പോസ്റ്റിൽ ചുരുക്കി അവലോകനം ചെയ്യാം.ജമാ-അത്തുകാരുടെയും സകല ഇസ്ലാമിക സാമ്പത്തിക ബദൽ വാദക്കാരുടെയും പൂച്ച് പുറത്തുചാടിക്കുന്ന ലേഖനമാണത്.(red star,may2010,issue 5,(address) Red Star,R-S,prathap market,Jangpura-B,New Delhi-110014,email:redstarenglish@yahoo.co.in).
ജനശക്തി മാസികയുടെ ജൂൺ,ജൂലൈ ലക്കങ്ങളിലാണെന്നു തോന്നുന്നു ഈ ലേഖനമുള്ളത്.

റെഡ് സ്റ്റാറിൽ ഇങ്ങനെ ഒരു ലേഖനമുള്ളത് യാദൃശ്ചികമായാണ് അറിയാൻ കഴിഞ്ഞത്. ലേഖനത്തിലെ ഉള്ളടക്കം അടുത്തപോസ്റ്റിൽ വായനക്കാരുമായി പങ്കു വെക്കാം

ഇതു കൂടി വായിക്കുക


2010, ഒക്‌ടോബർ 17, ഞായറാഴ്‌ച

ഇസ്ലാമിക ബാങ്കിംഗ് വിമർശ്ശിക്കപ്പെടുന്നു

ജമാ‍-അത്തെ ഇസ്ലാമിയുടെ കീഴിലുള്ള ശാന്തപുരത്തെ അൽ ജാമിയ അൽ ഇസ്ലാമിയ യൂണിവേഴ്സിറ്റിയും ജിദ്ദ ആസ്ഥാനമാക്കിയുള്ള ഇസ്ലാമിക് ഡവലപ്‌മെന്റ് ബാങ്കും(IDBI) ചേർന്ന് കൊച്ചിയിൽ ഒക്ടോബർ 4 മുതൽ ആറുവരെ ഒരു അന്തർദേശീയ ഇസ്ലാമിക സാമ്പത്തിക സെമിനാർ നടത്തിയല്ലോ.

അതിന്റെ വിശദാംശങ്ങൾ അറിവായിട്ടില്ല.അതേസമയം ലഭ്യമായ വിവരങ്ങൾ വെച്ചു കൊണ്ട് ഈ സെമിനാറിനെയും ഇസ്ലാമിക ബാങ്കിംഗിനെയും കുറിച്ച് ചില സന്ദേഹങ്ങൾ പങ്കുവെക്കുകകയാണിവിടെ.ഇസ്ലാമിക ബാങ്കിംഗ് അടക്കമുള്ള ഇന്നത്തെ ഇസ്ലാമിക ധനകാര്യസ്ഥാപനങ്ങളെയും അതിന്റെ പ്രവർത്തന രീതിയേയും സാമ്പത്തിക ശാസ്ത്ര ഉൾക്കാഴ്ചയോടെ  ഒരു വിലയിരുത്തൽ കാര്യമായി കേരളത്തിൽ അതിനു പ്രാപ്തിയുള്ളവർ നടത്തേണ്ടതായിട്ടുണ്ട്.

ഇതിനകം വന്ന ചില വിമർശനങ്ങളെ പരിചയപ്പെടുത്താൻ അടുത്ത പോസ്റ്റുകളിൽ ശ്രമിക്കാം.ഒരാമുഖമെന്ന നിലക്ക് ചില കാര്യങ്ങൾ/സന്ദേഹങ്ങൾ മാത്രമാണിവിടെ പങ്കുവെക്കുന്നത്.

മുതലാളിത്ത സമ്പദ് വ്യവസ്ഥ പലിശയിൽ അധിഷ്ഠിതമാണെന്നും അതിന്റെ ചൂഷണാത്മക സ്വഭാവത്തിന്റെ പ്രധാന കാരണം അതാണെന്നും.ഇസ്ലാമിക സാമ്പത്തിക വിദഗ്ധർ പറയുന്നു.രാജ്യങ്ങൾ കടക്കെണിയിലാകുന്നതിന്റെ കാരണം പലിശയാണ് എന്നും പറയുന്നു.ഐ എം എഫിന്റെയും ലോകബാങ്കിന്റെയും കടം പറ്റി കേണിയിലാകുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ കാര്യം എടുത്തുകാട്ടുന്നു.

ഇന്ത്യയിൽ ഇസ്ലാമിക ബാങ്ക് തുടങ്ങാനുള്ള ആലോചന കോടതിയുടെയും ഹിന്ദു വർഗീയവാദത്തിന്റെയും വിമർശനം ക്ഷണിച്ചു വരുത്തി.അവസാനം അതിനായി കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച കമ്മിറ്റി അതിനുള്ള നിയമതടസ്സം ചൂണ്ടിക്കാട്ടി ഇന്ത്യയിൽ അത് സാധ്യമല്ല എന്ന് വ്യക്തമാക്കുകയുണ്ടായി.അതിന്റെ പശ്ചാത്തലത്തിൽ കൂടിയാകണം ജമാ-അത്തെ ഇസ്ലാമി ഒരു പൊതുജനാഭിപ്രായം സ്വരൂപിക്കുന്നതിന്റെ ഭാഗമായി ഇത്തരം സെമിനാർ സംഘടിപ്പിച്ചത് എന്നു കരുതാം.

ഏതായാലും ലോകത്ത് പലരാജ്യങ്ങളിലും ഇസ്ലാമിക ബാങ്കുകളും ഇൻഷുരൻസ് സ്ഥാപനങ്ങളും ഉത്പന്നങ്ങളും വേരോടാൻ ശ്രമിക്കുന്നുണ്ട്.നവലിബറലിസത്തിനും ആഗോളീകരണത്തിനും എതിരെ നിരന്തരം പ്രസംഗിക്കുകയും ചില സമരങ്ങൾ നടത്തുകയും ചെയ്യുന്ന ജമാ-അത്തെ ഇസ്ലാമിയുടെ വീക്ഷണ പ്രകാരം ഇസ്ലാമിക ബാങ്കിംഗും ഇതിനൊക്കെ എതിരാണ്.

എന്നാൽ 90 കളിൽ ഉദാരവൽക്കരണം തുടങ്ങിയ കാലം മുതൽക്കേ ജമാ-അത്തുകാർ ഇസ്ലാമിക് ഫൈനാൻസിംഗിനു വേണ്ടി കാമ്പൈൻ നടത്തി വരുന്നുണ്ട്.അന്നു തന്നെ ഇവർ പറയുന്നത് ഡോ.മന്മോഹൻസിംഗ് അടക്കമുള്ള സാമ്പത്തിക വിദഗ്ധർ ഇതിനനുകൂലമാണ് എന്നാണ്.വിചിത്രം തന്നെ.

ലോകബാങ്കിന്റെയും ഐ എം എഫിന്റെയും വിദഗ്ധർ ഇസ്ലാമിക് ബാങ്കിംഗിന്റെ മേന്മകളെ പ്രകീർത്തിക്കുന്നു എന്ന് അവർ അവകാശപ്പെടാറുണ്ട്.നിരവധി സാമ്രാജ്യത്ത ബഹുരാഷ്ട്ര ബാങ്കുകൾക്കിന്ന് ‘ഇസ്ലാമികജാലകങ്ങൾ’ ഉണ്ട്.എന്തിന് സാമ്രാജ്യത്ത സമ്പദ് വ്യവസ്ഥയുടെ ഭാഗമായിരിക്കുന്നവരും അതിനെ നിരന്തരം പരിപോഷിപ്പിക്കുന്നവരുമായ മുതലാളിത്ത,ഫ്യൂഡൽ അറബ് മുസ്ലിം ഭരണകൂടങ്ങളാണ് ഈ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ നടപ്പിലാക്കുന്നർ എന്നത് തന്നെ ഇതിന്റെ മേൽ സംശയത്തിന്റെ കരിനിഴൽ വീഴ്ത്തിന്നുണ്ട്.

ജമാ-അത്തെ ഇസ്ലാമി അന്തർ ദേശീയ സ്ഥാപനവുമായി ചേർന്ന് അവരുടെ സാമ്പത്തിക ചെലവിൽ നടത്തുന്ന ഇത്തരം മതപ്രചരണ പരിപാടികളിൽ വലിയ ഒരു പരിപാടിയാണ് ഇത്.ഇത് വിദേശ ഫണ്ടിൽ ഉൾപ്പെടുമോ എന്നപ്രശ്നം വായനക്കാർക്ക് വിടുന്നു.

സെമിനാറിന്റെ ഉദ്ദേശ്യം.

സെമിനാറിൽ പങ്കെടുക്കാൻ അമേരിക്കയിൽ നിന്നും വന്ന ഡോ.മുദസ്സിർ സിദ്ദീഖിന്റെ വാർത്താസമ്മേളനത്തിന്റെ വാർത്ത ഒക്ടോബർ 6 ന്റെ മാധ്യമത്തിൽ ഉണ്ട്.ഇന്ത്യയിൽ ഇസ്ലാമിക ബാങ്കിംഗ് തുടങ്ങിയാൽ പശ്ചിമേഷ്യൻ ദേശത്തു നിന്ന് വൻ നിക്ഷേപം വരുമെന്ന് അദ്ദേഹം  പറയുന്നു. അമേരീക്ക,ഫ്രാൻസ്,ഇംഗ്ലണ്ട്,ഹോങ്കോങ്ങ് എന്നിവിടങ്ങളിൽ ഇത് വിജയിച്ചുട്ടെന്നും പറയുന്നു.ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൈൽ ഇസ്ലാമിക ധനവിനിമയ മാർഗങ്ങൾക്ക് അനുകൂല്ലമായ അഭിപ്രായം ഉണ്ടാക്കിയെടുക്കലാണ് ഈ സെമിനാർ ലക്ഷ്യമാക്കുന്നതെന്നും മനസ്സിലാകുന്നു.ഇതിനായി നയരൂപവത്കരണ വ്യക്തിത്വങ്ങൾ,സാമ്പത്തിക വിദഗ്ധർ,നിക്ഷേപകർ തുടങ്ങിയവർക്കിടയിൽ ബോധവൽക്കരണവും സെമിനാറിന്റെ ലക്ഷ്യമാണത്രെ.നിയമതടസ്സം നിങ്ങാൻ കേന്ദ്ര മന്ത്രി പ്രണബ് മുഖർജി,റിസർവ് ബാങ്ക് അധിക്ര്തർ എന്നിവരെയും കാണുന്നുണ്ടത്രെ.

ബാങ്കിംഗ് മേഖലയുടെ സമഗ്രവളർച്ചക്ക് ഇന്ത്യയിൽ പലിശരഹിത സാമ്പത്തിക രീതി നടപ്പാക്കണമെന്ന് ഡോ.രഘുറാം രാജൻ അധ്യക്ഷനായ സമിതി ശുപാർശ ചെയ്തിട്ടുണ്ട് എന്ന് വാർത്തയിൽ പറയുന്നു.ഇന്ത്യയിൽ കേന്ദ്ര സർക്കാർ നിയമിക്കുന്ന ബാങ്കിംഗ് പരിഷ്കരണം സംബന്ധിച്ച എല്ലാ കമ്മിറ്റികളും ആഗോളീകരണ നയങ്ങൾക്കനുകൂലമായ ശിപാർശകളാണ് മുന്നോട്ടു വെക്കാറുള്ളത് . ഇതും അങ്ങനെയൊക്കെത്തന്നെയാണെന്നു കരുതാനേ ന്യായമുള്ളൂ.ഇതിൽ പറയുന്ന കൺസൾട്ടൻസികളുടെ സ്വഭാവവും അന്വേഷിക്കേണ്ടതുണ്ട്.
ഏതായാലും ഇസ്ലാമിക സാമ്പത്തികത്തെക്കുറിച്ചും ലോകമെങ്ങുമുള്ള അതിന്റെ പ്രവർത്തനരീതിയെക്കുറിച്ചും സ്ഥാപനങ്ങളെക്കുറിച്ചും സാമ്പത്തിക വിദഗ്ധർ ഒരു പഠനം അടിയന്തിരമായി നടത്തേണ്ടതുണ്ട്.അന്തർ ദേശീയമൂലധനത്തെ ആകർഷിക്കാനുള്ള ഒന്നാം തരം മാർഗം എന്ന നിലയിലാണ് ഇപ്പോൽ ഇവിടെ ഇത് അവതരിപ്പിക്കുന്നത്.സാധാരണക്കാർക്ക് പലിശയില്ലാത്ത വായ്പ കിട്ടുമെന്ന പ്രതീക്ഷ നിലനിർത്തുന്നുണ്ടെങ്കിലും വങ്കിട ലാഭം ലക്ഷ്യമാക്കുന്ന വരാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കളെന്നു തോന്നുന്നു.ചാരിറ്റി പ്രവർത്തനങ്ങളിലൂടെ പാവങ്ങളെ സഹായിക്കുന്നു എന്ന് മാത്രം.ഇതിലെ പല സ്കീമുകളെക്കുറിച്ചും മതവിശ്വാസികൾക്കിടയിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ ഉണ്ട്.ബാങ്കുകളുടെ സ്ഥാനം കുറയുകയും ബാങ്കുകൾ പരമ്പരാഗതസേവനങ്ങൾ വെടിഞ്ഞ് ഷെയർ ബിസിനസ്സിലേക്ക് തിരിയുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്ലാമിക ബാങ്കുകൾക്ക് പ്രാധാന്യം കിട്ടുന്നതായിരിക്കാം.ഇസ്ലാമിക ബാങ്കുകളും ഷെയർ ബിസിനസ് ആണല്ലോ നടത്തുന്നത്.

ഇസ്ലാം നിരോധിച്ച പലിശയിൽ നിന്ന് സാങ്കേതികമായി രക്ഷപ്പെടുന്നതിനപ്പുറം മുതലാളിത്ത ധനവിനിമയത്തിന്റെയും ബിസ്നസിന്റെയും ഉത്പാദനത്തിന്റെയും ചൂഷണത്തെ ഇവ ചെറുക്കാൻ പോകുന്നില്ല എന്നും ഫലത്തിൽ അതിനെ അരകിട്ടുറപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ എന്ന വിമർശനം ഉയർത്തുന്നവരുണ്ട്.

ലോകത്തെ വലിയ ഇസ്ലാമിക സാമ്പത്തിക വിദഗ്ധനായി ജമാ-അത്തുകാർ കോണ്ടാടുന്ന മലേഷ്യയിലെ അൻ വർ ഇബ്രാഹിം ആഗോളീകരണത്തെ ശക്തമായി പിന്തുണക്കുന്ന ആളാണ്.മഹാതീർ മുഹമ്മദ് അദ്ദേഹത്തെ ജയിലിലടച്ചപ്പോൾ അന്നത്തെ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടരി മെഡലിൻ ആൾബ്രൈറ്റ് അദ്ദേഹത്തിന്റെ ഭാര്യയെ കണ്ടു തങ്ങളുടെ പിന്തുണ നൽകി.

ഇതിനൊരു കാരണമുണ്ട്.ഏഷ്യൻ കടുവകളിലൊന്നായി ആഗോളീകരണവക്താക്കൾ മലേഷ്യയെ കൊണ്ടാടിയിരുന്നല്ലോ.പക്ഷേ മലേഷ്യ പൊടുന്നനെ സാമ്പത്തിക പ്രതിസന്ധി നേരിട്ടു.അന്ന് അവിടത്തെ സാമ്പത്തികമന്ത്രി അൻ വർ ഇബ്രാഹിം ആയിരുന്നു.പ്രതിസന്ധി പരിഹരിക്കാൻ ഐ എം എഫ് ഒരു പാക്കേജ് വെച്ചു.അതിന്റെ ശക്തനായ പിന്തുണക്കാരനായിരുന്നു അൻ വർ.എന്നാൽ മഹാതീർ അതിനെ എതിർത്തു.

ഇപ്പോഴും ഇസ്ലാമിക സാമ്പത്തികത്തിന്റെ കേന്ദ്രങ്ങളിലൊന്നു മലേഷ്യയാണ്.മഹാതീറും അതിന്റെ ഭാഗമാണ്.ആഗോളീകരണശക്തികൾ ഇസ്ലാമിക ബാങ്കിംഗിനെ വിമർശിക്കുകയോ തകർക്കുകയോ ഒന്നും ചെയ്യുന്നില്ല.പകരം അതിനെ പരമാവധി പ്രോത്സാഹിപ്പിക്കുകയും പിന്തുണക്കുകയുമാണ് ചെയ്യുന്നത്.അഭിനവ പൌരോഹിത്യം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇതിലൂടെ ഒരു പക്ഷെ  നന്നായി മനസ്സിലാക്കാൻ കഴിഞ്ഞേക്കും.

അടുത്തപോസ്റ്റിൽ

മാധ്യമം പത്രത്തിൽ കുറച്ചു മുമ്പുവരെ സാമ്പത്തികകാര്യ ലേഖനങ്ങൾ എഴുതിയിരുന്ന പി ജെ ജെയിംസ് ജനശക്തിയിലും റെഡ് സ്റ്റാർ മാസികയിലും ഇസ്ലാമിക ഫൈനാൻസിനെ കുറിച്ചെഴുതിയ വിശദമായ പഠനത്തിലെ വിമർശനങ്ങൾ അടുത്ത പോസ്റ്റിൽ ചുരുക്കി അവലോകനം ചെയ്യാം.ജമാ-അത്തുകാരുടെയും സകല ഇസ്ലാമിക സാമ്പത്തിക ബദൽ വാദക്കാരുടെയും പൂച്ച് പുറത്തുചാടിക്കുന്ന ലേഖനമാണത്.(red star,may2010,issue 5,(address) Red Star,R-S,prathap market,Jangpura-B,New Delhi-110014,email:restarenglish@yahoo.co.in).
ജനശക്തി മാസികയുടെ ജൂൺ,ജൂലൈ ലക്കങ്ങളിലാണെന്നു തോന്നുന്നു ഈ ലേഖനമുള്ളത്.

റെഡ് സ്റ്റാറിൽ ഇങ്ങനെ ഒരു ലേഖനമുള്ളത് യാദൃശ്ചികമായാണ് അറിയാൻ കഴിഞ്ഞത്. ലേഖനത്തിലെ ഉള്ളടക്കം അടുത്തപോസ്റ്റിൽ വായനക്കാരുമായി പങ്കു വെക്കാം.