2009, ഏപ്രിൽ 29, ബുധനാഴ്‌ച

ജമാത്തെ ഇസ്ലാമിയും പൊതു തിരഞ്ഞെടുപ്പ്‌2009ഉം

കേരളത്തിൽ 20 ൽ 18 സീറ്റിൽ എൽഡി എഫിനും 2 സീറ്റിൽ യുഡി എഫിനും വോട്ടു ചെയ്യാൻ ജമാ-അത്ത്‌ തീരുമാനിച്ചു.കേരള അമീർ ടി ആരിഫലിയുമായുള്ള അഭിമുഖം വായിക്കുക.(മാധ്യമം09ഏപ്രിൽ3,പ്രബോധനംഏപ്രിൽ11)
ന്യായങ്ങൾ.. വാദങ്ങൾ
1-ഇന്നത്തെ ദേശീയ സാഹചര്യത്തിൽ ഒരു സമ്മർദ്ദ ശക്തിയായി ഇടതു പക്ഷത്തിന്റെ സാന്നിധ്യം പാർലമന്റിൽ അനിവാര്യമാണു.
2-ബി ജെപി നേതൃത്വം നൽകുന്ന എൻഡി എയും കോൺഗ്രസ്‌ നേതൃത്വം നൽകുന്ന യുപി എയും നേരിട്ടു മത്സരിക്കുന്ന ഇടങ്ങളിൽ മാത്രമേ യു പി എക്ക്‌ വോട്ടു ചെയ്യുകയുള്ളൂ.
3-കേരളത്തിൽ 2 സീറ്റിൽ യുഡി എഫിനു വോട്ടു ചെയ്യാൻ കാരണം ആ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ കരുത്തുറ്റ മുസ്ലിം സ്ഥാനാർത്ഥികൾ (വയനാട്‌- എം ഐ ഷാനവാസ്‌/കോൺഗ്രസ്‌, പൊന്നാനിയിൽ ഇടി മുഹമ്മദ്‌ ബഷീർ/മുസ്ലിം ലീഗ്‌)ആയതു കൊണ്ടാണു
4-കോൺഗ്രസ്സിൽ നില നിൽക്കണമെങ്കിൽ മതത്തെയും മത സംഘടനകളെയും തള്ളിപ്പറയണമെന്ന സ്ഥിതിയാണുള്ളതെന്നും (ആര്യാടനെയാണു ഉദ്ദേശിക്കുന്നതെന്നു വ്യക്തം)അതിനെതിരെ നിൽക്കുന്ന ധാരയുടെ പ്രതിനിധിയായതു കൊണ്ടു കൂടിയാണു ഷാനവാസിനു വോട്ടു നൽകുന്നത്‌.
5-പൊന്നാനിയിലെ ഇടതു സ്വതന്ത്രൻ സാമ്രാജ്യത്ത വിരുദ്ധ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നില്ല.
6-മുസ്ലിം സമുദായത്തിലെ ശൈഥില്യങ്ങളിൽ നിന്നു മുതലെടുക്കാനാണു സി പി എം ശ്രമിക്കുന്നത്‌.സുന്നികൾതമ്മിലുള്ള ഭിന്നതയുടെ ആഴം കൂടുകയേ ഉള്ളു.അതിലുള്ള വിയോജിപ്പു കൊണ്ടു കൂടിയാണു പൊന്നാനിയിൽ ഹുസൈൻ രണ്ടത്താണിക്കു വോട്ടു ചെയ്യാത്തത്‌.
വിശകലനം
ആണവകരാറിനെതിരെയും ഇസ്രയേൽ അനുകൂല വിദേശനയത്തിനെതിരെയും ഫാസിസത്തിനെതിരെയും തത്വാധിഷ്ഠിതവും ഉറച്ചതുമായ നിലപാടെടുക്കുന്നുവേന്ന് പറയുന്ന ഇടതു പക്ഷത്തെ ശക്തിപ്പെടുത്തുക എന്നതാണല്ലോ ജമാ-അത്തിന്റെ പൊതു നിലപാട്‌.ഇതിന്റെ അടിസ്ഥാനത്തിലാണു കേരളത്തിൽ 18 സീറ്റിൽ ഇടതുപക്ഷത്തിനു വോട്ടു ചെയ്തത്‌.ഈ പൊതു നിലപാടിനു വിരുദ്ധമായിപൊന്നാനിയിലും വയനാടും യുഡി എഫിനു വോട്ടു ചെയ്തതിന്റെ സാംഗത്യം, യുക്തിയെന്ത്‌? ഇത്‌ ന്യായീകരണം അർഹിക്കുന്നുണ്ടോ?.
ഷാനവാസും ബഷീറും കരുത്തുറ്റ മുസ്ലിം സ്ഥാനർത്ഥികളും അവരുടെ എതിർ സ്ഥാനാർത്ഥികളായ റഹ്മത്തുള്ളയും ഹുസൈൻ രണ്ടത്താണിയും കരുത്തറ്റ മുസ്ലിം സ്ഥാനാർത്ഥികളും ആണെന്നണോ ജമാ-അത്ത്‌ പറയുന്നത്‌? ഷാനവാസ്‌ യുപി എയുടെ ആണവ കരാർ,ഇസ്രയേൽ അനുകൂല വിദേശ നയം,മൃദു ഹിന്ദുത്വം തുടങ്ങി എല്ലാത്തിനെയും പൈന്തുണക്കുന്ന ഒന്നാം തരം കോൺഗ്രസ്സുകാരനാണു.അപ്പോൾ ഷാനവാസ്‌ എങ്ങനെയാണു ശക്തനായ മുസ്ലിം സ്ഥാനാർത്ഥിയാകുന്നത്‌?
ബഷീർ ആണവകരാറിനെതിരെയും ഇസ്രായേൽ അനുകൂലനയത്തിനെതിരെയും ഉറച്ച നിലപാടെടുക്കുമെന്ന് വോട്ടർമാരോട്‌ തുറന്നു പറഞ്ഞിട്ടുണ്ടോ?അങ്ങനെ ഒരു വാഗ്‌ ദാനം എന്തു കൊണ്ട്‌ അദ്ദേഹം നൽകിയില്ല?ഇവരുടെ എതിർസ്ഥാനാർത്ഥികൾ ഈ കാര്യങ്ങളിൽ ഉറച്ച നിലപാടുള്ളവരാണല്ലോ. ഇങ്ങനെയൊക്കെയായിട്ടും അവർ കരുത്തുറ്റ മുസ്ലിം സ്ഥാനാർത്ഥികളാണെങ്കിൽ ഹാമിദ്‌ കർസായിയും ഹുസ്നി മുബാറക്കുമെല്ലാം ശക്തരായ മുസ്ലിം നേതാക്കളാണെന്നു പറയേണ്ടി വരും.
ബഷീർ എങ്ങനെയാണു ജമാ-അത്തിനു കരുത്തുറ്റ മുസ്ലിം സ്ഥനാർത്ഥിയാവുക? കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പിൽ ജമാ-അത്തു തന്നെ വോട്ടു ചെയ്തു തോൽപിച്ച ആളാണല്ലോ ബഷീർ.എം എൽ എ ആകാൻ പോലും യോഗ്യനല്ലെന്നു കണ്ടാണല്ലോ ജമാ-അത്ത്‌ അന്ന് ബഷീറിനെ തോൽപിച്ചത്‌. രണ്ടു കൊല്ലംകൊണ്ട്‌ എം പി ആകാൻ യോഗ്യനാക്കാൻ എന്തു പരിശീലനമാണു ജമാ-അത്ത്‌ ബഷീറിനു നൽകിയത്‌? എപി സുന്നിക്കാരനായ ഹുസൈൻ രണ്ടത്താണി എം പി ആകുന്നതിലുള്ള കെറുവല്ലാതെ മറ്റൊന്നും ഇവിടെ കാണാൻ കഴിയില്ല. രണ്ടത്താണിക്ക്‌ വോട്ടു ചെയ്യാതിരിക്കാൻ പറയുന്ന ന്യായങ്ങൾ ജമാ-അത്തിനെ സംബന്ധിച്ചേടത്തോളം നിലനിൽക്കത്തക്കതല്ല.ഇവിടെ ജമാ-അത്തിന്റെ സങ്കുചിത മനോഭാവമാണു പ്രകടമാകുന്നത്‌. യുഡി എഫിൽ മന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ്‌ നയങ്ങൾ അപ്പാടെ നടപ്പാക്കിയപോലെ മാത്രമല്ലേ ബഷീറിൽ നിന്നു പ്രതീക്ഷിക്കേണ്ടതുള്ളൂ. ബാബരിമസ്ജിദ്‌ തകർക്കപ്പെട്ടപ്പോൾ കുഞ്ഞാലിക്കുട്ടിക്കൊപ്പം അധികാരത്തിൽ കടിച്ചു തൂങ്ങി നിന്ന ആളാണല്ലോ ബഷീറും.
ഇനി സിപി എമ്മിന്റെ ഭിന്നിപ്പിക്കൽ നയത്തോടുള്ള വിയോജിപ്പാണു രണ്ടത്താണിക്ക്‌ വോട്ടു ചെയ്യാതിരിക്കാൻ കാരണം എന്ന ന്യായം എടുത്താലോ. അവിടെയും ജമാ-അത്തിനു തെളിയാൻ കഴിയില്ല.മുസ്ലിം ലീഗിനെ പിളർത്തി ഐ എൻ എൽ ഉണ്ടാക്കുന്നതിൽ മാധ്യമവും ജമാ-അത്തും വഹിച്ച പങ്ക്‌ ഏവർക്കും അറിയാവുന്നതാണു.മ-അദനി ഐ എസ്‌ എസ്‌ ഉണ്ടാക്കിയപ്പോഴും പിന്നെ പിഡിപി ഉണ്ടാക്കിയപ്പോഴും മാധ്യമത്തിന്റെയും ജമാ-അത്തിന്റെയും പങ്ക്‌ നാം കണ്ടതാണു.എപി- ഇകെ സുന്നി തർക്കം മാധ്യമവും ജമാ-അത്തും നന്നായി ആഘോഷിച്ചിട്ടുണ്ടല്ലോ.മുജാഹിദിലെ പിളർപ്പും ഇതു പോലെ അവസരമാക്കി ഉപയോഗിച്ചിട്ടുണ്ട്‌. ഹുസൈൻ രണ്ടത്താണി സാമ്രാജ്യത്ത വിരുദ്ധ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്നില്ലത്രെ.സാമ്രാജ്യത്തത്തിനെതിരെ ജമാ-അത്തും സോളിഡാരിറ്റിയും മാത്രമല്ല എപി സുന്നിക്കാരും എസ്‌ എസ്‌ എഫും ക്യാമ്പയിനുകൾനടത്താറുണ്ടല്ലോ.ഈ കാര്യത്തിൽ മറ്റുള്ളവരുടെ മാറ്റു നോക്കാൻ മാത്രം എന്തു യോഗ്യതയാണു ജമാ-അത്തിനുള്ളത്‌?
ഇനി വയനാട്ടിൽ ഷാനവാസിനു വോട്ടു നൽകുന്നതിനു പറയുന്ന ന്യായങ്ങളും ജമാ-അത്തിനെ സ്വയം പരിഹാസ്യമാക്കാൻ മാത്രം പോന്നതാണു.കോൺഗ്രസ്സിൽ മുസ്ലിമിനുനിലനിൽക്കണമെങ്കിൽ മതത്തെയും മത സംഘടനകളെയും തള്ളിപ്പറയേണ്ട ഗതിയുണ്ടായിട്ടുണ്ടോ? ജമാ-അത്തല്ലാതെ ആരും ഇങ്ങനെ പറയില്ല. മുമ്പ്‌ കമ്യൂണിസ്റ്റ്‌ പാർട്ടികൾക്കെതിരെയായിരുന്നു ഈ ആരോപണം.ആര്യാടനോടുള്ള വിരോധമാണു ജമാ-അത്തിനെക്കൊണ്ട്‌ ഇത്‌ പറയിക്കുന്നത്‌. ആര്യാടന്റെ വ്യക്തിപരമായ വിശ്വാസം എന്തോ ആവട്ടെ.കോൺഗ്രസ്സിൽ അങ്ങനെ ഒരു അവസ്ഥ അദ്ദേഹം ഉണ്ടാക്കിയിട്ടുണ്ടോ?മുസ്ലിം ലീഗ്‌ എല്ലാ മത സംഘടാനകളെയും പരിഗണിക്കാത്തതും വിശ്വാസത്തിലേടുക്കാത്തതും മൂലമ്മാണു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡി എഫ്‌ മലപ്പുറം ജില്ലയിൽ പരാജയപ്പെടാൻ കാരണം എന്ന് ലീഗിനെതിരെ പരസ്യ വിമർശനം നടത്തിയ ആളാണല്ലോ ആര്യാടൻ.എപി വിഭാഗം സുന്നികളോട്‌ ആര്യാടൻ കാണിക്കുന്ന താൽപര്യത്തിൽ ജമാ-അത്തിനു നീരസം ഉണ്ടെന്ന് വ്യക്തം.പിന്നെ ജമാ-അത്തിനെ ആര്യാടൻ രൂക്ഷമായി വിമർശിക്കാറുണ്ട്‌. അതിലുള്ള വിരോധവും ഉണ്ടാകാം.ആര്യാടൻ ജമാ-അത്തിനെ തള്ളിപ്പറയുന്നതിനാൽ അത്‌ മുഴുവൻ മുസ്ലിം സംഘടനകളെയും തള്ളിപ്പറയലാകുമോ? ഇവിടെ വ്യക്തമാകുന്നത്‌ ഒരു കാര്യം മാത്രമാണു. ഷാനവാസിനു വോട്ടു ചെയ്യാൻ കാരണം ആര്യാടൻ വിരോധം മാത്രമാണു.മറ്റു ന്യായീകരണങ്ങൾ നില നിൽക്കത്തക്കതല്ല എന്ന് നാം നേരത്തെ കണ്ടു.
അപ്പോൾ പൊന്നാനിയിലും വയനാടും പൊതു നിലപാടിൽ വെള്ളം ചേർത്തതിനു കാരണം സങ്കുചിത താൽപര്യങ്ങളും വ്യക്തി വിരോധവും ആണു.സത്യസന്ധമായ ഒരു നിലപാടായിരുന്നു അത്‌ എന്ന് സ്ഥാപിക്കാൻ ജമാ-അത്ത്‌ ഒത്തിരി പാടുപെടേണ്ടി വരും. തങ്ങൾക്കു കിട്ടാത്ത പരിഗണന സുന്നികൾക്കു കിട്ടുമ്പോൾ തങ്ങളുടെ മനപായസങ്ങൾ തൂവിപ്പോകുകയാണല്ലോ ചെയ്യുന്നത്‌.
ഇനി കോൺഗ്രസ്സിൽ മതത്തേയൂം മതസംഘടനകളെയും തള്ളിപ്പ്രയാത്തവർ ശക്ത്തിപ്പെടണമെന്നണോ ജമാ-അത്ത്‌ ആഗ്രഹിക്കുന്നത്‌.ഒരു ജമാ-അത്ത്കാരൻ അങ്ങനെ ആഗ്രഹിക്കാൻ പാടുണ്ടോ? കോൺഗ്രസ്സിലും മറ്റ്‌ മതേതര പാർട്ടിയിലും പ്രവത്തിക്കുന്നത്‌ ശിർക്കല്ലേ? അവരെ വേഗം ശിർക്കിൽ നിന്ന് മോചിപ്പിക്കുകയല്ലേ വേണ്ടത്‌?തങ്ങൾ കുറച്ചു ജമാ-അത്തുകാർ മാത്രം യഥാർത്ഥ മുസ്ലിംകളായി മതി;ബാക്കിയുള്ളവരൊക്കെ സമുദായത്തിനു വേണ്ടി മുശ്‌ രിക്കുകളായിക്കോട്ടെ എന്നതാണോ ജമാ-അത്തിന്റെ ഇപ്പോഴത്തെ പോളിസി.കോൺഗ്രസ്സുകാരനാവാൻ മതത്തെ തള്ളിപ്പറയേണ്ട ആവശ്യമില്ല.എന്നാൽ ജമാ-അത്താവാൻ കോൺഗ്രസ്സിന്റെ മതേതരത്വത്തെ തള്ളിപ്പറയൽ നിർബന്ധമാണു.ഇവിടെയൊക്കെ ജമാ-അത്ത്‌ അകപ്പെട്ടിരിക്കുന്നത്‌ കര കയറാനാവാത്ത ചുഴിയിലാണു.
മുസ്ലിം സമുദായം, ന്യൂനപക്ഷാവകാശങ്ങൾ ഇതൊക്കെ ജമാ-അത്തിനു ഒരു കാലത്തു അലർജിയായിരുന്നു.ഇവക്കു വേണ്ടി നിലകൊള്ളുന്ന പർട്ടിയെന്നതിന്റെ പേരിൽ ലീഗിനെ ജമാ-അത്ത്‌ എത്ര പഴിച്ചിട്ടുണ്ട്‌.ഇതൊക്കെ കനേഷുമാരിയുടെ പ്രശ്നങ്ങളാണെന്നും മുസ്ലിമെന്നാൻ ഒരു ആദർശത്തി വിശ്വസിക്കുന്നവരാണെന്നും താഗോ‍ൂത്തിഭരണകൂടത്തിന്റെ നക്കാപിച്ചക്കു വേണ്ടി യാചിക്കേണ്ടതില്ലെന്നും ഒക്കെ പ്രസംഗിച്ചു നടന്നവർ ഇന്ന് സച്ചാർ കമ്മിറ്റി റിപ്പോർട്ട്‌ നടപ്പാക്കാൻ വേണ്ടി അലമുറയിടുന്നത്‌ കാണുമ്പോൾ സഹതാപം തോന്നുകയാണു.ശാന്തപുരം ഇസ്ലാമിയ്യ കോളേജിനും മറ്റും അന്നു തന്നെ അംഗീകാരം വാങ്ങി കുറെയാളുകൾക്ക്‌ ബിരുദം നേടാൻ അവസരം കിട്ടിയിരുന്നെങ്കിൽ കുറെ പേരെ അന്നു തന്നെ സർക്കാർ സർവ്വീസിൽ കയറ്റാമായിരുന്നല്ലോ.വൈകി ഉദിച്ച ബുദ്ധിക്കെങ്കിലും നന്ദി പറയണം. മൗടൂദിസം ഈകാലഘട്ടത്തിനും സമൂഹത്തിനും യോജിച്ചതല്ലെന്നു ജമാ-അത്തു തന്നെ നിരന്തരം വിളിച്ചു പഞ്ഞു കൊണ്ടിരിക്കുകയാണു.

മൗദൂദിസം-ഒരു വിചാരണ

മൗദൂദിസത്തെയും അതിന്റെ വിവിധ വക ഭേദങ്ങളെയും വിമർശനാത്മകമായി വിലയിരുത്താനുള്ള ഒരു ബ്ലോഗാണിത്‌. ഹ്രസ്വവും പ്രസക്തവുമായ രചനകൾ ക്ഷണിക്കുന്നു.