2009, ജൂൺ 3, ബുധനാഴ്‌ച

ജമാ-അത്ത്‌/സോളിഡാരിറ്റി/sio, ഇവര്‍ പൊതു വിദ്യാഭ്യാസത്തിന്റെ സംരക്ഷകരോ?

പൊതുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിനു വേണ്ടി നിലകൊള്ളുന്നവരാണു തങ്ങള്‍ എന്നാണല്ലൊ ജമാ-അത്തിന്റെയും പോഷകസംഘടനകളുടെയും വാദം.വിദ്യാഭ്യാസ രംഗത്ത്‌ പല പുതിയ പ്രവര്‍ത്തനങ്ങളുമായി ഷൈന്‍ ചെയ്യാന്‍ ശ്രമിക്കുന്നുമുണ്ട്‌.പൊതു വിദ്യാഭ്യാസം സംരക്ഷിക്കുക എന്നാല്‍ സര്‍ക്കാര്‍-എയിഡഡ്‌ സ്കൂളുകള്‍ തകരാന്‍ അനുവദിക്കാതിരിക്കുക എന്നാണല്ലൊ അര്‍ഥം.സര്‍ക്കാര്‍-എയിഡഡ്‌ സ്കൂളുകള്‍ക്ക്‌ ഭീഷണി നാട്ടില്‍ കൂണുപോലെ മുളച്ചു പൊന്തിയ അണ്‍-എയിഡഡ്‌, ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകള്‍ ആണല്ലൊ. അംഗീകാരം ഉള്ളതും ഇല്ലാത്തതുമായി നാട്ടില്‍ നിലനില്‍ക്കുന്ന ഇത്തരം സ്വകാര്യവിദ്യാലയങ്ങളില്‍ ജമാ-അത്തെ ഇസ്ലാമിയോ, അതിന്റെ കീഴിലോ സ്വാധീനത്തിലോ ഉള്ള ട്രസ്റ്റുകളോ നടത്തുന്ന വിദ്യാലയങ്ങളും ഉണ്ട്‌.ഈ വിദ്യാലയങ്ങള്‍ ആരുടെ താല്‍പര്യങ്ങളാണു സംരക്ഷിക്കുന്നത്‌?ഇവ പൊതു വിദ്യാഭ്യാസം സംരക്ഷിക്കാന്‍ സ്ഥാപിക്കപ്പെട്ടവയാണെന്നു സാമാന്യ ബുദ്ധിയുള്ള ആരും പറയില്ലല്ലൊ.
വ്യാഖ്യാനക്കസര്‍ത്തിലൂടെ അങ്ങനെയാണെന്നുവരെ അണികള്‍ക്കു മുമ്പില്‍ അവര്‍ സ്ഥപിച്ചെന്നിരിക്കും.എന്തും സാമാന്യ ബുദ്ധിക്കു ബോധ്യപ്പെടാത്ത വ്യാഖ്യാനക്കസര്‍ത്തിലൂടെ മാത്രം ഉള്‍ക്കൊള്ളാന്‍ ശീലിച്ചു പോയ അണികള്‍ ഇതും വിശ്വസിച്ചെന്നുമിരിക്കും.
ഈ സ്കൂളുകള്‍ പിരിച്ചു വിട്ട്‌ അവിടത്തെ കുട്ടികളെ സര്‍ക്കാര്‍-എയിഡഡ്‌ സ്കൂളുകള്‍ക്ക്‌ വിട്ടു കൊടുക്കാന്‍ തയ്യാറായെങ്കില്‍ മാത്രമേ ജമാ-അത്തിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷവേഷം സത്യസന്ധമാണെന്നു അംഗീകരിക്കാന്‍ കഴിയൂ.
ചില ഇടതുപക്ഷ നേതാക്കന്മാര്‍ അവരുടെ മക്കളെ അണ്‍ എയിഡഡ്‌ ഇംഗ്ലീഷ്‌ മീഡിയം സ്കൂളുകളില്‍ ചേര്‍ക്കുന്നത്‌ പോലെയോ അതിനേക്കാള്‍ വലിയതോ ആയ വഞ്ചനയാണിത്‌.കാരണം അവരൊന്നും സ്കൂള്‍ നടത്തുന്നില്ല.അവിടെ വ്യക്തികളാണു തെറ്റു ചെയ്യുന്നത്‌.സ്ംഘടനയല്ല. ഇവിടെ പൊതു വിദ്യാഭ്യാസം സംരക്ഷിക്കണമെന്നു മുറവിളി കൂട്ടുകയും അതിന്റെ പേരില്‍ ഇടതു- വലതു സര്‍ക്കാരുകളെ നിരന്തരം പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യുന്ന ഒരു സംഘടനതന്നെയാണു നാടിന്റെ പലഭാഗത്തും അണ്‍ എയിഡഡ്‌ സ്കൂളുകള്‍ നടത്തുന്നത്‌.ഇതില്‍ പരം ഒരു കാപട്യം വേറെ ആര്‍ക്കെങ്കിലുമുണ്ടോ?
ഇ ടി മുഹമ്മദ്‌ ബഷീറും എം എ ബേബിയും ചെയ്യുന്നതിനേക്കാള്‍
കൊടും പാതകമല്ലേ പൊതു വിദ്യാഭ്യാസത്തോടു ജമാ-അത്ത്‌ നിരന്തരം ചെയ്തു കൊണ്ടിരിക്കുന്നത്‌? ഇതിനു പ്രായശ്ചിത്തമെന്നോണം മറ്റെന്തും വിദ്യാഭ്യാസ രംഗത്തു ചെയ്താല്‍ ഇതിനു പകരമാകുമോ?
അംഗീകാരമില്ലാത്ത അണ്‍ എയിഡഡ്‌ സ്കൂളുകള്‍ക്ക്‌ ഇപ്പോള്‍ ഇടതു സര്‍ക്കാര്‍ പുതിയ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണല്ലോ.ജമാ-അത്തുകാര്‍ നടത്തുന്ന സ്കൂളുകള്‍ക്കും ഇത്‌ ഭീഷണി ആയിട്ടുണ്ടാകുമല്ലോ.അതു കൊണ്ടു ഈ വിഷയത്തില്‍ രണ്ടും കെട്ട ഒരു നിലപാട്‌ ജമാ-അത്തില്‍ നിന്നും പ്രതീക്ഷിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ