ആദർശ്ശവാദം,പരിശുദ്ധിവാദം,വ്യത്യസ്തതാവാദം എന്നൊക്കെ പറയാവുന്ന ഒരു പ്രതീതിയിലൂടെ മധ്യവർഗ്ഗങ്ങളിൽ ഒരു വിഭാഗത്തെ ആകർഷിക്കുന്ന തരത്തിൽ ആസൂത്രിതമായി പ്രവർത്തനങ്ങൾ ആവിഷ്കരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ജമാ-അത്തെ ഇസ്ലാമിയും അതിന്റെ വിദ്യാർത്ഥി,യുവജനസംഘടനകളും.മുസ്ലിം കൾക്കിടയിൽ തികച്ചും മധ്യവർഗ്ഗാധിഷ്ഠിതമായ ഒരു സംഘടനയുണ്ടെങ്കിൽ അത് ജമാ-അത്ത് മാത്രമായിരിക്കും.സാമ്പ്രദായിക മാർക്ക്സിസ്റ്റുകാരുടെ ഭാഷയിൽ പറഞ്ഞാൽ ജമാ-അത്തുകാർ പെറ്റി ബൂർഷ്വാ ആദർശ്ശവാദികളാണെന്നു പറയാം.
തേച്ചുമിനുക്കിയ വാക്കുകളും അക്കാദമികരംഗത്ത് ഏറെക്കാലമായി ഉപയോഗിച്ചു പഴകിയതെങ്കിലും മധ്യവർഗ്ഗപുതുതലമുറക്കും സമാന്യജനങ്ങൾക്കും ഇപ്പോഴും അപരിചിതമായ പല പദാവലികളും പ്രചാരണ രംഗത്ത് ഉപയോഗിക്കുന്നത് എസ് ഐ ഒ വിന്റെയും സോളിഡാരിറ്റിയുടെയും ഒരു സ്ഥിരം ് ശൈലിയാണ്.ഒരു കാലത്ത് ശാസ്ത്ര സാഹിത്യപരിഷത്തുകാരും നക്സലൈറ്റ് സാംസ്കാരിക യുവജന സംഘടനകളും ഉയർത്തിയ മുദ്രാവാക്യങ്ങളും വിഷയങ്ങളും പ്രവർത്തന ശൈലികകളും ഏറ്റെടുത്ത് ഒരു നവസാമൂഹികസംഘടനയുടെ വേഷം ആടാനാണവർ ശ്രമിക്കുന്നത്.
എന്നിട്ടും പലനിലപാടുകളും ആദ്യമായി പറഞ്ഞവർ തങ്ങളാണെന്ന എട്ടുകാലിമമ്മൂഞ്ഞിന്റെ അവകാശവാദം അവർ നടത്താറുണ്ട്.സുന്നികളോ എസ് എസ് എഫുകാരോ വല്ല നൂതനപരിപാടികളും ആവിഷ്കരിച്ചാൽ അവരൊക്കെ തങ്ങളെ അനുകരിക്കുകയാണെന്ന പരിഹാസഭാവമാണ് ജമാത്തുകാർക്ക്.എന്നാൽ തങ്ങളും മറ്റുള്ളവരെ അനുകരിക്കുകയാണെന്നകാര്യം സമാന്യജനങ്ങളിൽനിന്നവർ മറച്ചുവെക്കുന്നു.
അഴകൊഴമ്പൻ നിലപാടുകൾ
വിദ്യാഭ്യാസരംഗത്ത് വാചകഭംഗിക്കപ്പുറം വല്ല അടിസ്ഥാന നിലപാടും ഇവർക്കുണ്ടോ? എസ് യു സി ഐക്കാരെയും നക്സലൈറ്റുകളെയും പോലെ തൊട്ടതിന്റെ പിന്നിലൊക്കെ സാമ്രാജ്യത്വത്തെയും ആഗോളവൽക്കരണത്തെയും കാണുന്നവരാണ് എസ് ഐ ഒക്കാർ.എന്നാൽ തങ്ങൾക്ക് സൗകര്യമായതും തങ്ങൾ ചെയ്തു വരുന്ന കാര്യങ്ങളുമൊക്കെ അങ്ങനെയല്ലെന്നു സമർത്ഥിക്കുകയും ചെയ്യും.
ഉദാഹരണങ്ങൾ.ഡി പി ഇ പി വന്ന 90 കളിൽ തന്നെ എസ് യു സി ഐയും നക്സലൈറ്റ് സംഘടനകളും അതിന്റെ പിന്നിൽ ലോകബാങ്കാണെന്ന് പറഞ്ഞിരുന്നു. അന്ന് ജമാ-അത്തുകാർക്കത് കണ്ടെത്താൻ കഴിഞ്ഞില്ല. 2008-ൽ മതമില്ലാത്ത ജീവൻ' ചർച്ചാവിഷയമായപ്പോൾ അന്നവർ പറഞ്ഞ വാദങ്ങൾ എസ് ഐ ഒ ക്കാരും സോളിഡാരിറ്റിക്കാരും പൊടി തട്ടിയെടുത്ത് നാടുനീളെ ചർച്ച സംഘടിപ്പിക്കുകയാണു ചെയ്തത്.പാഠപുസ്തകത്തിന്റെ അടിസ്ഥാന സമീപനം അമേരിക്കൻ പ്രാഗ്മാറ്റിസമാണെന്നൊക്കെ താത്വിക വിമർശ്ശനം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണവർ ചെയ്തത്.ജ്ഞാനനിർമ്മിതിവാദം സാമ്രാജ്യത്ത ഗൂഢാലോചനയാണെന്നാണവർ പറഞ്ഞത്.
90-കളിൽ ഇ ടി മുഹമ്മദ് ബഷീർ നടപ്പാക്കിത്തുടങ്ങിയ ആഗോളീകരണ വിദ്യാഭ്യാസത്തിന്റെ ഭാഗമായാണു സ്വകാര്യവൽക്കരണവും സ്വാശ്രയവിദ്യാഭ്യാസവും കേരളത്തിൽ നടപ്പാക്കപ്പെടുന്നത്.അതിനൊക്കെ എസ് എഫ് ഐ യും എസ് യു സി ഐ യും നക്സലൈറ്റുകളും അന്നുതന്നെ എതിരായിരുന്നു.എന്നാൽ ജമാ-അത്തുകാർക്ക് അവയോട് അത്ര എതിർപ്പില്ല.ആഗോളീകരണത്തിന്റെ ഭാഗമായി വന്ന സ്വാശ്രയ കോളേജുകൾക്ക് ജമാ-അത്ത് എതിരല്ല.അവിടെയൊക്കെ നമ്മൾ വികസിത രാജ്യങ്ങളെ മാതൃകയാകണം എന്നാണ് അവരുടെ വാദം.അതിൽ ആഗോളവൽക്കരണത്തിന്റെ പൊടിപോലുമില്ല കണ്ടുപൊടിക്കാൻ.ഫീസിത്തിരി കുറയണം അത്രയേ ഉള്ളു ജമാ-അത്തിന്.കാരുണ്യനിധികളിലൂടെ ജമാ-അത്ത് വക ആഗോളീകരണത്തിനൊരു മാനുഷിക മുഖം നൽകലും കൂടിയില്ലേ ഇതിൽ?-(ദിശ,കാമ്പസിന്റെ മുഖപത്രം 2008 ആഗസ്റ്റ് കാണുക).
മാനുഷികമുഖമുള്ള ആഗോളീകരണത്തിനു ജമാ-അത്ത് എതിരല്ലെന്നുണ്ടോ? മറ്റവർ അതിനൊക്കെ എതിരാണ്.ഭാവിയിൽ സ്വാശ്രയ കോളേജുകൾ തങ്ങൾക്കും തട്ടിക്കൂട്ടാം എന്ന സ്വപ്നം ജമാ-അത്തിനുണ്ടാകും.തങ്ങൾ നടത്തിയാൽ അവയൊക്കെ കേമവും ജനകീയവുമാകുമെന്നാണ് ജമാ-അത്തിന്റെ നിലപാട്.ജമാ-അത്തുകാർ നടത്തുന്ന നിക്ഷേപക തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുവന്നു കൊണ്ടിരിക്കെ സ്വാശ്രയ മാനേജുമെന്റുകളുടെ കൊള്ളക്കെതിരെ നാവുയർത്താൻ ജമാ-അത്തുകാർക്കവകാശമുണ്ടോ?
അതുപോലെ എൻ ജി ഒ കൾക്കും വളണ്ടറി സംഘടനകൾക്കും ജമാത്തെതിരാണ്.ആഗോളീകരണത്തിനു മാനുഷികമുഖം നൽകലാണത്രെ അവയുടെ ലക്ഷ്യം.എന്നാൽ ഈ എൻ ജി ഒകൾ നടത്തുന്ന ജീവകാരുണ്യം അടക്കമുള്ള പ്രവർത്തനങ്ങൾ ജമാ-അത്തുകാർ നടത്തിയാൽ അത് ശരിയും ജനകീയവും!
അപ്പോൾ കാര്യക്ഷമമായി പ്രവർത്തിക്കുന്ന സ്വാശ്രയ,സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ജിവകാരുണ്യ സ്ഥാപനങ്ങളും ധനകാര്യസ്ഥാപനങ്ങളും ഒക്കെയാണ് ജമാ-അത്തിനു പ്രധാനം.അവയെ ഒന്നും നിഷേധിക്കാത്ത ആഗോളവൽക്കരണ വിരോധം മാത്രമേ അവർക്കുള്ളൂ.
വരേണ്യ വിദ്യാഭ്യാസത്തോട് ജമാ-അത്തിനു എതിർപ്പില്ലെന്നർത്ഥം.പാവങ്ങളോട് ഇത്തിരി കാരുണ്യം കാണിക്കണം.കാരുണ്യപ്രവർത്തനങ്ങളിലൂടെ ബഹുഭൂരിപക്ഷം സാധാരണക്കാരെയും എന്നും ആശ്രിതരായി നിലനിർത്തണം.അതെ, വരേണ്യരുടെയും സ്ഥാപനമതത്തിന്റെയും ചക്കാത്തിൽ കഴിയേണ്ടവരാാണു ബഹുഭൂരിഭാഗം സാധാരണക്കാരും എന്നു തന്നെയാണു അന്തിമ വിശകലനത്തിൽ ജമാ-അത്തും വിശ്വസിക്കുന്നത്.
പല സംഘടനകളുടെയും നിലപപാടുകൾ കടമെടുത്ത് ഭംഗിയുള്ള വാക്കുകൾകൊണ്ട് കൂട്ടിക്കുഴച്ച് അവയെ പുതുതെന്നോണം ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുക.എന്നിട്ടുകേമന്മാരെന്നു നടിക്കുക. എന്നാൽ ഈ നിലപാടുകൾ തമ്മിൽ ഉള്ള വൈരുധ്യങ്ങളും പൊരുത്തക്കേടുകളും കണ്ടില്ലെന്നു നടിക്കുക.ഇതാണു ജമാ-അത്തിന്റെ സ്വഭാവം.
യഥാർത്ഥത്തിൽ ഇസ്ലാമിസ്റ്റുകൾ ആഗോളീകരണത്തിനു എതിരാണോ? ആണെങ്കിൽ അവരുടെ പക്കൽ അതിനെതിരെ വസ്തുനിഷ്ഠമായ ഒരു ബദലുണ്ടോ തുടങ്ങിയ കാര്യങ്ങൾ പിന്നീട്.
2009, ഓഗസ്റ്റ് 4, ചൊവ്വാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
teerea nannayittilla ? vilapam mathram
മറുപടിഇല്ലാതാക്കൂ