2009, നവംബർ 7, ശനിയാഴ്‌ച

മാധവിക്കുട്ടിയുടെ മതം.

ജമാ-അത്തെ ഇസ്ലാമിയുടെ നേതാവായ ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന് എഴുതിയ 'കമലാസുറയ്യ:സഫലമായ സ്നേഹാന്വേഷണം' എന്ന പുസ്തകത്തിന്റെ വിമർശ്ശനത്തിന്റെ 2-ാ‍ം ഭാഗം.
**************************************************************************
മാധവിക്കുട്ടിക്ക്‌ ഒരു രാത്രിയിൽ പെട്ടെന്നുണ്ടായ വെളിപാടാണ്‌ അവരെ മതം മാറാൻ പെട്ടെന്നു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തം.ഇതിന്റെ യുക്തി അന്വേഷിക്കുന്നതിൽ അർത്ഥമില്ല.ഇസ്ലാം അവരുടെ ഉള്ളിൽ കുറെ കാലമായി ഉണ്ടായിരുന്നല്ലോ.

അവരുടെ ഇസ്ലാമിനെക്കുറിച്ചുള്ള സങ്കൽപം എങ്ങനെയുളതായിരുന്നു? ഇസ്ലാമിനെ അവർ എങ്ങനെയാണ്‌ ഉൾക്കൊണ്ടത്‌? ഈ കാര്യത്തിൽ ഒരു അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുന്നു.

സാമ്പ്രദായിക ഇസ്ലാമല്ല അവരുടെ ഉള്ളിൽ ഉണ്ടായിരുന്നത്‌ എന്ന് ഈ പുസ്തകത്തിലെ പരാമർശ്ശങ്ങൾ വെച്ചു തന്നെ പറയാൻ കഴിയും."ഒരു മതത്തോടു സ്നേഹം തോന്നിയപ്പോഴും മുൻ പിൻ നോക്കാതെ അതിനെ ആശ്ലേഷിച്ചു"(68).
(ഇസ്ലാമിനോടുള്ള അവരുടെ സ്നേഹം പണ്ഡിതോചിതമോ ചിന്താപരമോ അല്ലെന്ന് കഴിഞ്ഞപോസ്റ്റിൽ നാം ചർച്ച ചെയ്തതാണ്‌.അംബേദ്കരുടെ മതമാറ്റം പോലെയോ അമേരിക്കയിലെ കറുത്തവരുടെ ഇസ്ലാമാശ്ലേഷം പോലെയോ വല്ല സാമൂഹ്യപ്രാധാന്യവും ഈ മതം മാറ്റത്തിന്‌ അവകാശപ്പെടാനുമില്ല).

മാത്രമല്ല അവരുടെ മകൻ പറയുന്നത്‌ നോക്കൂ."അമ്മ അറിഞ്ഞ, അനുഭവിച്ച, സ്വീകരിച്ച ഇസ്ലാം ദൈവത്തിന്റെ ഇസ്ലാമായിരുന്നു.പുസ്തകങ്ങളുടെ ഇസ്ലാമായിരുന്നില്ല". പുസ്തകങ്ങളിലെയും പണ്ഡിതരുടെ പ്രഭാഷണങ്ങളിലെയും ഇസ്ലാമായിരുന്നില്ല അമ്മയുടെതെന്നും അത്‌ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ ഇസ്ലാമായിരുന്നുവെന്നും എം ഡി നാലപ്പാട്‌ പറയുന്നുണ്ട്‌.

മതം മാറിയ ശേഷം അവർ സാമ്പ്രദായിക ഇസ്ലാമിന്‌ നിരക്കാത്ത പലതും വിളിച്ചുപറഞ്ഞതിൽപിന്നെ അവരുടെ അടുത്തുകൂടി ഇനിയും അബദ്ധങ്ങൾ പറയാതിരിക്കാൻ ചിലർ ശ്രമിച്ചിരിക്കും എന്ന് ന്യായമായും കരുതാം.
"ഞാൻ ഇസ്ലാമിനെപ്പറ്റി പറയുമ്പോൾ നല്ലത്‌ ഉൾകൊള്ളുക.എന്റെ ഭാഗത്ത്‌ നിന്ന് വരുന്ന തെറ്റുകൾ എന്റേതു മാത്രമാണ്‌.അത്‌ ഇസ്ലാമിന്റെ അപൂർണ്ണതയേ അല്ല.തെറ്റുകൾപാവം സ്ത്രീക്കു തിരുത്തിത്തരിക".(94)

"പുസ്തകങ്ങളിലെ ഇസ്ലാം പഠനത്തേക്കാൾ എന്നെ സ്വാധീനിച്ചത്‌ അനുഭവങ്ങളിലൂടെ കണ്ടെത്തിയ ഇസ്ലാമാണ്‌"(94).
വൈധവ്യവും വാർദ്ധക്യവും നൽകിയ ഒറ്റപ്പെടലിലും അനാഥത്വത്തിലും സ്നേഹത്തിനും സുരക്ഷിതത്തിനുമായി അവർ ദാഹിച്ചു.അതിന്‌ ഇസ്ലാമാണ്‌ ഏറ്റവും ഉചിതമെന്നവർ കണ്ടെത്തി.അത്‌ കൊണ്ടുതന്നെ അവരുടെ വിശ്വാസം പൊതു ഇസ്ലാമിക വിശ്വാസത്തോട്‌ പൂർണ്ണമായും ഒത്തു പോകാത്ത വ്യക്തിപരമായ അംശങ്ങൾ ഉള്ളതായിരുന്നു.
"ഈ പ്രായത്തിൽ എന്നെ ശുശ്രൂഷിക്കാൻ ഞാൻ പറയുന്നത്‌ കേൾക്കാൻ എനിക്കൊരാൾ വേണം"(84).
65വർഷമായി കിട്ടാത്ത സുരക്ഷിതത്വം ഇസ്ലാം അവർക്ക്‌ നൽകിയെന്നവർ പറയുന്നു.
"ഒരാൾ ശവക്കല്ലറ ജീവിച്ചിരിക്കെ തന്നെ തിരഞ്ഞെടുക്കാറില്ലേ.അതുപോലെ അന്ത്യ വിശ്രമത്തിനായി ഞാൻ തിരഞ്ഞെടുത്തതാണ്‌ ഇസ്ലാം"(91).
പലമുസ്ലിംകളും തന്റെ വിശ്വാസം അംഗീകരിക്കാത്തതായി അവർക്ക്‌ അനുഭവപ്പെട്ടിട്ടിള്ളതായും പറയുന്നുണ്ട്‌.(118).പിന്നെ അവർക്ക്‌ സ്വീകാര്യയാവാൻ ശ്രമിച്ചുകാണും.

വിശ്വാസം നൽകിയ ആഹ്ലാദം

അല്ലാഹുവിലുള്ള അചഞ്ചലവിശ്വാസം കമലാസുരയ്യക്ക്‌ നൽകിയ ആഹ്ലാദം അത്യധികമായിരുന്നെന്ന് ഈ പുസ്തകം ഉദ്ധരണികളോടെ പറയുന്നുണ്ട്‌.

വിശ്വാസം തന്റെ ഹൃദയത്തിനും മുഖത്തിനും പുതിയ പ്രകാശവും സൗന്ദര്യവും നൽകിയതായി അവർ പറഞ്ഞു.അവരുടെ സന്തോഷത്തിന്‌ അതിരില്ലായിരുന്നു.അനിർവ്വചനീയമായ ഈ അനുഭൂതി കവിതകളായും പുറത്തുവന്നു.ഇസ്ലാം സ്വീകരിച്ച ശേഷം ഒരു പ്രത്യേക ശക്തി തേജസ്സ്‌ അവർക്ക്‌ കൈവന്നു എന്ന് മകനും പറയുന്നുണ്ട്‌.

ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ഇസ്ലാമിക വിശ്വാസത്തെ അവർ ആഘോഷിച്ചു.മുസ്ലിം ജീവിത ശൈലിയുമായി ബന്ധപ്പെട്ട ചിഹ്നങ്ങളോട്‌ ഒരു വല്ലാത്ത കാൽപനികത കലർന്ന പ്രിയമായിരുന്നു അവർക്ക്‌.നിസ്കാരക്കുപ്പായം,പർദ്ദ,മക്കന,ദസ്‌വിയ,സുറുമ,മയിലാഞ്ചി,വെള്ളിയരഞ്ഞാണം,ഊദ്‌,അംബർ അങ്ങനെ പലതിനോടും.(129)
പർദ്ദ നൽകുന്ന സുരക്ഷിതത്വത്തെക്കുറിച്ചും അവർ വാചാലരാകുന്നുണ്ട്‌.അതിന്റെ ഇസ്ലാമികയുക്തിയോ പ്രാമാണികതയോ സ്ത്രീപക്ഷവിശകലനമോ ഒന്നും അവർക്ക്‌ പ്രശ്നമല്ല.അവർ തന്റെ അനുഭവമാണ്‌ പറയുന്നത്‌. അത്‌ തികച്ചും വ്യക്തിപരവും ആണ്‌.
"എനിക്ക്‌ പർദ്ദ ഇഷ്ടമാണ്‌.പ്രത്യേകിച്ച്‌ പ്രായമായവർക്ക്‌ പർദ്ദ നല്ലതാണ്‌,അത്‌ അവരുടെ പ്രായം മറയ്ക്കുന്നു:(126)

അല്ലാഹു,പ്രവാചകൻ

മാധവിക്കുട്ടിയുടെ ദൈവം 'നീ എന്റേതാണ്‌. എന്റെ കൂടെ വരണം' എന്ന് പറഞ്ഞ്‌ അവരെ സ്നേഹത്തോടെ വിളിച്ച ദൈവമാണ്‌.ഇസ്ലാമിൽ മുമ്പ്‌ അങ്ങനെ ആർക്കെങ്കിലും അനുഭവം ഉണ്ടായിട്ടുണ്ടോ എന്നറിയില്ല.
ഗുരുവായൂരപ്പനെ കൂടെ കൊണ്ടുപോരുമെന്നും കൃഷ്ണനെ മുഹമ്മദാക്കുമെന്നുമൊക്കെ പറഞ്ഞപ്പോൾ അത്‌ വിവാദമായിരുന്നല്ലോ.അല്ലാഹുവിനെക്കുറിച്ചും മുഹമ്മദിനെക്കുറിച്ചുമുള്ള അവരുടെ കവിതകൾ വായിക്കുമ്പോൾ കൃഷ്ണനെന്ന പേരു മാറിയിട്ടേ ഉള്ളു ദൈവാനുഭവവും ദൈവത്തോടുള്ള പ്രേമവും ഏതാണ്ട്‌ അതു തന്നെയാണെന്നു തോന്നിപ്പോകും.സംസം ജലത്തെ ഗംഗാജലത്തിന്‌ പകരമായി പുണ്യമായി അവർക്ക്‌ തോന്നിയിരിക്കാം.
കമലാസുറയ്യയുടെ അല്ലാഹു അവരുടെ മാത്രമായ ഒരു അല്ലാഹുവായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാൽ അതും പൂർണ്ണമായി തെറ്റാവില്ല.
"പേഴ്സണൽ ദൈവമാണോ?
എനിക്ക്‌ എല്ലാം പേഴ്സണലാണ്‌."(127)എന്ന് അവർ തന്നെ പറയുന്നുമുണ്ട്‌>
സൂഫികളുടേതിനു സമാനമാണ്‌ അവരുടെ ദൈവാനുഭവം.പ്രണയേശ്വരനായി ദൈവത്തെ സങ്കൽപിച്ച്‌ എഴുതിയ സൂഫീകവിതകൾ വിമർശ്ശിക്കപ്പെട്ടിട്ടുണ്ട്‌.അല്ലാഹുവിനെ പ്രേമസ്വരൂപനായി സ്വീകരിച്ച്‌ അവർ എഴുതിയ കവിതകൾ ചിലത്‌ ഈപുസ്തകത്തിൽ എടുത്ത്‌ ചേത്തിട്ടുണ്ട്‌.
വിശുദ്ധ റാബിയയുടെ ദൈവപ്രേമത്തെ അനുസ്മരിപ്പിക്കുന്നുണ്ട്‌ ഇവ.

ഈ കവിതകളിലെ ദൈവസങ്കൽപം സാമ്പ്രദായിക ഇസ്ലാമിലേ ഏകത്വ സങ്കൽപം(തൗഹീദ്‌)തന്നെയാണോ അതോ അദ്വൈത നിറം കലർന്നതാണോ എന്ന അന്വേഷണം യോഗ്യതയുള്ളവർ നടത്തട്ടെ.

പുരുഷസ്നേഹത്തിന്‌ പകരം വെക്കാവുന്ന ഒരു തരം സ്നേഹമായിരുന്നോ അവർക്ക്‌ അല്ലാഹുവിനോട്‌ ഉണ്ടായിരുന്നത്‌? അല്ലാഹുവിനോടുള്ള പ്രേമം ഉണ്ടെങ്കിൽ പിന്നെ ഒരു പുരുഷന്റെ സ്നേഹം ആവശ്യമില്ല എന്ന തരത്തിലായിരുന്നില്ലേ അത്‌?

"വിവാഹമോചനം നടക്കുന്നൂവെന്ന് കേട്ടാൽ സന്തോഷമാണെനിക്ക്‌". ഈ ഭാഗം ഒന്ന് വായിച്ചു നോക്കുക.(127)
വിവാഹനിഷേധിയായ ഒരു ആത്മീയസ്നേഹമാണോ അവരിൽ ഉണ്ടായിരുന്നത്‌?
പ്രവാചകനെ സ്നേഹിക്കുന്നുണ്ടോ എന്ന് റാബിയയോട്‌ ചോദിച്ചപ്പോൾ"സൃഷ്ടാവിനോടുള്ള സ്നേഹം സഹജീവികളെ സ്നേഹിക്കുന്നതിൽ നിന്ന് എന്നെ തടയുന്നു" എന്ന് പറഞ്ഞ റാബിയയുടെ ദൈവസ്നേഹത്തോട്‌ അടുത്ത്‌ വരുന്നുണ്ട്‌ കമലയുടെ ദൈവസ്നേഹവും എന്ന് തോന്നുന്നു.കമലക്ക്‌ പ്രവാചകനോടും പ്രണയമായിരുന്നു എന്ന് മറക്കുന്നില്ല.

സ്വർഗ്ഗം മോഹിച്ച്‌

മരിച്ചാൽ മുത്തിന്റെ വെണ്മയുള്ള വേഷഭൂഷകൾ തന്നെ ധരിപ്പിക്കണമെന്ന് അവർ പറഞ്ഞിരുന്നു.(110)
താൻ സ്വർഗ്ഗം അർഹിക്കുന്നുവെന്നും അത്‌ പറഞ്ഞ്‌ സ്വർഗ്ഗത്തിൽ പോകുന്ന ആളാകും ഞാനെന്നുമൊക്കെ അവർ പറഞ്ഞിട്ടുണ്ട്‌.(134).നരകത്തിൽ എന്നെയാരും കൊണ്ടു പോകില്ലെന്ന വിശ്വാസമുണ്ടെനിക്ക്‌'(135).ഒരു സാമ്പ്രദായിക മുസൽമാൻ പറയാൻ ധൈര്യപ്പെടത്ത വാക്കുകളാണിത്‌.തന്റെ കവിതയിൽ 'ഒരു വേള ഞാൻ സ്വർഗ്ഗത്തിൽ ഇടിച്ചിറങ്ങിയെന്നുവരും 'എന്ന് പറയുന്നുണ്ട്‌.
ശരറാന്തലും തോരണങ്ങളും തൂക്കിയ സ്വർഗ്ഗം അവർ സ്വപ്നം കണ്ടു.മരിക്കുമ്പോൾ മലക്കുകൾ വന്ന് വെള്ളത്തൂവാലയിൽ തന്റെ ആത്മാവിനെ പൊതിഞ്ഞു കൊണ്ടു പോകുമെന്നും വെളുത്ത പൂക്കളിലായിരിക്കും തന്നെ കിടത്തുക എന്നും അന്ന് തന്റെ കൈകൾക്കെന്ത്‌ ഭംഗിയായിരിക്കുമെന്നുമൊക്കെ അവർ വാചാലമായി പറഞ്ഞിട്ടുണ്ട്‌.(136) അവർക്ക്‌ സ്വർഗ്ഗം ലഭിക്കട്ടെ. ഞാനും പ്രാർത്ഥിക്കുന്നു.

മതം മാറ്റവും എഴുത്തും

മതം മാറിയതുകൊണ്ടുമാത്രം മാധവിക്കുട്ടിയുടെ സാഹിത്യരചനകൾ ആഴത്തിൽ പുന:പരിശോധിക്കപ്പെടണം എന്ന് പറയുന്നവർ ഉണ്ട്‌.മാധവിക്കുട്ടിയുടെ കൃതികൾ അനന്തകാലം നിലനിൽക്കുക തന്നെ ചെയ്യും.ആഴത്തിൽ വായിക്കപ്പേടുകയും ചെയ്യും.പക്ഷെ അതിൽ അവരുടെ മതം മാറ്റത്തിന്‌ ഒരു പങ്കും ഉണ്ടാവില്ല.

27 വർഷം മുമ്പ്‌ തന്നെ അവർ ഇസ്ലാമിലേക്ക്‌ മതം മാറിയിരുന്നെങ്കിൽ അവർ എഴുതിയ കൃതികൾ നമുക്ക്‌ കിട്ടുമായിരുന്നോ. ശൈഖ്‌ മുഹാമ്മദ്‌ പറയുമ്പോലെ 'ശരീരതൃഷ്ണ'കൾ തേടിയുള്ള എഴുത്തും ജീവിതവും ആയിരുന്നത്‌ കൊണ്ടല്ലേ ആ കൃതികൾ നമുക്ക്‌ കിട്ടിയത്‌? അതു കൊണ്ട്‌ ഇസ്ലാം സ്വീകരണത്തിനു മുമ്പുള്ള അവരുടെ സാഹിത്യത്തിന്മേൽ ഇസ്ലാമിന്റെ പേരിലുള്ള അവകാശവാദം ഉന്നയിക്കാതിരിക്കുന്നതല്ലേ ബുദ്ധി?
മാത്രമല്ല അവർ പറയുന്നത്‌ നോക്കൂ.
"മതം മാറ്റം ഏതെങ്കിലും തരത്തിൽ സ്വന്തം എഴ്ത്തിനെ സ്വാധീനിച്ചിട്ടുണ്ടോ?

സ്വാധീനിച്ചിട്ടുണ്ട്‌.സംശ്യല്യ.പ്രിവലന്റ്‌ ആയ്ട്ട്ള്ള മാതിരി കഥകളൊന്നും ഇനി ഞാൻ എഴ്തില്ല."(122).

ഇതുകൂടി."ഏറെ പ്രേമകാവ്യങ്ങൾ രചിച്ച ഈ കൈകൾകൊണ്ട്‌ ഇനി അള്ളാഹുവിനെക്കുറിച്ചുള്ള കാവ്യങ്ങളായിരിക്കും ജനിക്കുക.മേലിൽ നഗ്ന ചിത്രങ്ങൾ എന്റെ കൈ കൊണ്ട്‌ വരക്കില്ല.പരിപൂർണ്ണ മുസ്ലിം വനിതയായി ജീവിച്ചു മരിക്കണം"(85).(മതം മാറിയ ശേഷം എഴുതിയ 'വണ്ടിക്കാളക"ളും മറ്റും ഇതിനപവാദമല്ലേ?)
ക്രിയേറ്റിവിറ്റിയെ പ്രതികൂലമായി സ്വാധീനിക്കുന്ന ഒരു മതത്തിലേക്കാണോ അവർ മതം മാറിയത്‌? ഇങ്ങനെ ഇസ്ലാമിന്റെ മേൽ ഒരു തെറ്റിദ്ധാരണയുണ്ടാക്കാൻ ഈ പ്രസ്താവ്യങ്ങൾ ഇടയാക്കിയേക്കും.

ഇതും അവർ പറഞ്ഞതുതന്നെ.

"എത്ര ആളുകളാ ഇസ്ലാമിലേക്ക്‌ എന്റെ പ്രസംഗം കൊണ്ട്‌ ആകർഷിക്കപ്പെട്ടത്‌,അറിയോ? ഞാൻ പറഞ്ഞു.അങ്ങനെ മതം മാറീട്ട്‌ ഒരു ഫലൊന്നൂല്യ.അനുഗ്രഹങ്ങൾ തേടീട്ട്‌ മതം മാറേണ്ട.ഉള്ളിൽ റെവലൂഷൻ വരുത്തിയാൽ മതി.'സുറയ്യ പറഞ്ഞു.ഞാൻ മതം മാറീന്നും പറഞ്ഞ്‌ ഒരു മദാമ്മ ഒരീസം അങ്ങട്ട്‌ ഇസ്ലാമായിട്ട്‌ ആർക്കെന്ത്‌ കാര്യാ? കുറച്ച്‌ നേരം നല്ലത്‌ മാത്രം ചിന്തിച്ച്‌ കൊണ്ട്‌ ,ആളുകളെ സഹായിക്യ മാത്രം ചെയ്തോണ്ട്‌ ജീവിച്ചാ തന്നെ യു വിൽ ബികം എ മുസ്ലിം"(124)

ഇത്‌ പറയാഞ്ഞതെന്തേ?

കമലാസുറയ്യ അതിനിടക്ക്‌ ഒരു രാഷ്ട്രീയ പാർട്ടിയൊക്കെ ഉണ്ടാക്കിയിരുന്നു. അതിനെക്കുറിച്ചൊരു പരാമർശ്ശം പോലും ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന് തന്റെ പുസ്തകത്തിൽ നടത്തുന്നില്ല.അങ്ങനെ അവർ പറഞ്ഞതും പ്രവർത്തിച്ചതുമായ പ്രധാനപ്പെട്ട പലതും ശൈഖ്‌ ബോധപൂർവ്വം തമസ്കരിച്ചിട്ടുണ്ടോ? ഉണ്ടെങ്കിൽ അത്‌ ബുദ്ധിപരമായ സത്യസന്ധതയല്ല.

അവസാനം

അവസാനിപ്പിക്കാം. ചെറുപ്പം മുതലേ നന്മയും സ്നേഹവും പാവങ്ങളോടുള്ള ഉദാരതയും ജന്മസ്വഭാവമെന്നോണം അവരുടെ കൂടെ ഉണ്ടായിരുന്നു.അതു കൊണ്ട്‌ തന്നെ അവരുടെ നന്മയാണ്‌ അവരെ ഇസ്ലാമിലേക്കെത്തിച്ചത്‌.ഒരു മനുഷ്യൻണ്ടായിരിക്കേണ്ട അടിസ്ഥന നന്മകൾ മുസ്ലിമല്ലാതായിരുന്നിട്ടും അവരിലുണ്ടായിരുന്നു.അപ്പോൾ നന്മക്ക്‌ ഇസ്ലാം മതവിശ്വാസം ഒരു നിർബന്ധ ഉപാധിയാണോ?കുറെ പേരെങ്കിലും ദൈവത്തിൽ വിശ്വസിക്കാതെ നന്മ നിറഞ്ഞവരായിരിക്കുന്നതിന്റെ കാരണം എന്തായിരിക്കും? അതിന്‌ സാമൂഹ്യ ശസ്ത്ര വിശദീകരണം പോരാ.ഒരു ഇസ്ലാമിക വിശദീകരണം ആവശ്യമുണ്ട്‌.അത്‌ ഇസ്ലാമിനെ കൂടുതൽ ഉദാരമാക്കും.വിശാലവുമാക്കും.മാധവിക്കുട്ടി അതിനൊരു നിമിത്തമാകട്ടെ.
മുസ്ലിമാണെന്ന് വെച്ച്‌ നമുക്ക്‌ തോന്നുന്ന സത്യങ്ങൾ തുറന്ന് പറയാതിരിക്കുന്നത്‌ ആത്മവഞ്ചനയാവില്ലേ? ഇതൊക്കെ തുറന്ന് മനസ്സോടെ വിശകലനം നടത്തുന്ന ഒരു മുസ്ലിം സമുദായത്തെയാണ്‌ ഞാൻ സ്വപ്നം കാണുന്നത്‌.

2 അഭിപ്രായങ്ങൾ:

  1. നല്ല ലേഖനം. മതം ഈജിപ്തിലെ / മറ്റ് അറബ് രാജ്യങ്ങളിലെ കലാകാരന്മാര്‍ക്ക് ഒരു വിലക്കാവുന്നു എന്നു തോന്നിയിട്ടില്ല.

    മറുപടിഇല്ലാതാക്കൂ
  2. 'ചെറുപ്പം മുതലേ നന്മയും സ്നേഹവും പാവങ്ങളോടുള്ള ഉദാരതയും ജന്മസ്വഭാവമെന്നോണം അവരുടെ കൂടെ ഉണ്ടായിരുന്നു.അതു കൊണ്ട്‌ തന്നെ അവരുടെ നന്മയാണ്‌ അവരെ ഇസ്ലാമിലേക്കെത്തിച്ചത്‌.'

    എല്ലാം നാം ഇവിടെവെച്ച് തീര്‍ക്കണോ. കുറച്ച് അല്ലാഹുവിലേക്കും വിട്ടുകൂടെ. ആ മഹതിയെക്കുറിച്ച് നമ്മുക്കറിയാവുന്ന നന്മകള്‍ പറയുക. ബാക്കി കാര്യങ്ങള്‍ നോക്കാന്‍ അല്ലാഹുവുണ്ട്‌ല്ലോ.

    ക്ഷമിക്കണം താങ്കള്‍ സന്ദേഹിയാണല്ലോ അല്ലേ. അതിനാല്‍ താങ്കള്‍ക്കാവാം. തുടരുക.

    മറുപടിഇല്ലാതാക്കൂ