2010, ജൂൺ 25, വെള്ളിയാഴ്‌ച

തേജസ്‌ ലേഖനവും മറുപടിയും

കാണി എന്നബ്ലോഗിൽ കൊടുത്ത 'മൌദൂദി ചിരിക്കുന്നു' എന്ന ലേഖനത്തോടുള്ള എന്റെ പ്രതികരണം.

മൗദൂദിയുടെ രാഷ്ട്രീയ-ഇസ്ലാം/ഇസ്ലാമിസം സൈദ്ധാന്തികമായും,പ്രത്യയശാത്രപരമായും ഒരു അസംബന്ധമായിരുന്നു.ഇസ്ലാമിക ഉട്ടോപ്യയെക്കുറിച്ചുള്ള വ്യാമോഹമാണ്‌ അതിന്റെ അന്തസത്ത.അതിനനുസരിച്ച്‌ ഇസ്ലാമിന്‌ ഒരു രാഷ്ട്രീയവ്യഖ്യാനം നൽകുകയാണ്‌ അദ്ദേഹം ചെയ്തത്‌.ഈ വ്യാഖ്യാനം പ്രായോഗികമായി മൗദൂദിസത്തിനു തന്നെ നിരന്തരം പ്രതിബന്ധങ്ങൾ സൃഷ്ടിക്കുകയും അതിനെ പരിഹാസ്യമാക്കുകയും ചെയ്യുന്നതാണ്‌ പിന്നീട്‌ നാം കണ്ടത്‌.

ആധുനിക മുതലാളിത്ത-കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളെയും സംഘടനാരീതികളെയും അനുകരിച്ച്‌/മാതൃകയാക്കി അവയുടെ പ്രതിച്ഛായയിൽ ഒരു ഇസ്ലാമികപ്രത്യയശാസ്ത്രവും സംഘടനയും പ്രവർത്തനരീതിയും രൂപീകരിക്കുകയാണദ്ദേഹം ചെയ്തത്‌.

ഇതിന്‌ മുതലാളിത്ത,കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളിൽ(മതേതര,ജനാധിപത്യ,ദേശീയ പ്രസ്ഥാനഗളിൽ) അണിനിരന്ന മുസ്ലിംകളെ അതിൽനിന്ന് അകറ്റേണ്ടതുണ്ടായിരുന്നു.അതിനായി അവയെ അദ്ദേഹം ആശയപരമായി ആദ്യം നേരിട്ടു.ഒരു ഇസ്ലാമിക വിശ്വാസി ഈ പ്രസ്ഥാനങ്ങളിൽചേർന്ന് ജനാധിപത്യ,മതേതര,ദേശീയരാഷ്ട്രം ഉണ്ടാക്കാനായി പ്രവർത്തിക്കുന്നത്‌ ദൈവവിരുദ്ധമോ ശിർക്കോ ആണെന്ന് അദ്ദേഹം സമർത്ഥിച്ചു.ഇസ്ലാമും കുഫ്രും എന്ന ദ്വന്ദത്തിൽപെടുത്തി എല്ലാറ്റിനെയും കാണണം എന്നദ്ദേഹം ശഠിച്ചു.



എല്ലാറ്റിനേയും കറുപ്പും വെളുപ്പും മാത്രമായികണ്ട അദ്ദേഹം താൻ സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ ഇസ്ലാമല്ലാത്തതെല്ലാം കുഫ്‌റാനേന്ന്(അനിസ്ലാമികം,അവിശ്വാസം,ദൈവനിഷേധം)സ്ഥാപിച്ചു.ഇന്ത്യയിലേതായാലും പടിഞ്ഞാറിന്റേതായാലും മതേതരത്വം,ജനാധിപത്യ,ദേശീയത്വം എന്നിവയൊക്കെ മൗദൂദിക്ക്‌ കുഫ്‌റാണ്‌.തന്റെ ലളിതയുക്തിയിലൂടെ കുഫ്‌റിനു വേണ്ടി പ്രവർത്തിക്കുന്നത്‌ ശിർക്കാണെന്ന്/ബഹുദൈവാരധനയാണെന്ന് അദ്ദേഹം സമർത്ഥിച്ചു.

മതേതര,ജനാധിപത്യ,ദേശീയ ആദർശ്ശങ്ങളുടെ ഓരോ അംശവുമായും ഇസ്ലാം നിരന്തരയുദ്ധത്തിലാണെന്നാണ്‌ അർത്ഥശങ്കക്കിടമില്ലാതെ അദ്ദേഹം പറഞ്ഞത്‌.ഖിലാഫത്ത്‌ സമരത്തിൽ സത്യാഗ്രഹത്തിലും 1919ൽ അദ്ദേഹം പങ്കെടുത്തതിൽ പിന്നീട്‌ ഇന്ത്യൻ ദേശീയസ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിലോ പാക്കിസ്ഥാൻ ദേശീയപ്രക്ഷോഭത്തിലോ തിരിയിട്ടു നോക്കിയാൽ അദ്ദേഹത്തെ കാണില്ല.അതിന്റെ കാരണം അദ്ദേഹത്തിന്റെ പിന്നീടുണ്ടായ ഈ ജന്നാധിപത്യ,മതേതര,ദേശീയ വിരോധമാണ്‌.മഹാത്മാഗാന്ധി സ്വാതന്ത്ര്യ സമരത്തിൽ സജിവമാകുകയും നേതൃത്വം ഏറ്റെടുക്കുകയും ചെയ്തതിൽ പിന്നീടും മൗദൂദി വിട്ടുതന്നെ നിന്നു.

മൗദൂദിക്ക്‌ കോൺഗ്രസ്സുമായും കമ്യൂണിസ്റ്റുകളുമായും എത്രമാത്രം പൂർവ്വ/വ്യക്തിബന്ധങ്ങൾ ഉണ്ടായിരുന്നെന്നാലും ഇരുപതാം നൂറ്റാണ്ടിലെ ഐതിഹാസികമായ ഒരു സ്വാതന്ത്ര്യസമര പോരാട്ടത്തിൽനിന്ന് നിർണ്ണായക സന്ദർഭങ്ങളിൽ പോലും പിന്നീട്‌ അദ്ദേഹം വിട്ടുനിന്നു.അതിനു കരണമോ അദ്ദേഹത്തിന്റെ പുതിയ മതവ്യാഖ്യാനവും.ആറെസ്സെസ്‌ സ്ഥാപകനായ ഹെഡ്ഗേവ്വാർക്ക്‌ ഇതിനേക്കാൾ നല്ല ചരിത്രമാണുള്ളത്‌.സായിപ്പ്‌ കറുത്തതായാലും വെളുത്തതായാലും ഒന്നുതന്നെ.കുഫ്‌ർ!അനിസ്ലാമിക വ്യവസ്ഥിതി.

ഇന്ന് സോളിഡാരിറ്റിക്കുണ്ടായിരുന്നപോലേ ജമാ-അത്തിന്‌ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ സഖ്യശക്തികളോ സഹകാരികളോ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല ഇന്ന് ജമാ-അത്ത്‌ പറയുന്ന രീതിയിലുള്ള ഒരു അടിയന്തിര സാമ്രാജ്യത്ത വിരുദ്ധ അജണ്ടയും അവർക്കില്ലായിരുന്നു.


എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും രണ്ടു സ്വതന്ത്രരാഷ്ട്രങ്ങളാക്കുകയും അവിടങ്ങളിൽ താരതമ്യേന ഭേദപ്പെട്ട ജനാധിപത്യ സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്തപ്പോൾ (പാകിസ്ഥാനിൽ രാഷ്ട്രീയ സ്ഥിതിമാറിമാറിവന്നു) പ്രായോഗികമായി മുൻ കാലത്തെ പലസൈദ്ധാന്തികപിടിവാശികളും അപ്രായോഗികമായി.മുസ്ലിം ദേശീയതയിലധിഷ്ടിതമായ പാകിസ്ഥാനെ ഇസ്ലാമികരാഷ്ട്രമായി പ്രഖ്യാപിക്കാനുള്ള പ്രക്ഷോഭത്തിന്‌ രൂപം നൽകുകയാണ്‌ മൊദൂദി ചെയ്തത്‌.ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ആവശ്യമായ പൊതുജനവികാരം ഉണ്ടാകുന്നതുവരെ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുക എന്ന് പിന്നീട്‌ ഇന്ത്യൻ ജമാ-അത്ത്‌ സ്വീകരിച്ചനിലപാടൊന്നും മൗദൂദി അവിടെ സ്വീകരിച്ചില്ല.പ്രക്ഷോഭത്തിലൂടെ ജനവികാരം ഇളക്കിവിട്ട്‌ കുറുക്കുവഴിയിൽ പാക്കിസ്ഥാനെ ഇസ്ലാമികരാജ്യമായി പ്രഖ്യപിക്കണമെന്നാണ്‌ അദ്ദേഹം ആവശ്യപ്പെട്ടത്‌.പാക്കിസ്ഥാനിൽ ഇസ്ലാമികരാജ്യമാക്കാൻ തക്കവിധം സമൂഹം ഇസ്ലാമികമായിപാകപ്പെട്ടോ എന്നൊന്നും മൗദൂദി കാത്തിരുന്നതേയില്ല.ജനാധിപത്യ രീതിയിലൂടെ ഇസ്ലാമികവ്യവസ്ഥിതി സ്ഥാപിക്കാനുള്ള ക്ഷമപോലും കാണിക്കാതെ പട്ടാളനിയമത്തിലൂടെ ഇസ്ലാമികനിയമം അടിച്ചേൽപിക്കന്നതിനെ പിന്തുണക്കുകയാണ്‌ പാക്‌ ജമാ-അത്തെ ഇസ്ലാമി ചെയ്തത്‌.പാക്കിസ്ഥാൻ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായിരുന്ന ഖാദിയാനികളെ മുൻ നിർത്തി ഭൂരിപക്ഷമുസ്ലിംകളുടെ മതവികാരം ഇളക്കിവിടുന്ന വർഗ്ഗീയതന്ത്രമാണ്‌ മൗദൂദി പയറ്റിയത്‌.

മുസ്ലിം പാക്കിസ്ഥാൻ ഇസ്ലാം പാക്കിസ്ഥാനാകണം.ആ ഇസ്ലാമിൽ ഖാദിയാനികൾ പെടില്ല,അവരെ ന്യൂനപക്ഷമാക്കണം(എന്നുവെച്ചാൽ ദിമ്മികൾ) അങ്ങനെ അധികാരത്തിൽ നിന്ന് അകറ്റണം.ഇതായിരുന്നു മൗദൂദിയുടെ അജണ്ട.മൗദൂദി ഭാഗികമായി ഇതിൽ വിജയിച്ചു.

മൗദൂദിയുടെ പ്രവർത്തനം അദ്ദേഹത്തെ ജയിലിലും തൂക്കുമരത്തിലും എത്തിച്ചു.അപ്പോഴും രക്ഷക്കുവന്നത്‌ ജനാധിപത്യത്തെ ഇതുവരെ പടിക്കു പുറത്തുനിർത്തിയ സൗദി അറേബ്യയും.ജയിലിൽ നിന്നു പുറത്തുവന്ന മൗദൂദി ഫാത്തിമജിന്നയെ പിന്തുണച്ചത്‌ വലിയ സ്ത്രീപക്ഷ രാഷ്ട്രീയമാണോ? അങ്ങിനെയെങ്കിൽ ലീഗുസുന്നികളും അവരുടെ ആത്മീയ നേതാവായ പാണക്കാട്ടെ തങ്ങന്മാരും എത്രസ്ത്രീകളെ ജയിപ്പിക്കുന്നു.അധികാരത്തിൽ കയറ്റുന്നു? ലീഗുസുന്നികളെപ്പോലെ ജമാ-അത്തും ഇസ്ലാമികരാജ്യത്തിന്റെ ഭരണാധികാരിയായി സ്ത്രീയെ വാഴിക്കുമോ?നിസ്കാരത്തിൽ പുരുഷനു ഇമാമായി സ്ത്രീയെ അനുവദിക്കുമോ?

ഇന്ത്യയിൽ അടിയന്തിരാവസ്ഥ കഴിഞ്ഞ്‌ ജയിലിറങ്ങിവന്ന ജമാ-അത്തുകാർ ആറെസ്സെസ്സുകാരായ ജനസംഘത്തിനും വോട്ട്‌ കൊടുത്തല്ലോ.അതുപോലെ ഒരു നിവൃത്തികേടായി കരിതിയാൽ പോരേ മൗദൂദിയുടെ നടപടിയും?

ഹൈദരാബാദ്‌ നിസാമും മൗദൂദിയും

പാകിസ്ഥാൻ ദേശീയസമരത്തേ/മുസ്ലിം ലീഗിന്റെ പാക്കിസ്ഥാൻ വാദത്തെ എതിർത്ത മൗദൂദി ഹൈദരാബാദ്‌ നാട്ടുരാജ്യത്തിനായുള്ള സായുധസമരത്തെയും അംഗീകരിക്കില്ലല്ലോ.തിയകച്ചും പരാജയപ്പെടും എന്നറിഞ്ഞിട്ടും അസംബന്ധമെന്ന് വേഗം മനസ്സിലാകുകയും ചെയ്യുന്ന ഒരു സമരത്തെ അനുകൂലിക്കാന്മാത്രം മൗദൂദി ഒരു വിഡ്ഢിയായിരുന്നില്ല.

വിഭജനവേളയിൽ ചെയ്തപ്രസംഗത്തിൽ'അധികാരത്തിൽനിന്നോ സർക്കാരിൽ നിന്നോ മുസ്ലിംകൾക്ക്‌ ഒന്നും ലഭിക്കാനില്ല എന്നു പറയുന്ന മൗദൂദി ഹൈദരാബാദ്‌ സമരക്കാരോട്‌ മുസ്ലിംകൾക്ക്‌ ആനുപാതികമായി അധികാരത്തിലും ഉദ്യോഗത്തും പ്രാതിനിധ്യം ചോദിച്ചുവാങ്ങണമെന്നു പറയുന്നു.പത്തുവർഷത്തിനുള്ളി മൊദൂദി പ്രായോഗികമായി മാറിയതാകുമോ?

ഇന്ത്യയിൽ സർക്കാർ സ്കൂളിൽ സർക്കാർച്ചെലവിൽ മുസ്ലിം കുട്ടികൾക്ക്‌ മതപഠനം വേനമെന്ന് മൗദൂദി ആവശ്യപ്പെടുന്നു.ഇതേ ആവശ്യത്തിനുവേണ്ടി പാക്കിസ്ഥാനിലെ ഹിന്ദുകുട്ടികൾക്കുവേണ്ടി അന്നോ അതിൽ പിന്നീടോ അദ്ദേഹം ശബ്ദമുയർത്തിയിരുന്നോ ആവോ.ഗവേഷകർ വല്ലതും കണ്ടെത്തിയിട്ടുണ്ടെങ്കിൽ അറിയിക്കണേ!

ഒരു മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണ്‌ മൗദൂദി പകരം പ്രതീക്ഷിച്ചത്‌ എന്നല്ലേ കത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്‌?

ഇനി മൗദൂദി ഇത്‌ ജമാ-അത്തുകാരോട്‌ പറഞ്ഞതാണോ?അല്ലല്ലോ.

എന്തുകൊണ്ടാണ്‌ ഇന്ത്യൻ ജമാ-അത്തെ ഇസ്ലാമിയോട്‌ ഇന്ത്യൻ ജനാധിപത്യസമ്പ്രദായത്തിൽ,തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെങ്കിലും തീരുമാനമെടുക്കാതിരുന്നതിനെക്കുറിച്ച്‌ ഒന്നും പറയാതിരുന്നത്‌.ഒരു അഭിപ്രായപ്രകടനം പോലും നടത്തിയിട്ടുണ്ടോ മൗദൂദി? അറിയില്ല.ഇന്ത്യൻ ജമാ-അത്തിന്റെ പോളിസി തീരുമാനിക്കുന്നതിൽ മൗദൂക്ക്‌ ഇടപെടാൻ അധികാരമില്ലായിരുന്നു എന്ന് സമ്മതിക്കാം.എന്നാലും ഇന്ത്യൻ ജമാ-അത്തിന്റെ ഈ അവിവേകത്തിൽ മൗദൂദി ഒരു അഭിപ്രായമെങ്കിലും പാസ്സാക്കിയില്ലല്ലോ.

ഇന്ത്യയിൽ തിരഞ്ഞെടുപ്പിൽ വോട്ട്‌ ചെയ്യാതിരിക്കാൻ അതാതുകാലങ്ങളിൽ ജമാ-അത്തുനേതൃത്വം നൽകിയ വിശദീകരണങ്ങൾ ജമാ-അത്തിന്റെ വെബ്‌ സൈറ്റിൽനിന്ന്‌തന്നെ വായിച്ച്‌ നോക്കുക.

അനിസ്ലാമിക വ്യവസ്ഥിതിയിൽ നിന്നുള്ളവിട്ടു നിൽപ്‌ ജമാ-അത്തിന്റെ ഭരണഘടനയിൽ ഇപ്പോഴും കിടക്കുന്നുണ്ടല്ലോ?

ചുരുക്കത്തിൽ

1-വിവാഹം പോലും കഴിക്കാതെ സംഘപ്രവർത്തനത്തിന്‌ ജീവിതം ഉഴിഞ്ഞുവെച്ച നിരവധി ആറെസ്സെസ്‌ കാഡെർമ്മാർക്ക്‌ നിരവധി മതേതര,ദേശീയനേതാക്കളുമായി അടുത്തവ്യക്തിബന്ധങ്ങളുണ്ടായിരുന്നു.എന്തിന്‌ ജമാ-അത്തുകാരുമായിപോലും അടിയന്തിരാവസ്ഥയിലെ ഒന്നിച്ചുള്ള ജയിൽ വാസത്തിലൂടെ വ്യക്തിബന്ധം സ്ഥാപിച്ചിരുന്നു.മൗദൂദിയും ഒരുനല്ലവ്യക്തിയും സുഹൃത്തുമായിരുന്നിരിക്കണം പലർക്കും.

2-ജമാ-അത്തിന്റെ സംഘടനയും കാഡർസ്സമ്പ്രദായവും കമ്യൂണിസ്റ്റ്‌ പാർട്ടിയെ മാതൃകയാക്കിയിട്ടാണെന്ന് അസ്ഗർ അലി എഞ്ചിനീയറെപ്പോലുള്ള പലരും മുൻപ്‌ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്‌.

3-മുഖാവരണം എന്നർത്ഥമുള്ള പർദ്ദയെ അദ്ദേഹത്തിന്റെ പ്രസ്ഥാനം അംഗീകരിച്ചിട്ടുണ്ട്‌.പാക്കിസ്ഥാൻ ജമാ-അത്തിന്റെ വനിതാവിഭാഗത്തിന്റെ വെബ്സൈറ്റിന്റെ മുഖചിത്രം നോക്കുക.

4-മൗദൂദി പാക്കിസ്ഥാൻ വാദത്തിനും സ്വതന്ത്രഹൈദരാബാദിനും എതിരായിരുന്നിരിക്കാം.എന്നാൽ പാക്കിസ്ഥാൻ ജമാ-അത്തും കാഷ്മീരി ജമാ-അത്തും അവിടെ സായുധസംഘമുണ്ടാക്കിയതിന്റെ ഗുട്ടൻസ്‌ പിടികിട്ടുന്നില്ല.കാഷ്മീരി ജമാ-അത്തിൽ നിന്ന് ഈയിടെ പുറത്താക്കപ്പെട്ട അലീഷാഗീലാനി മാധ്യമം പത്രത്തിലും പ്രബോധനത്തിലും എത്ര തവണ തന്റെ കാഷ്മീരി നിലപാടിനെ ന്യായീകരിച്ച്‌ ലേഖനവും അഭിമുഖവും നൽകിയിട്ടുണ്ട്‌ എന്നത്‌ ഓർക്കുക.

4-മൗദൂദിക്കോ ജമാ-അത്തിനോ പട്ടാളത്തൊടോ രാജാധിപത്യത്തോടോ എന്ന പോലെ ജനാധിപത്യത്തോടും ആശയപരമായി/വാക്കിൽ എതിർപ്പുണ്ടായിരുന്നു എന്ന് സമ്മതിക്കാം.എന്നാൽ പ്രായോഗികമായി പട്ടാളത്തോടും രാജ്ജാക്കന്മാരോടും ആയിരുന്നു കൂറ്‌.പട്ടാളത്തോടല്ല ഇസ്ലാമിസ്റ്റല്ലാത്ത പട്ടാളത്തോടും രാജാവിനോടും ആയിരുന്നു എതിർപ്പ്‌.ജ.സിയാവുൽ ഹഖിന്റെ പട്ടാളമന്ത്രിസഭയിൽ ജമ്മ-അത്തിന്‌ മുന്തിയപരിഗണനയാണ്‌ കിട്ടിയത്‌.സിയയുടെ വലം കൈ ആയിരുന്നു ജമാ-അത്ത്‌.സൗദി ഭരണകൂടത്തോടുള്ള മൗദൂദിയുടെ വിധേയത്വം അങ്ങേയറ്റമായിരുന്നു.സുഡാനിലെ ഇസ്ലാമികപട്ടാള അട്ടിമറിയോടും ഉമർ ബഷീറിനോടും ജമാ-അത്ത്‌ അനുകൂലമാണ്‌.

5-നിലവിലുള്ള ജമാ-അത്തുകാർ മൗദൂദിയെ പ്രദിരോധിക്കാൻ ആമ്പിയറില്ലാത്തവരാണ്‌ എന്ന് ലേഖകൻ തന്നെ സമ്മതിക്കുന്നുണ്ടല്ലോ.അടിയന്തിരാവസ്ഥയിൽ നിരോധിക്കപ്പെട്ടപ്പോൽ ജമാ-അത്ത്‌ പിരിച്ചുവിട്ട്‌ കോൺഗ്രസ്സിൽ ചേരണമെന്ന് ചിന്തിച്ച മൗദൂദിസ്റ്റ്നേതാക്കളെപറ്റി ഒ അബ്ദുല്ല പറയുന്നുണ്ടല്ലോ.മൗദൂദിസം അസംബന്ധവും അടിസ്ഥാനരഹിതവുമായ ചിലവ്യാമോഹങ്ങളിന്മേലും നിലപാടിന്മേലും കെട്ടിപ്പടുത്ത ഒരു കൃത്രിമ അവിയൽ ഐഡിയോളജിയാണ്‌.മൗദൂദിസത്തെ വിട്ട്‌ പ്രായോഗികവാദത്തിൽ ആശ്രയം നേടിയിരിക്കുകയാണത്‌.മുങ്ങിയും പൊങ്ങിയും വീള്ളം കുടിച്ചും അത്‌ പിടിച്ചു നിൽക്കാൻ നോക്കുന്നതിന്റെ പരിഹാസ്യകാഴ്ചയാണ്‌ നാമിപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്‌.

മൗദൂദിയെപ്പോലെ ജമാ-അത്തും വൈരുദ്ധ്യങ്ങളുടെ ആള്രൂപമാണ്‌.

1 അഭിപ്രായം: