2009, ജൂൺ 27, ശനിയാഴ്‌ച

ജമാ-അത്തിന്റെ ഭരണഘടന കാലഹരണപ്പെട്ടോ? -വിശകലനത്തിന്‌ മുമ്പൊരു വായന.

ജമാ-അത്തിന്റെ ഭരണഘടനയിലെ പ്രസക്ത ഭാഗങ്ങൾ വായിക്കൂ. ഊന്നൽ ലേഖകന്റേത്‌.

”ആദർശം
ഖണ്ഡിക: 3
ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാന ആദർശം 'ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുർറസൂലുല്ലാഹി' എന്നതാകുന്നു. അതായത്‌, 'ഇലാഹ്‌' അല്ലാഹു മാത്രമാകുന്നു; അവനല്ലാതെ ഒരു ഇലാഹും ഇല്ല; മുഹമ്മദ്‌(സ) അല്ലാഹുവിന്റെ 'റസൂൽ' ആകുന്നു.
വിശദീകരണം : ഈ ആദർശത്തിലെ ആദ്യഭാഗത്തിന്റെ, അതായത്‌, അല്ലാഹു ഏക 'ഇലാഹ്‌' ആണെന്നും മറ്റാരും 'ഇലാഹ്‌' അല്ലെന്നും ഉള്ളതിന്റെ വിവക്ഷ ഇതാണ്‌: ഏതൊരുവൻ നമ്മുടെയും അഖില ലോകത്തിന്റെയും സ്രഷ്ടാവും രക്ഷിതാവും നിയന്താവും ഉടമസ്ഥനും പ്രകൃതിനിയമ വിധികർത്താവും ആണോ, അതേ അല്ലാഹു തന്നെയാണ്‌ വാസ്തവത്തിൽ നമ്മുടെയെല്ലാം സാക്ഷാൽ 'മഅ്ബൂദും' സാ•ാ‍ർഗിക വിധികർത്താവും; ആരാധനയ്ക്കർഹനും യഥാർഥത്തിൽ അനുസരിക്കപ്പെടേണ്ടവനും അവൻ മാത്രമാകുന്നു. പ്രസ്തുത നിലകളിലൊന്നും അവന്ന്‌ യാതൊരു പങ്കാളിയുമില്ല.
ഈ യാഥാർഥ്യം ഗ്രഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതുമൂലം താഴെ പറയുന്ന സംഗതികൾ മനുഷ്യന്റെ മേൽ നിർബന്ധമാകുന്നതാണ്‌:
1. അല്ലാഹുവെ അല്ലാതെ മറ്റാരെയും രക്ഷാകർത്താവോ കൈകാര്യകർത്താവോ ആവശ്യങ്ങൾ നിറവേറ്റുന്നവനോ ബുദ്ധിമുട്ടുകൾ തീർക്കുന്നവനോ സങ്കടങ്ങൾ കേൾക്കുന്നവനോ സംരക്ഷിക്കുന്നവനോ സഹായിക്കുന്നവനോ ആയി ധരിക്കാതിരിക്കുക. കാരണം, മറ്റാരുടെ പക്കലും യഥാർഥത്തിൽ യാതൊരു അധികാരശക്തിയും ഇല്ലതന്നെ.
2. അല്ലാഹുവെ ഒഴിച്ചു മറ്റാരെയും ലാഭനഷ്ടങ്ങൾ ഏൽപിക്കു ന്നവരായി കരുതാതിരിക്കുക; മറ്റാരോടും ഭക്തി കാണിക്കാതിരിക്കുക; മറ്റാരെയും ഭയപ്പെടാതിരിക്കുക; മറ്റാരിലും തന്നത്താൻ അർപ്പിക്കാതിരിക്കുക; മറ്റാരോടും പ്രതീക്ഷകൾ ബന്ധപ്പെടുത്താതിരിക്കുക. കാരണം, സകല അധികാരങ്ങളുടെയും ഉടമസ്ഥൻ വാസ്തവത്തിൽ അല്ലാഹു മാത്രമാകുന്നു.

5. അല്ലാഹുവെ ഒഴിച്ച്‌ മറ്റാരെയും ആധിപത്യത്തിന്റെ ഉടമസ്ഥനോ അധീശാധിപതിയോ ആയി കരുതാതിരിക്കുക; സ്വാധികാരപ്രകാരം കൽപ്പിക്കുവാനും നിരോധിക്കുവാനും അർഹരായി മറ്റാരെയും അംഗീകരിക്കാതിരിക്കുക; മറ്റാരെയും സ്വതന്ത്ര നിയമനിർമാതാവും 'ശാരിഉം' ആയി സ്വീകരിക്കാതിരിക്കുക; ഏക അല്ലാഹുവിനുള്ളതോ അവന്റെ നിയമത്തിനു വിധേയമായതോ അല്ലാത്ത ഏതുവിധ അനുസരണങ്ങളെയും ശരിയെന്ന്‌ അംഗീകരിക്കുന്നതിനെ നിഷേധിക്കുക. കാരണം, തന്റെ രാജ്യത്തിന്റെ ന്യായമായ ഏക ഉടമസ്ഥനും തന്റെ സൃഷ്ടികളുടെ ന്യായമായ ഏക വിധികർത്താവും അല്ലാഹു മാത്രമാകുന്നു. ഉടമസ്ഥതയ്ക്കും വിധികർത്തൃത്വത്തിനുമുള്ള അവകാശം വാസ്തവത്തിൽ അവന്നല്ലാതെ മറ്റാർക്കും സിദ്ധമല്ലതന്നെ.
10. അല്ലാഹുവിന്റെ പ്രീതിയും സാമീപ്യവും, തന്റെ മുഴു ശ്രമങ്ങളുടെ ലക്ഷ്യമായും മുഴു ജീവിതത്തിന്റെ അച്ചുതണ്ടായും സ്വീകരിക്കുക.
11. തന്റെ സ്വഭാവത്തിൽ, ചര്യയിൽ, സാമൂഹികവും നാഗരികവുമായ ബന്ധങ്ങളിൽ, സാമ്പത്തികവും രാഷ്ട്രീയവുമായ ഇടപാടുകളിൽ, അങ്ങനെ ജീവിതത്തിന്റെ എല്ലാ വിഷയത്തിലും അല്ലാഹുവിന്റെ നിർദേശത്തെ മാത്രം തനിക്ക്‌ നിർദേശമായി അംഗീകരിക്കുകയും അല്ലാഹു നിശ്ചയിച്ചുതന്നതോ അവന്റെ നിയമ നിർദേശങ്ങൾക്ക്‌ വിധേയമോ ആയ പദ്ധതിയെ മാത്രം തനിക്കു പദ്ധതിയായി സ്വീകരിക്കുകയും അവന്റെ ശരീഅത്തിനു വിരുദ്ധമായതെന്തും തള്ളിക്കളയുകയും ചെയ്യുക. ഈ ആദർശത്തിലെ രണ്ടാം ഭാഗത്തിന്റെ, അതായത്‌ മുഹമ്മദ്‌(സ) അല്ലാഹുവിന്റെ റസൂൽ ആണെന്നതിന്റെ വിവക്ഷ സാക്ഷാൽ 'മഅ്ബൂദും' പ്രപഞ്ചത്തിന്റെ അധിപതിയുമായ അല്ലാഹു, ഭൂവാസികളായ മനുഷ്യർക്കാകമാനം ഖിയാമത്തുനാൾ വരേക്കുള്ള ഒരു പ്രാമാണിക മാർഗനിർദേശപത്രവും പരിപൂർണ ജീവിതപദ്ധതിയും കൊടുത്തയച്ച്‌, ആ നിർദേശത്തിനും പദ്ധതിക്കും അനുസരിച്ച്‌ പ്രവർത്തിച്ചുകൊണ്ട്‌, ഒരു പരിപൂർണ ജീവിതമാതൃക സംസ്ഥാപിക്കുവാൻ നിയോഗിച്ചിട്ടുള്ള അന്ത്യപ്രവാചകൻ മുഹമ്മദ്‌(സ) തിരുമേനി ആണെന്നാകുന്നു.
ഈ വസ്തുത ഗ്രഹിച്ചംഗീകരിക്കുന്നതിനാൽ താഴെ പറയുന്ന സംഗതികൾ മനുഷ്യന്റെ മേൽ അനിവാര്യമായിത്തീരുന്നു:
1. മുഹമ്മദ്‌(സ) തിരുമേനിയിൽനിന്നുള്ളതെന്നു തെളിഞ്ഞ എല്ലാ ശിക്ഷണ നിർദേശങ്ങളെയും നിരുപാധികമായി സ്വീകരിക്കുക.

3. ദൈവദൂതന്റേതൊഴിച്ചു മറ്റാരുടെയും സ്വതന്ത്രമായ നേതൃത്വവും മാർഗദർശനവും അംഗീകരിക്കാതിരിക്കുകയും മറ്റു മനുഷ്യരെ പിന്തുടരുന്നത്‌ അല്ലാഹുവിന്റെ കിതാബിനും റസൂലിന്റെ സുന്നത്തിനും വിധേയമായിട്ടല്ലാതെ അവ രണ്ടിൽനിന്നും സ്വതന്ത്രമായിക്കൊണ്ടാവാതിരിക്കുകയും ചെയ്യുക.
4. സ്വജീവിതത്തിലെ സകല ഇടപാടുകളിലും അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തുംതന്നെ സാക്ഷാൽ പ്രമാണവും മൂലാധാരവും അടിസ്ഥാനരേഖയുമായി അംഗീകരിക്കുകയും കിതാബിനും സുന്നത്തിനും യോജിക്കുന്ന ആദർശവും വിശ്വാസവും മാർഗവും മാത്രം അവലംബിക്കുകയും അവയ്ക്കെതിരായതെന്തും തിരസ്കരിക്കുകയും ചെയ്യുക.
5. വ്യക്തിപരമോ കുടുംബപരമോ ഗോത്രപരമോ ജാതീയമോ ജനകീയമോ ദേശീയമോ വർഗപരമോ പാർട്ടിപരമോ ഏതുതന്നെയായിരുന്നാലും ശരി സകല അനിസ്ലാമിക
പക്ഷപാതങ്ങളെയും മനസ്സിൽനിന്നു പുറംതള്ളുകുയും ദൈവദൂതനാൽ ഉന്നയിക്കപ്പെട്ട സത്യത്തോടുള്ള സ്നേഹബഹുമാനത്തെ അതിജയിക്കുകയോ അതിനോട്‌ കിടനിൽക്കുകയോ ചെയ്യുമാറ്‌ മറ്റാരുടെയും സ്നേഹബഹുമാനത്തിൽ സ്വയം ബന്ധിതനാവാതിരിക്കുകയും ചെയ്യുക.

ലക്ഷ്യം
ഖണ്ഡിക: 4
ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം 'ഇഖാമത്തുദ്ദീൻ' (ദീൻ നിലനിർത്തുക) ആകുന്നു. അതിനുള്ള സാക്ഷാൽ പ്രേരകശക്തിയാകട്ടെ, അല്ലാഹുവിന്റെ പ്രീതിയും പരലോകവിജയവും സിദ്ധിക്കുകയെന്നതുമത്രെ.
വിശദീകരണം : 'ഇഖാമത്തുദ്ദീൻ' എന്നതിലെ 'ദീൻ' കൊണ്ടുള്ള വിവക്ഷ, പ്രപഞ്ചകർത്താവായ അല്ലാഹു, തന്റെ സകല പ്രവാചക•ാ‍രും മുഖേന വിവിധ കാലങ്ങളിലും ദേശങ്ങളിലുമായി അയച്ചുകൊണ്ടിരുന്നതും അവസാനം തന്റെ അന്ത്യപ്രവാചകനായ മുഹമ്മദ്‌ നബി(സ) മുഖേന അഖില മനുഷ്യരുടെയും മാർഗദർശനത്തിനായി, അന്തിമവും
പരിപൂർണവുമായ രൂപത്തിൽ അവതരിപ്പിച്ചിട്ടുള്ളതുമായ സത്യദീനാകുന്നു. ഇന്ന്‌ ലോകത്ത്‌ പ്രാമാണികവും സുരക്ഷിതവും അല്ലാഹുവിങ്കൽ സ്വീകാര്യവുമായി സ്ഥിതിചെയ്യുന്ന ഏക ദീൻ ഇതൊന്നുമാത്രമാണ്‌. അതിന്റെ പേരത്രെ ഇസ്ലാം!

ഈ ദീൻ മനുഷ്യന്റെ ബാഹ്യാന്തരങ്ങളെയും മനുഷ്യജീവിതത്തിന്റെ വ്യക്തിഗതവും സമഷ്ടിഗതവുമായ നാനാതുറകളെയും ഉൾക്കൊള്ളുന്നുണ്ട്‌. ആദർശം, വിശ്വാസം, ആരാധനകൾ, സ്വഭാവചര്യകൾ തുടങ്ങി സാമ്പത്തികം, രാഷ്ട്രീയം, സാമൂഹികം വരെയുള്ള മനുഷ്യജീവിതത്തിന്റെ യാതൊരു വകുപ്പും അതിന്റെ പരിധിക്ക്‌ പുറത്തല്ല. ഈ ദീൻ ദൈവപ്രീതിയും പാരത്രിക വിജയലബ്ധിയും ഉറപ്പുനൽകുന്നതായതുപോലെത്തന്നെ, ഐഹിക പ്രശ്നങ്ങളുടെ യുക്തമായ പരിഹാരത്തിനുള്ള അത്യുത്തമമായൊരു ജീവിത വ്യവസ്ഥിതിയുമാണ്‌. ഉത്തമവും
പുരോഗമനോ•ു‍ഖവുമായ വ്യക്തി-സമൂഹ ജീവിത സംവിധാനം ഇതിന്റെ സംസ്ഥാപനം മൂലമേ സാധ്യമാവുകയുള്ളൂ.
ഈ ദീനിന്റെ 'ഇഖാമത്ത്‌' കൊണ്ടുള്ള വിവക്ഷ, യാതൊരുവിധ പരിഛേദവും വിഭജനവും കൂടാതെ, ഈ ദീനിനെ മുഴുവനായി ആത്മാർഥതയോടും ഏകാഗ്രതയോടും കൂടി പിന്തുടരുകയും വ്യക്തിയുടെ പുരോഗതിയും സമുദായത്തിന്റെ നിർമാണവും രാഷ്ട്രത്തിന്റെ സംവിധാനവും എല്ലാംതന്നെ ഈ ദീനിന്‌ അനുരൂപമായിരിക്കുമാറ്‌ മനുഷ്യജീവിതത്തിന്റെ വ്യക്തിപരവും സാമൂഹികവുമായ സകല തുറകളിലും ഇതിനെ പൂർണമായി നടപ്പിൽവരുത്തുകയും ചെയ്യുക എന്നതാകുന്നു. ഈ ദീനിന്റെ സംസ്ഥാപനത്തിനുള്ള ഉത്തമവും
പ്രായോഗികവുമായ മാതൃക മുഹമ്മദ്‌ നബി(സ)യും ഖുലഫാഉർറാശിദുകളും(റ) സ്ഥാപിച്ചു കാണിച്ചിട്ടുള്ളതാണ്‌.
പ്രവർത്തനമാർഗം
ഖണ്ഡിക: 5
ലക്ഷ്യപ്രാപ്തിക്കു വേണ്ടിയുള്ള ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തനമാർഗം താഴെ വിവരിക്കും പ്രകാരമായിരിക്കും:
1. ഖുർആനും സുന്നത്തും ജമാഅത്തിന്റെ പ്രവർത്തന അസ്തിവാരമായിരിക്കും. മറ്റുള്ളവയെല്ലാം രണ്ടാംപടിയിലും ഖുർആനും സുന്നത്തും അനുസരിച്ച്‌ പഴുതുള്ളേടത്തോളവും മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ.



ഉത്തരവാദിത്വങ്ങൾ
ഖണ്ഡിക: 8
ഓരോ ജമാഅത്തംഗത്തിനും താഴെ വിവരിക്കുന്ന കാര്യങ്ങൾ നിർബന്ധമായിരിക്കും:
1. ദീനിലെ മുഴുവൻ നിർബന്ധകടമകളും അവയുടെ 'ശർഇ'യായ വ്യവസ്ഥകളോടുകൂടി നിർവഹിക്കുക.

5. തന്റെ ധനത്തിലോ ഭൂസ്വത്തിലോ മറ്റാരുടെയെങ്കിലും അപഹരിക്കപ്പെട്ട വല്ല അവകാശവും ഉൾപ്പെടുന്നുണെ്ടങ്കിൽ അത്‌ അവർക്ക്‌ തിരിച്ചുകൊടുക്കുക. അവകാശി ആരെന്നും അപഹരിക്കപ്പെട്ട വസ്തു ഏതെന്നും എത്രയെന്നും വ്യക്തമായി അറിഞ്ഞെങ്കിലേ അതു നിർബന്ധമുള്ളൂ. അല്ലാത്ത പക്ഷം പാപമോചനത്തിനായുള്ള പ്രാർഥനയോടും പശ്ചാത്താപത്തോടുമൊപ്പം തൽപരിഹാരാർഥം സാധ്യമായ പരിശ്രമം ചെയ്യേണ്ടതാണ്‌.
6. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയിൽ താൻ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിർമാണസഭയിലെ അംഗമോ അതിന്റെ കോടതിവ്യവസ്ഥയിൻ കീഴിൽ ന്യായാധിപസ്ഥാനത്ത്‌ നിയമിക്കപ്പെട്ടവനോ ആണെങ്കിൽ ആ സ്ഥാനം കൈയൊഴിക്കുക. 7. ഖണ്ഡിക: 6-ലെ ആവശ്യങ്ങൾ കഴിവതും പൂർത്തീകരിക്കുക.
8. 3, 4 ഖണ്ഡികകളിൽ വ്യക്തമാക്കപ്പെട്ടിട്ടുള്ള ആദർശലക്ഷ്യങ്ങളിലേക്ക്‌ അല്ലാഹുവിന്റെ അടിമകളെ തന്റെ കഴിവും പ്രാപ്തിയുമനുസരിച്ച്‌ ക്ഷണിക്കുക; ഈ ആദർശലക്ഷ്യങ്ങൾ അംഗീകരിക്കുന്നവരെ 'ഇഖാമത്തുദ്ദീനി'നു വേണ്ടിയുള്ള സംഘടിത ശ്രമങ്ങൾക്ക്‌ പ്രേരിപ്പിക്കുകയും ചെയ്യുക.
ഉദ്ദിഷ്ട മാനദണ്ഡം
ഖണ്ഡിക: 9
ഓരോ ജമാഅത്ത്‌ അംഗവും താഴെ വിവരിക്കുന്ന സംഗതികൾക്കായി പരിശ്രമിക്കേണ്ടതുണ്ട്‌:
1. ഇസ്ലാമും ജാഹിലിയ്യത്തും (അനിസ്ലാം) തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ അറിയുകയും അല്ലാഹു നിശ്ചയിച്ച പരിധികൾ മനസ്സിലാക്കുകയും ചെയ്യുക.
3. എല്ലാ ഇടപാടുകളിലും തന്റെ വീക്ഷണകോണിനെയും ചിന്താഗതിയെയും കർമത്തെയും ദൈവനിർദേശത്തിനൊത്ത്‌ രൂപപ്പെടുത്തുക; തന്റെ ജീവിതോദ്ദേശ്യത്തെയും തന്റെ ഇഷ്ടത്തിന്റെയും വിലയുടെയും മാനദണ്ഡത്തെയും തന്റെ കൂറുകളുടെ അച്ചുതണ്ടിനെയും ദൈവപ്രീതിക്കനുയോജ്യമായി മാറ്റുക; മർക്കടമുഷ്ടിയും അഹന്തയും സ്വാർഥവുമാകുന്ന ബിംബത്തെ തകർത്ത്‌ ദൈവത്തിന്റെ ആജ്ഞാനുവർത്തിയാവുക.
4. ശരീഅത്ത്‌ വിധികൾക്ക്‌ വിരുദ്ധമായ എല്ലാ അനിസ്ലാമികാചാരങ്ങളിൽനിന്നും ജീവിതത്തെ പരിശുദ്ധമാക്കുക.
5. ദേഹേച്ഛയുടെയും ഭൗതികപൂജയുടെയും അടിസ്ഥാനത്തിലുള്ളതും ദീനിൽ തീരേ പ്രാധാന്യമില്ലാത്തതും ആയ പക്ഷപാതങ്ങളിൽനിന്നും അഭിരുചികളിൽനിന്നും ഹൃദയത്തെയും ആ വക പ്രവൃത്തികളിൽനിന്നും ചർച്ചകളിൽനിന്നും തർക്കങ്ങളിൽനിന്നും ജീവിതത്തെയും പരിശുദ്ധമാക്കുക.
7. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പിൽ സഹായിയോ ആണെങ്കിൽ ആ അഹോവൃത്തിമാർഗത്തിൽനിന്ന്‌ കഴിയുംവേഗം ഒഴിവാകുക. 8. നിർബന്ധിതാവസ്ഥയിലല്ലാതെ, ഇടപാടുകളുടെ തീർപ്പിനായി അനിസ്ലാമിക കോടതികളെ സമീപിക്കാതിരിക്കുക. 9. തന്റെ ഇടപാടുകൾ നീതിയുടെയും ന്യായത്തിന്റെയും ദൈവഭക്തിയുടെയും കറയറ്റ സത്യസന്ധതയുടെയും അടിസ്ഥാനത്തിൽ നിലനിർത്തുക.
10. തന്റെ അധ്വാന പരിശ്രമങ്ങളെയെല്ലാം 'ഇഖാമത്തുദ്ദീനാ'കുന്ന ലക്ഷ്യത്തിൽ കേന്ദ്രീകരിക്കുക. തന്റെ ജീവിതത്തിന്റെ സാക്ഷാൽ ആവശ്യങ്ങൾക്കുള്ളതൊഴിച്ച്‌ പ്രസ്തുത ലക്ഷ്യത്തിലേക്കെത്തുന്നതിന്‌ സഹായകമല്ലാത്ത സകല പ്രവർത്തനങ്ങളിൽനിന്നും വിരമിക്കുക.

ഭരണഘടനയുടെ വ്യാഖ്യാനം
ഖണ്ഡിക: 72
ഈ ഭരണഘടനയുടെ വ്യാഖ്യാനത്തിൽ
വല്ല അഭിപ്രായവ്യത്യാസവും സംഭവിക്കുന്നപക്ഷം കേന്ദ്രമജ്ലിസ്‌ ശൂറയുടെ യോഗം അതിൽ തീരുമാനം ചെയ്യുന്നതായിരിക്കും
. “

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ