വിശകലത്തിനൊരു മുഖവുര.
ജമാ-അത്തിന്റെ ഭരണഘടനയിലെ ഭാഗങ്ങൾ വായിച്ച് കഴിഞ്ഞപ്പോൾ തന്നെ ഒരു ദീർ ഘ വിശകലനം ആവശ്യമില്ലാത്തവിധം ഒരുപാടു ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങളുടെ മനസ്സിലൂടെ കടന്നു പോയിട്ടുണ്ടാകും. സാഹചര്യങ്ങളുടെ സമ്മർദ്ദ ഫലമായി ജമാ-അത്തെ ഇസ്ലാമി നിരന്തരമായി നയം മാറ്റങ്ങൾ നടത്താൻ നിർബന്ധിതമാകുമ്പോൾ, അത് മുമ്പ് ജമാ-അത്ത് പിന്തുടർന്നിരുന്ന അടിസ്ഥാന നിലപാടുകളിൽ നിന്നു തന്നെയുള്ള വ്യതിയാനമാകുന്നതിന്റെ പരിഹാസ്യമായ കാഴ്ചയാണു നാം കണ്ടു കൊണ്ടിരിക്കുന്നത്
.
ജമാ-അത്തിന്റെ നിലവിലുള്ള ഭരണഘടന ഇനിമുതൽ ജമാ-അത്തിനു തന്നെ ഒരു ഭാരമായി തുടരാതെ വയ്യ.ജമാ-അത്തിന്റെ രാഷ്ട്രീയ പ്രവേശനം കഴിഞ്ഞ ലോകസഭാതിരഞ്ഞെടുപ്പിനു മുമ്പ് കൊട്ടി ഘോഷത്തോടെ പ്രഖ്യാപിക്കപ്പെട്ടെങ്കിലും അത് യാഥാർത്ഥ്യമാകാതിരിക്കുന്നതിന്റെ കാരണം അതിന്റെ നിലവിലുള്ള ഭരണഘടനയാണെന്നു കേൾക്കുന്നത് ശരിയാവാതിരിക്കൻ ഇടയില്ല.
ഇലക്ഷൻ കമ്മീഷൻ ഭരണഘടന തിരുത്തിയെഴുതാൻ ആവശ്യപ്പെട്ടെന്നും അത് ജമാ-അത്ത് നേതൃത്വത്തിൽ ഭിന്നത സൃഷ്ടിച്ചെന്നും ഒക്കെയുള്ള പ്രചരണം വെറും അഭ്യൂഹം മാത്രമായി തള്ളിക്കളയാം.എന്നിരുന്നാലും ജമാ-അത്തിന്റെ ഇന്നത്തെ വേഷപ്പകർച്ചകൾക്ക് അതിന്റെ ഭരണഘടന ഒരു ബാധ്യത തന്നെയാകുമെന്ന് കാണാൻ ഒരു ഗവേഷണത്തിന്റെ ആവശ്യമൊന്നുമില്ല.
മുസ്ലിം ലീഗ് അതിന്റെ ഭരണഘടനയിൽ മതേതരത്വം, സോഷ്യലിസം,ജനാധിപത്യം എന്നിവയൊക്കെ ലക്ഷ്യമാക്കി എഴുതിവെച്ചതിന്റെ പേരിൽ ജമാ-അത്ത് ലീഗിനെ ഒരു കാലത്ത് കുറേ ഭത്സിച്ചിരുന്നു.ഇന്ത്യയിൽ,തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ ഇതൊക്കെ ഭരണഘടനയിൽ എഴുതി വെക്കേണ്ടതുണ്ടെന്ന യാഥാർത്ഥ്യബോധം മുമ്പേ ഉണ്ടാകേണ്ടിയിരുന്നെന്ന്, ഇപ്പോഴെങ്കിലും ജമാ-അത്തിനു ബോധ്യമായിട്ടുണ്ടാവുമെന്ന് കരുതാം.
തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനായി ഇലക്ഷൻ കമ്മീഷനുമുമ്പിൽ ജമാ-അത്തെ ഇസ്ലാമി, അല്ലെങ്കിൽ അത് തട്ടിപ്പടച്ചുണ്ടാക്കുന്ന അതിന്റെ മുഖം മൂടി സംഘടന, ഭരണ ഘടന മാറ്റുന്നതോടെ ജമാ-അത്തും മുസ്ലിം ലീഗും തമ്മിലോ ജമാ-അത്തും മറ്റു മുസ്ലിം സംഘടനകളും തമ്മിലോ താത്വിക തലത്തിലും പ്രയോഗതലത്തിലും വ്യത്യാസങ്ങൾ നിലനിൽക്കില്ല എന്ന് ഉറപ്പിച്ചു പറയാം.
ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും സോഷ്യലിസവും ഒക്കെ ജമാ-അത്തിന്റെ മതരാഷ്ട്ര വാദത്തിനും അതിന്റെ ഭരണഘടനക്കും ഒന്നും എതിരല്ല എന്ന് സ്ഥാപിക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കുറെ കാലമായി. എന്നാൽ അതത്ര എളുപ്പമല്ല എന്ന് ഭരണഘടന വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
മറ്റു മുസ്ലിം സംഘടനകളുമായി ജമാ-അത്ത് പ്രബോധനത്തിലൂൂടെയും മറ്റും നടത്തിയിട്ടുള്ള വാദപ്രതിവാദങ്ങൾ പൊടിതട്ടിയെടുത്താൽ മാത്രം മതി ജമാ-അത്തിന്റെ ഇന്നത്തെ വ്യാഖ്യാനങ്ങൾക്ക് മറുപടിയാവാൻ.
അതുകൊണ്ടൊക്കെത്തന്നെ ജമാ-അത്തിന്റെ ഭരണഘടനയുടെ വിശകലനത്തിനു വിവിധ തലങ്ങളുണ്ട്.
മതസംഘടനകളുടെ ഭാഗത്തുനിന്നുള്ള പുതുതായുണ്ടകുന്ന ചോദ്യങ്ങളാണു അതിന്റെ ഒരു തലം.ഇതിന്റെ ഭാഷയും സംജ്ഞാവലികളും മതേതര വായനക്കാർക്ക് അത്ര ദഹിച്ചില്ലെന്നു വരാം.എന്നാലും ഈ തലത്തിലിള്ള വിമർശനം ജമാ-അത്തിനു വെല്ലു വിളി ഉയർത്തുകതന്നെ ചെയ്യും.ഇത്തരം വിമർശ്ശനം മുസ്ലിം സംഘടനകൾ ക്രിയാത്മകമായി മുന്നോട്ടു കൊണ്ടു പോകുമെന്ന് കരുതാം.
മറ്റു മത സംഘടനകളുടെ വിമർശ്ശനങ്ങളെ വരേണ്യമായ പുച്ചത്തോടെ, മറുപടി പറയാതെ തള്ളിക്കളയാനേ ജമാ-അത്ത് ശ്രമിക്കുകയുള്ളൂ.മറ്റു മുസ്ലിം സംഘടനകളേക്കാളും സാസ്കാരികമായും പാണ്ഠിത്യത്തിലും പരിഷ്കാരത്തിലും തങ്ങളാണു മുന്നിലെന്ന അഹംഭാവം ജമാ-അത്തുകാർക്ക് പൊതുവെ ഉള്ളതാണ്.വരേണ്യമായ, പരിശുദ്ധിബോധവും തങ്ങൾ വ്യത്യസ്തരാണെന്നുള്ള തോന്നലും ജമാ-അത്ത് അതിന്റെ മധ്യവർഗ്ഗക്കാരായ അണികളിൽ നിരന്തരം പുനരുത്പാദിപ്പിക്കുന്നതിനാൽ മറ്റുള്ളവരുടെ കാതലായ ചോദ്യങ്ങൾക്ക് ഉത്തരം പറയാതെ പരിഹാസമോ പ്രത്യാരോപണമോ നടത്തി തടിതപ്പുകയാവും ഉണ്ടാവുക.
മതേതപക്ഷത്തുനിന്നും സമാന്യ ജനത്തിന്റെ ഭാഗത്തുനിന്നും ഉന്നയിക്കുന്ന സംശയങ്ങളാണു മറ്റൊന്ന്.ഒരു നവസാമൂഹിക പ്രസ്ഥാനത്തിന്റെ രൂപത്തിലേക്ക് വേഷപ്പകർച്ച നടത്തിക്കൊണ്ടിരിക്കുന്ന ജമാ-അത്ത് ജനാധിപത്യത്തിനും മതേതരത്വത്തിനും നൽകുന്ന വില എന്താണെന്ന് തങ്ങൾക്കൊപ്പം സഹകരിക്കുന്ന പ്രസ്ഥാനങ്ങൾക്ക് മുമ്പിൽ സത്യസന്ധമായി തുറന്നു പറയേണ്ടി തന്നെവരും.
ആമുഖമായി ഇത്രമാത്രം പറയുന്നു.ഒരു സമാന്യ വായനക്കാരന്റെ വിശകലനം മാത്രമാണിവിടെ നടത്താൻ പോകുന്നത്.ഒരു ഹ്രസ്വ വിശകലനം.
2009, ജൂൺ 29, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ