ദൈവികമല്ലാത്ത ഭരണ വ്യവസ്ഥ,ഇന്ത്യ,ജമാ-അത്തെ ഇസ്ലാമി.
ജമാ-അത്തിന്റെ ഭരണഘടനയുടെ വിമർ ശനം തുടങ്ങേണ്ടത് ഖണ്ഡിക 8 ലെ ഓരോ ജമാ-അത്തംഗവും നിർബന്ധമായി പാലിക്കേണ്ട കാര്യങ്ങളിൽ 6-ആമത്തെ കാര്യത്തിൽ നിന്നാണ് .
" ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയിൽ താൻ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിർമാണസഭയിലെ അംഗമോ അതിന്റെ കോടതിവ്യവസ്ഥയിൻ കീഴിൽ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കിൽ ആ സ്ഥാനം കൈയൊഴിക്കുക."
ഇതിന്റെ വിപുലീകരണം എന്നോ തീവ്രമായ സക്ഷാത്കരണം എന്നോ പറയാവുന്ന ,ഖണ്ഡിക 9-ലെ ഓരോ ജമാ-അത്തംഗവും പരിശ്രമിക്കേണ്ട സംഗതികളിൽ 7-ആമതായി പറയുന്ന ഭാഗവും പ്രത്യേകം എടുത്തുപറിയേണ്ടതുണ്ട്.
" ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പിൽ സഹായിയോ ആണെങ്കിൽ ആ അഹോവൃത്തിമാർഗത്തിൽനിന്ന് കഴിയുംവേഗം ഒഴിവാകുക."
എന്തുകൊണ്ടാണ് ഇവയിൽ നിന്നു തുടങ്ങണം എന്ന് പറിയുന്നതെന്നുവെച്ചാൽ ജമാ-അത്തിന്റെ സിദ്ധാന്തവും പ്രയോഗവും യാതൊരുവിധ വ്യഖ്യാനങ്ങൾക്കും മറച്ചു വെക്കാൻ കഴിയാത്ത വിധം തെളിഞ്ഞു കിടക്കുന്നത് ഇവയിലാണ് എന്നത് കൊണ്ടാണ്.
മതേതരത്വത്തിന്റെ കാര്യത്തിലായാലും ദേശീയത,ജനാധിപത്യം എന്നിവയെക്കുറിച്ചായാലും ജമാ-അത്ത് ഇന്ന് നൽകുന്ന വിശദീകരണങ്ങൾക്കൊന്നും പിടികൊടുക്കാതെ അവശേഷിക്കുന്ന ഈ വാക്യങ്ങളുടെ ആശയ-പ്രായോഗിക വിവക്ഷകൾ മാത്രം മതി ജമാ-അത്തിന്റെ പ്രത്യയ ശാസ്ത്ര കാപട്യം തുറന്നു കാട്ടാൻ.
ജമാ-അത്തുകാർ ഒരു കാലത്ത് സർക്കാർ ജോലികളിൽ നിന്ന് വിട്ടു നിന്നത്,വോട്ടു ചെയ്യാതിരുന്നത്,തങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ അംഗീകാരം വാങ്ങാതിരുന്നത്, മറ്റു രാഷ്ട്രീയപാർട്ടികളിൽ അംഗമാകുന്നതും പ്രവർത്തിക്കുന്നതും ഇപ്പോഴും വിലക്കുന്നത് തുടങ്ങി പലതിന്റെയും കാരണവും തെളിവും വേറെ അന്വേഷിച്ചു പോകേണ്ടതില്ല.
ഇന്ത്യൻ രാഷ്ട്രീയ-സാമൂഹ്യ വ്യവസ്ഥയുമായും ജനസമൂഹത്തിന്റെ പ്രായോഗിക ജീവിതവുമായും ഏറെക്കാലം തികച്ചും അന്യമായി അകന്നു നിൽക്കുകയായിരുന്നു ജമാ-അത്ത്. മുഖ്യമായ്‌വും മധ്യവർഗ്ഗക്കാരായ ജമാ-അത്തിന്റെ നേതാക്കൾക്കും എണ്ണംവർദ്ധിച്ചുവരുന്ന അണികൾക്കും, ഇന്ത്യൻ സമൂഹ്യ വ്യവസ്ഥയിൽ തങ്ങളുടെ തൊഴിലും ബിസിനസ്സും ഒക്കെയായി പ്രായോഗിക ജീവിതം മുന്നോട്ടു കൊണ്ടു പോകണമെങ്കിൽ അത്യന്തം വിഭാഗീയമായ തങ്ങളുടെ പ്രത്യയശാസ്ത്രത്തെ, പ്രായോഗികവും മിതവാദപരവുമായ ഒരു പ്രവർത്തനരീതിയിലൂടെ ക്രമേണ ഇന്ത്യൻ യാഥാർത്ഥ്യങ്ങളോട് സമരസപ്പെടുത്തേണ്ടി വന്നു.
അത്യന്തം വിഭാഗീയവും തീവ്രവാദപരവുമായ ആശയങ്ങൾ വെച്ചു പുലർത്തുന്നസംഘടനകൾ ക്രമേണ യാഥാർത്ഥ്യങ്ങളുമായി പൊരുത്തപ്പെട്ട് പ്രായോഗിക രാഷ്ട്രീയത്തിൽ എത്തിപ്പെട്ടതിന് നിരവധി ഉദാഹരണങ്ങൾ നമ്മുടെ മുമ്പിലുണ്ടല്ലോ.നയം മാറ്റങ്ങളുടെയും രൂപമാറ്റങ്ങളുടെയും ചരിത്രത്തിൽ നമ്മുടെ കമ്യൂണിസ്റ്റ് പാർട്ടികളും നക്സലൈറ്റ് ഗ്രൂപ്പുകളും തന്നെ ഉദാഹരണം.ഇങ്ങനെ മാറുമ്പോൾ തങ്ങളുടെ പുതിയ നിലപാടുകളെ പഴയ നിലപാടുകളുമായി വ്യാഖ്യാനങ്ങളിലൂടെ ഏച്ചുകെട്ടാൻ ശ്രമിക്കാറുണ്ട്.ചിലകാര്യങ്ങളിൽ ചിലസംഘടനകൾ തങ്ങളുടെ മുൻ നിലപാടുകളിലെ തെറ്റുകൾ ഏറ്റു പറയാറുണ്ട്.ഇ എം എസ് നമ്പൂതിരിപ്പാടിനെപ്പോലുള്ളവർ നടത്തിയ ഏറ്റുപറച്ചിലുകൾ പ്രശസ്തമാണല്ലോ.
എന്നാൽ ജമാ-അത്തിന്റെ നയം മാറ്റങ്ങളിൽ ഇത്തരം ഏറ്റു പറച്ചിലുകൾ നടന്നതായി കേട്ടിട്ടില്ല.പകരം വ്യാഖ്യാനക്കസർത്തുകളിലൂടെയും തമസ്കരണങ്ങളിലൂടെയും വിമർശ്ശിക്കുനവരോട് പ്രത്യാരോപണം നടത്തിയും തങ്ങളുടെ കാപട്യം മറച്ചു വെക്കാറാണു പതിവ്.തങ്ങൾക്ക് മുൻ കാലത്ത് തെറ്റു പറ്റിയെന്ന് സത്യസന്ധമായി തുറന്ന് പറയുകയാണ് ഒരു ആദർശ്ശ പ്രസ്ഥാനമാണെങ്കിൽ ജമാ-അത്ത് ചെയ്യേണ്ടത്.
ജമാ-അത്തിന്റെ രാഷ്ട്രീയ പ്രവേശം ദൈവികേതര വ്യവസ്ഥയെ പുണരലാകില്ലേ?
ദൈവികമല്ലാത്ത ഭരണ വ്യവസ്ഥയാണല്ലോ ഇന്ത്യയിലെ ഭരണ വ്യവസ്ഥ. ഇനി ഇപ്പോൾ അങ്ങനെയല്ലെന്നും ജമാ-അത്ത് സ്ഥാപിക്കുമോ ആവോ.ഇന്ത്യയിലെ നിയമനിർമ്മാണ സഭകളിൽ അംഗമാകുന്നത് ജമാ-അത്തിന്റെ ഭരണഘടന വിലക്കുമ്പോൾ ജമാ-അത്ത് എങ്ങിനെയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുക?
ഇനി തിരഞ്ഞെടുപ്പിലൊന്നും മത്സരിക്കാതെ രാഷ്ട്രീയത്തിൽ ഇറങ്ങുകയാകുമോ ജമാ-അത്ത് ചെയ്യുക? തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വോട്ട് ചെയ്യുന്നതും തമ്മിൽ ഭരണഘടന മുന്നോട്ട് വെക്കുന്ന അടിസ്ഥാന നിലപാട് വെച്ചു നോക്കുമ്പോൾ വ്യത്യാസം കാണാൻ കഴിയില്ല.ജമാ-അത്തംഗങ്ങൾ നിയമ നിർമ്മാണ സഭകളിൽ അംഗമാകരുത് എന്ന് പറയുന്നത് അത് ഇസ്ലാമിന് വിരുദ്ധമായത് കൊണ്ടാണല്ലോ.അത് ജമാ-അത്തല്ലാത്ത മുസ്ലിമിനും നിഷിദ്ധമാകണമല്ലോ.കഴിയുന്നതും വേഗം ജമാ-അത്തംഗങ്ങൾ ഒഴിയേണ്ട അരുതാത്ത കാര്യങ്ങൾ മറ്റു മുസ്ലിംകൾ ചെയ്യുമ്പോൾ പ്രോത്സാഹിപ്പിക്കാൻ പാടുണ്ടോ?അങ്ങനെയെങ്കിൽ മറ്റു പാർട്ടികളിലെ "കരുത്തരായ" മുസ്ലിംകൾക്ക് വോട്ട് കൊടുക്കുന്നതും തെറ്റായ കാര്യമല്ലേ?(എം ഐ ഷാനവാസും ഇ ടി മുഹമ്മദ് ബഷീറുമൊക്കെ അനിസ്ലാമിക ഭരണ വ്യവസ്ഥക്കു കീഴിലെ പാർലമന്റിൽ എത്തുന്നതോടെ,ജമാ-അത്തിന്റെ ഈമാൻ സങ്കൽപം അടിസ്ഥാനമാക്കി പറഞ്ഞാൽ ദുർബലരായ വിശ്വാസികളാകുകയല്ലേ ഉണ്ടാവുക?)
ഒരു ജമാ-അത്ത്കാരൻ ഇന്ത്യൻ കോടതികളിൽ ന്യായാധിയപനാകാൻ പാടില്ല.ആ കോടതിയിൽ വക്കീൽ പണിയും പാടില്ലായിരിക്കും.ജമാ-അത്തുകാരെ വക്കീലന്മാരായി കണ്ടിട്ടില്ല.എന്നാൽ ഇന്ത്യൻ ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും ഇപ്പോഴും വിശ്വാസമർപ്പിക്കുന്ന റിട്ടയേർഡ് ജഡ്ജിമാരെയും വക്കീലന്മാരെയും ചേർത്ത് മനുഷ്യാവകാശ സംഘടന ഉണ്ടാക്കാം.അവർ മുസ്ലിം കളായാലും വേണ്ടിയില്ല.എന്നിട്ട് നിയമം പ്രസംഗിക്കാം.
ഏതായാലും കോടതികളും നിയമ നിർമ്മാണസഭകളും നിഷിദ്ധമായ ജമാ-അത്ത് എങ്ങിനെയാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് എന്ന് കണ്ടറിയുക തന്നെ വേണം. കാത്തിരിക്കാം.
സച്ചാർ കമ്മിറ്റിയും ജമാ-അത്ത് ഭരണ ഘടനയും.
ദൈവികമല്ലാത്ത ഭരണ വ്യവസ്ഥിതിയുടെ ഉപകരണമോ നിയമ നടത്തിപ്പിൽ സഹായിയോ ആണെങ്കിൽ ആ പണി വേഗം നിർത്തണം എന്നാണല്ലോ പറയുന്നത്.ഉപകരണം, നിയമ നടത്തിപ്പിൽ സഹായി എന്നിവക്ക് ജമാ-അത്തുകാർ ഇന്നെന്ത് വ്യാഖ്യാനമാണു നൽകുന്നതെന്നാറിയില്ല.ഈ രണ്ടു വഹകളിൽ ഉൾപ്പെടുന്നതേത് അല്ലാത്തതേത് എന്ന് ജമാ-അത്ത് അംഗങ്ങൾക്ക് വ്യക്തമായി പട്ടികപ്പെടുത്തി നൽകിയിട്ടുണ്ടാകുമോ എന്നറിയില്ല.ഏതായാലും ജമാ-അത്തുകാർ ഒരു കാലത്ത് സർക്കാർ ജോലി പാടില്ല എന്ന് പറഞ്ഞത് ഭരണഘടനയിലെ മേൽ പരാമർശ്ശം അനുസരിച്ചാകണം.
തങ്ങളുടെ കീഴിലുള്ള കോളേജുകൾക്ക് സർക്കാർ അംഗീകാരം വാങ്ങാതിരുന്നതും, ദൈവികമല്ലാത്ത വ്യവസ്ഥിതിയുടെ കീഴിൽ സർക്കാർ ജോലിക്കായി കോഴ്സുകൾ നടത്തേണ്ടതില്ല എന്നതിനാലാവാം.
ഇപ്പോൽ ജമാ-അത്തംഗങ്ങൾക്ക് സ്വീകരിക്കാവുന്ന സർക്കാർ ജോലികൾ ഏതെല്ലാമാണെന്ന് അവർ തന്നെ പറയേണ്ടതുണ്ട്.ഒരു കാലത്ത് സർക്കാർ ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയും അതിനുള്ള യോഗ്യതക്കായുള്ള കോഴ്സുകൾ തങ്ങളുടേ കോളേജുകളിൽ തുടങ്ങാതിരിക്കുകയും ചെയ്തവർ, ഇന്ന് സച്ചാർ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന മുസ്ലിം പ്രാധിനിധ്യക്കുറവിന്റെ പേരിൽ ഭരണകൂടത്തേയും രാഷ്ട്രീയ പാർട്ടികളെയും കുരിശിൽ കയറ്റുന്നത് കാണുമ്പോൽ അവരുടെ തൊലിക്കട്ടിയോർത്ത് അത്ഭുതം തോന്നുകയാണ്.
മുസ്ലിം 'കാനേഷുമാരി'യുടെ പ്രശ്നങ്ങളെയും അവക്ക് വേണ്ടി നിലകൊണ്ട ലീഗിന്റെ സാമുദായികവാദത്തെയും കളിയാക്കിയവർ ഇപ്പോൾ സാമുദായിക പ്രശ്നങ്ങൾ ആവേശത്തോടെ എറ്റെടുക്കുന്നതും നാം കാണുന്നു.
നിയമനിർമ്മാണ സഭയിൽ അംഗമാകുന്നത് അവരുടെ ഭരണഘടനാപ്രകാരം ജമാ-അത്തുകാർക്ക് നിഷിദ്ധമാണ്.ഈ നിഷിദ്ധം മറ്റു മുസ്ലിംകൽക്കും ബാധകമാകേണ്ടതാണല്ലോ.അതുപോലെ കോടതിപ്പണിയും നിയമ നടത്തിപ്പിൽ സഹായിക്കുന്ന മറ്റുപണികളും-ഇവയേതൊക്കെയെന്ന് ദൈവത്തിനേ അറിയൂ- കഴിയുന്നതും ഒഴിവാക്കേണ്ട ജോലികളാണല്ലോ.ജമാ-അത്തല്ലാത്ത മുസ്ലിംകൾക്കും മതപരമായി ഉത്തമം അതുതന്നെയായിരിക്കണമല്ലോ.അങ്ങനെയെങ്കിൽ സച്ചാർ കമ്മിറ്റി കണ്ടെത്തിയ മുസ്ലിം പിന്നോക്കാവസ്ഥ പരിഹരിക്കാൻ ജമാ-അത്ത് അതിന്റെ അണികൾക്കും മറ്റു മുസ്ലിംകൾക്കും ഏതൊക്കെ തസ്തികകളാണ് അനുവദനീയമായി നിശ്ചയിച്ചിട്ടുള്ളത് എന്നറിഞ്ഞാൽ കൊള്ളാം.
നിയമനിർമ്മാണ സഭയിൽ അംഗമാകുന്നത് ജമാ-അത്തംഗങ്ങൾക്കും യഥാർത്ഥമുസ്ലിംകൾക്കും നിഷിദ്ധം അയിരിക്കെ, പാർലമെന്റിലേക്ക് കരുത്തരായ മുസ്ലിം സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കണമെന്ന് പറയുന്നതിൽ വൈരുദ്ധ്യമില്ലേ?
അതുപോലെ നിയമ നടത്തിപ്പിൽ സഹായിക്കുന്നതരത്തിലുള്ള, 'ഉപകരണം'ആകുന്ന തരത്തിൽപെടുന്ന, സർക്കാർ ജോലികൾ ഒരു യഥാർത്ഥ മുസ്ലിമിന് ആശാസ്യമല്ലാതിരിക്കെ അത്തരം തസ്തികകളിൽ മുസ്ലിംകൾക്ക് നിയമനം നൽകി സച്ചാർ കമ്മിറ്റി നിർദ്ദേശം നടപ്പാക്കണം എന്നു പറയുന്നതിലും വൈരുദ്ധ്യമില്ലേ? സച്ചാർ കമ്മിറ്റി ശുപാർ ശകൾ നടപ്പാക്കാൻ സമരം ചെയ്ത്, കുറെ മുസ്ലിം ചെറുപ്പക്കാർക്ക് ജോലി നേടിക്കൊടുത്ത് അവരുടെ ഈമാൻ ദുർബലമാക്കിയതിന് നാളെ ദൈവത്തോട് മറുപടി പറയേണ്ടി വരില്ലേ ജമാ-അത്ത്?
ഇത്തരം സംശയങ്ങൾക്ക് ജമാ-
അത്തുകാർ എന്നെങ്കിലും മറുപടി പറയുമോ ആവോ
(അവസാനിക്കുന്നില്ല)
2009, ജൂലൈ 5, ഞായറാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ