2009, ജൂലൈ 11, ശനിയാഴ്‌ച

ജമാ-അത്ത്‌ ഭരണ ഘടനയും ഇസ്ലാമിസത്തിന്റെ നിറം മാറ്റങ്ങളും

ഇന്ത്യൻ ഭരണഘടനയും ജമാ-അത്ത്‌ ഭരണഘടനയും

{ഇന്ത്യന്‍ ജമാ-അത്തെ ഇസ്ലാമിയുടെ 1956-ല്‍ രൂപം നല്‍കിയ ഭരണ ഘടനയില്‍ ഇന്ത്യന്‍ മത നിരപേക്ഷ ജനാധിപത്യ ഭരണഘടനയെ നിരാകരിക്കുന്ന ഒരു വരിയും ഇല്ല- ഒ അബ്ദു റഹ്മാന്‍ മാത്ര്ഭൂമി ആഴ്ചപ്പതിപ്പില്‍(09ജൂണ്‍30)}

ഒരു "പരമാധികാര സോഷ്യലിസ്റ്റ്‌ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്‌" ആയ ഇന്ത്യയുടെ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളായി പറയുന്ന 10 കാര്യങ്ങൾ താഴെ കൊടുക്കുന്നു..

1-ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദർശ്ശങ്ങളെയും സ്ഥാപനങ്ങളെയും ദേശീയ പതാകയേയും ദേശീയഗാനത്തെയും ആദരിക്കുകയും ചെയ്യുക.
2-സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള നമ്മുടെ ദേശീയ സമരത്തിനു പ്രചോദനം നൽകിയ മഹത്തായ ആദർശ്ശങ്ങളെ പരിപോഷിപ്പിക്കുകയും പിന്തുടരുകയും ചെയ്യുക.
3-ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുക.
4-രാജ്യത്തെ കാത്തുരക്ഷിക്കുകയും ദേശീയ സേവനം നൽകുവാൻ ആവശ്യപ്പെടുമ്പോൾ നൽകുകയും ചെയ്യുക.
5-മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ ഭിന്നതകൾക്കതീതമായി ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കുമിടയിൽ സൗഹാർദ്ദവും പൊതുവായ സാഹോദര്യ മനോഭാവവും പുലർത്തുക.സ്ത്രീകളുടെ അന്തസ്സിനു കോട്ടം വരുത്തുന്ന ആചാരങ്ങളെ പരിത്യജിക്കുക.
6-നമ്മുടെ സഞ്ചിതസംസ്കാരത്തിന്റെ സമ്പന്നമായ പാരമ്പര്യത്തെ വിലമതിക്കുകയും നിലനിർത്തുകയും ചെയ്യുക.
7-വനങ്ങളും കായലുകളും വന്യജീവികളും ഉൾപ്പെടുന്ന പ്രകൃത്യാ ലഭ്യമായ പരിസ്ഥിതി സംരക്ഷൈക്കുകയും അഭിവൃദ്ധിപ്പെടുത്തുകയും ജീവജാലങ്ങളോട്‌ കാരുണ്യം കാണിക്കുകയും ചെയ്യുക.

8-ശാസ്ത്രീയമനോഭാവവും മാനവികതയും അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക.
9-പൊതുമുതൽ പരിരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക.
10-രാഷ്ട്രം പ്രയത്നത്തിന്റേയും ലക്ഷ്യപ്രാപ്തിയുടെയും ഉന്നതമണ്ഡലങ്ങളിലേക്ക്‌ നിരന്തരം ഉയരത്തക്കവണ്ണം വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനത്തിന്റെ എല്ലാ മേഖലകളിലും ഉത്കൃഷ്ടതക്കു വേണ്ടി അദ്ധ്വാനിക്കുക എന്നത്‌ ഇന്ത്യയുടെ ഏതൊരു പൗരന്റേയും കർത്തവ്യം ആയിരിക്കട്ടെ
----------------------------

ഇവയെ ജമാ-അത്തിന്റെ ഭരണഘടനയിൽ പറയുന്ന അടിസ്ഥാനകാര്യങ്ങളുമായി വായനക്കാർ തന്നെ ഒന്നു താരതമ്യം ചെയ്തു നോക്കുക.(ജമാ-അത്ത്‌ ഇസ്ലാമിന്‌ നൽകുന്ന രാഷ്ട്രീയ വ്യാഖ്യാനവും അതിന്റെ പദാവലികളുമാണ്‌ ജമാ-അത്തിന്റെ ഭരണഘടനയിലും ഉള്ളത്‌.അത്‌ മനസ്സിൽ വെച്ചു വേണം താരതമ്യം ചെയ്യാൻ.)

ജമാ-അത്ത്‌ തങ്ങളുടെ നിക്ഷിപ്ത-സങ്കുചിത താൽപര്യങ്ങൾക്കായി മാത്രം ഭരണ ഘടനയെ ഉപയോഗിക്കുകയും തിരിച്ച്‌ ഭരണഘടന വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങളെയും അതിന്റെ അടിസ്ഥാന ആദർശ്ശങ്ങളെയും ദുർബലപ്പെടുത്തുന്ന വഞ്ചനാപരമായ പ്രവർത്തങ്ങളീൽ ഏർപ്പെടുകയും ചെയ്യുന്നു.ഭരണഘടനാസ്ഥാപനങ്ങളെ മതപരമായ നിഷിദ്ധ സ്ഥാപനങ്ങളായി വ്യാഖ്യാനിച്ച്‌ ജമാ-അത്ത്‌ അതിന്റെ അണികളെ അവയിൽ നിന്ന് അകറ്റി നിർത്തുന്നത്‌ ഭരണഘടനയുടെ നിരാകരണമല്ലേ?

ഭരണഘടന നൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തെയും മനുഷ്യാവകാശങ്ങളെയും പരമാവധി ഉപയോഗപ്പെടുത്തുകയും തിരിച്ച്‌, ഇതിനെല്ലാം അടിസ്ഥാനമായ ആദർശ്ശങ്ങളെയും അവ ഉറപ്പു വരുത്തന്നായി വിഭാവനം ചെയ്യപ്പെട്ട ജനാധിപത്യ സ്ഥാപനങ്ങളെയും കോടതികളെയും അനിസ്ലാമികമെന്നോ ദൈവികേതരമെന്നോ മുദ്രകുത്തി ഇസ്ലാം മതവിശ്വാസികളെ അവയിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യുന്നതിൽ പരം നന്ദികേട്‌ വേറെയുണ്ടോ?

ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും ദേശീയതയുമെല്ലാം 'അനിസ്ലാമിക'മോ 'ദൈവികമല്ലാത്തതു'മോ ആകണമല്ലോ ജമാ-അത്തിന്‌. ദൈവികമല്ലാത്ത ഭരണവ്യവസ്ഥയായ ഇന്ത്യയുടെ നിയമനിർമ്മാണസഭയും കോടതികളും ജമാ-അത്തിന്‌ നിഷിദ്ധവും മതവിരുദ്ധവും ആണെങ്കിൽ, ആ ഇന്ത്യയുടെ മതേതരത്വവും ജനാധിപത്യവും മാത്രമെങ്ങനെ അവർക്ക്‌ നിഷിദ്ധമല്ലാതാകും?
ഇപ്പോൾ ഇന്ത്യൻ മതേതരത്വവും ജനാധിപത്യവുമെല്ലാം ജമാ-അത്തിന്‌ സ്വീകാര്യമായി വേണ്ടിവന്നിരിക്കുന്നു.ഇന്ത്യൻ മതേതരത്വവും ജനാധിപത്യവും ശൂന്യതയിൽ നിലനിൽക്കില്ല.അവയുടെ നിലനിൽപിനു കോടതികളും ജനപ്രധിനിധിസഭകളും അത്യന്താപേക്ഷിതമാണ്‌. ഇന്ത്യയുടെ നിയമങ്ങൾ മതേതരത്വത്തിലും ജനാധിയപത്യത്തിലും അധിഷ്ഠിതമായവയാണ്‌.ജനാധിപത്യവും മതേതരത്വവുമെല്ലാം ഈ നിയമങ്ങൾ നടപ്പാക്കപ്പെടുന്നതിലൂടെയാണ്‌ യാധാർത്ഥ്യമാകുന്നത്‌.കോടതികളും നിയമ നടത്തിപ്പിൽ സഹായിക്കുന്ന ജോലികളും മുസൽമാന്‌ പാടില്ലെങ്കിൽ അത്‌ മറ്റുള്ളവർ മുസ്ലിംകൾക്ക്‌ കനിഞ്ഞരുളിനൽകണമെന്നാണോ ജമാ-അത്തിന്റെ നിലപാട്‌? അവിടെയും മുസ്ലിംകളുടെ പ്രാധിനിധ്യം ഉണ്ടായാലല്ലേ മുസ്ലിംകൾക്ക്‌ നീതി ലഭ്യമാകൂ?അതല്ലേ സച്ചാർ കമ്മിറ്റിയും മറ്റും ലക്ഷ്യമാക്കുന്നത്‌?

ഏതായാലും ജമാ-അത്ത്‌ രാഷ്ട്രീയത്തിലേക്ക്‌ പ്രവേശിക്കുന്നതിലൂടെ അവർ പ്രായോഗികമായി ഈ അസ്പ്രിശ്യതകൾ കയ്യൊഴിയും. അപ്പോൾ അവരുടെ ഭരണ ഘടന അവർ എന്തു ചെയ്യും? മാറ്റിയെഴുതും എന്നു തന്നെ പ്രതീക്ഷിക്കാം.അത്‌ ജമാ-അത്തിന്റെ അദർശ്ശമാറ്റങ്ങളുടെ ചരിത്രത്തിലെ ഒരു പ്രധാന വഴിത്തിരിവു തന്നെയായിരിക്കും.

യൂസുഫ്‌ നബി രാജാവായിരുന്നോ മന്ത്രിയായിരുന്നോ?

കേരളത്തിലെ മുജാഹിദുകളുമായി ജമാ-അത്തുകാർ 1990-നടുത്ത കാലങ്ങളീൽ നടത്തിയ വാദപ്രതിവാദം ഓർത്തു പോവുകയാണ്‌. പ്രബോധനം വാരികയിലും ശബാബ്‌ വാരികയിലും ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്നും അബൂബക്കർ കാരക്കുന്നും തമ്മിൽ നടന്ന വാദപ്രതിവാദപരമ്പരയിലെ ഒരു പ്രധാനതർക്കം യൂസുഫ്‌ നബി ഈജിപ്തിൽ രാജാവായിരുന്നോ അതോ മന്ത്രിയായിരുന്നോ എന്നതാണ്‌. ഇതിലെ ശരി ഏന്തുമാകട്ടെ,ജമാ-അത്ത്‌ യൂസുഫ്‌ നബി രാജാവായിരുന്നു എന്നാണ്‌ വാദിച്ചത്‌. ഈ വാദത്തിലൂടെ അവർ ശ്രമിച്ചത്‌ ഒരു മുസ്ലിമിന്‌ ഒരമുസ്ലിം ഭരണാധികാരിയുടെ കീഴിൽ മന്ത്രിയാകൽ ഇസ്ലാമിൽ സാധ്യമല്ല എന്ന് സ്ഥാപിക്കാനാണ്‌. മുസ്ലിം ലീഗുകാരുടെ മന്ത്രിപ്പണിയൊക്കെ അന്ന് ജമാ-അത്തിന്‌ താഗൂത്തിഭരണത്തിനുള്ള അടിമപ്പണിയായിരുന്നു.അതുകൊണ്ടു തന്നെ ശിർക്കും.

(ബംഗ്ലാദേശിൽ ജമാ-അത്തിന്റെ അമീർ തന്നെ കഴിഞ്ഞ ബീഗം ഖാലിദ മന്ത്രി സഭയിൽ മന്ത്രിയായിരുന്നു.രണ്ടു മന്ത്രിമാരാണ്‌ ജമാ-അത്തിന്‌ അവിടെ ഉണ്ടായിരുന്നത്‌.ദൈവിക വ്യവസ്ഥ യാണെന്ന് ഉറപ്പായതിനാലാണോ അവിടെ മന്ത്രിപ്പണി ചെയ്തതെന്ന് അവരോട്‌ തന്നെ ചോദിക്കണം. അത്‌ ഇന്ത്യൻ ജമാ-അത്തല്ലല്ലൊ.രാജ്യത്തിന്റെ ഭരണ ഘടനയിൽ ഔദ്യോഗിക മതം ഇസ്ലാമാണെന്ന് എഴുതിവെച്ചാൽ ദൈവിക വ്യവസ്ഥ ആകുമോ എന്നതും അവിടെപ്പോയിത്തന്നെ ചോദിക്കണം.)

('ആരാധന'ക്കും 'അനുസരണ'ത്തിനും 'കൈകാര്യകർത്ത്രിത്വ'ത്തിനും 'പരമാധികാര'ത്തിനുമൊക്കെ അന്ന് പ്രബോധനത്തിലൂടെ നൽകിയ വ്യാഖ്യാനങ്ങൾ ഇന്നും നിലനിൽക്കുന്നുണ്ടോ ആവോ. ഇത്തരം വാക്കുകൾക്ക്‌ ജമാ-അത്ത്‌ നൽകുന്ന അർത്ഥങ്ങൾ മനസ്സിൽ വെച്ചു വേണം ജമാ-അത്തിന്റെ ഭരണഘടന വായിക്കൻ.)

മന്ത്രിപ്പണി നിഷിദ്ധമാക്കിത്തന്നെ നിലനിർത്തിക്കൊണ്ട്‌, തൽക്കാലം എം പി യാകലും എം എൽ എ ആകലും ഹലാലാക്കി (അനുവദനീയമാക്കി) തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇറങ്ങുകയായിരിക്കും ഉണ്ടാവുക.ഭാവിയിൽ മന്ത്രിയാകാൻ സാധ്യത ഉണ്ടാകുന്ന അവസരം വന്നാൽ അപ്പോൾ വീണ്ടും നയം മാറ്റാമല്ലോ. ഒറ്റയടിക്ക്‌ മാറ്റി അണികളെ ആശയക്കുഴപ്പത്തിലാക്കേണ്ട കാര്യമില്ലല്ലോ.ആദ്യം സർക്കാർ ജോലി ഹലാലാക്കി, പിന്നെ വോട്ട്‌ ചെയ്യൽ ഹലാലാക്കി, ഇനി നിയമനിർമ്മാണസഭ ഹലാലാകും, പിന്നെ മന്ത്രിപ്പണിയും വക്കീൽ പണിയും ജഡ്ജിപ്പണിയും ഒക്കെ ഹലാലാകും.കാരണം അതാണ്‌ വൈരുധ്യാത്മക അവസരവാദ ഇസ്ലാമിസം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ