2010, ജൂലൈ 12, തിങ്കളാഴ്‌ച

രാഷ്ട്രീയഇസ്ളാമിന്റെ പലസ്തീന്‍പര്‍വം.

ദേശാഭിമാനി പത്രത്തിലെ ർച്ചയി വന്ന ലേഖനം പ്രസക്തമെന്നു തോന്നുന്നതിനാ ഇവിടെ കൊടുക്കുന്നു.മൗദൂദിസത്തിന്റെ ദേശീയവാദവിരുദ്ധതയുടെ പരിണാമം ഇങ്ങനെയുമാകാം എന്ന് ലേഖനം കാണിച്ചു തരുന്നു.
 രാഷ്ട്രീയഇസ്ളാമിന്റെ പലസ്തീന്‍പര്‍വം.
പിറന്ന മണ്ണില്‍ അഭയാര്‍ഥികളാക്കപ്പെട്ട പലസ്തീനികളുടെ സമരോത്സുകമായ സ്വപ്നങ്ങളെയും ഐതിഹാസികമായ ചെറുത്തു നില്‍പ്പിനെയും സംഹരിക്കാനുള്ള സാമ്രാജ്യത്വ-സയണിസ്റ് തന്ത്രങ്ങളെ പരാജയപ്പെടുത്താന്‍ അവസാനത്തെ ആത്മബോധവും ആയുധമാക്കി പോരാടുകയാണ് യാസര്‍ അറഫാത്തിന്റെ പിന്മുറക്കാര്‍. ഇസ്രയേലിനെതിരായ ചെറുത്തുനില്‍പ്പിന് ജനകീയ സ്വഭാവം കൈവന്നത് യാസര്‍ അറഫാത്തിന്റെ വരവോടുകൂടിയാണ്. 1948 മുതല്‍ 1967 വരെയുള്ള കാലഘട്ടത്തില്‍ ഒരു അറബ് ദേശീയ പ്രശ്നമായാണ് പലസ്തീനികളുടെ സമരം നിര്‍വചിക്കപ്പെട്ടത്. പലസ്തീനികള്‍ക്കു വേണ്ടി സഹോദര അറബ് രാജ്യങ്ങള്‍ യുദ്ധവും നയതന്ത്രനീക്കങ്ങളും നടത്തുന്ന സ്ഥിതിക്ക് മാറ്റമുണ്ടായത് പിഎല്‍ഒയുടെ പ്രസിഡന്റായി 1967ല്‍ യാസര്‍ അറഫാത്ത് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്. കെയ്റോയില്‍ വിദ്യാര്‍ഥിയായിരിക്കെ യാസര്‍ അറഫാത്ത് പാലസ്തീന്‍ വിദ്യാര്‍ഥി യൂണിയന്‍ രൂപീകരിച്ചു. അറബ് ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളായ അബ്ദുള്‍ഫത്ത, ഈസ ഹമീദ്, ഖലീര്‍-അല്‍-വസീര്‍ എന്നിവര്‍ അറഫാത്തിന് ശക്തമായ പിന്തുണ നല്‍കി. അറബ് വംശീയത, അറബി ഭാഷ, അറബി സംസ്കാരം, സോഷ്യലിസത്തോടുള്ള ആഭിമുഖ്യം, സാമ്രാജ്യത്വ-കോളനി വിരുദ്ധ മനോഭാവം എന്നിവയിലധിഷ്ഠിതമായ അറബ് ദേശീയ പ്രസ്ഥാനം മതേതരമായ ദേശീയ സ്വത്വമാണ് ഉയര്‍ത്തിപ്പിടിച്ചത്. അറബ് ദേശീയതയുടെ മുഖ്യധാരയില്‍ നിന്നുയര്‍ന്നു വന്ന പാലസ്തീന്‍ ദേശീയത വിശുദ്ധഭൂമിയില്‍ ഒരു പലസ്തീന്‍ ദേശരാഷ്ട്രം സ്ഥാപിക്കാനാണ് പരിശ്രമിച്ചത്. ജൂത വംശീയ ദേശീയതയിലും ജൂതമത മൌലികവാദത്തിലും അധിഷ്ഠിതമായ സയണിസ്റ് ഇസ്രയേലിനെതിരെ പോരാടി പുരോഗമന പാലസ്തീന്‍ ദേശരാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യം നേടാന്‍ 1956ലെ സൂയസ് യുദ്ധത്തിനു ശേഷം യുവ വിപ്ളവകാരികളെ ചേര്‍ത്ത് അറഫാത്ത് അല്‍-ഫത്ത എന്ന വിപ്ളവ സംഘടനയ്ക്ക് രൂപം നല്‍കി. അറബ് ക്രിസ്ത്യാനിയായ ജോ ഹബാഷ് എന്ന വിപ്ളവകാരിയാണ് 'സായുധ സമരത്തിലൂടെ പലസ്തീന്‍ വിമോചനം' എന്ന ആശയം മുന്നോട്ടുവച്ചത്. അറഫാത്ത്-ജോ ഹബാഷ് കൂട്ടുകെട്ട് അല്‍-ഫത്തയെ ലക്ഷണമൊത്ത മതേതര ദേശീയ വിപ്ളവ സംഘടനയായി വളര്‍ത്തിയെടുത്തു. ഇസ്രയേലിനെതിരെ സായുധ സമരം സഘടിപ്പിക്കുന്നതോടൊപ്പം പലസ്തീന്‍ ജനതയെ ആന്തരികമായി ഐക്യപ്പെടുത്താനുള്ള ആശയ പ്രചാരണവും ഫലപ്രദമായി നടത്താന്‍ അറഫാത്തിനും കൂട്ടുകാര്‍ക്കും കഴിഞ്ഞു. പലസ്തീന്‍ ജനസംഖ്യയുടെ 90 ശതമാനത്തോളം അറബ് മുസ്ളിങ്ങള്‍, 8 ശതമാനത്തോളം അറബ് ക്രിസ്ത്യാനികള്‍, 2 ശതമാനത്തില്‍ താഴെ മാത്രം ഡ്രൂസുകള്‍, യൂറോപ്പില്‍നിന്നുള്ള ജൂതകുടിയേറ്റത്തിനു മുമ്പ് പലസ്തീനില്‍ സ്ഥിരതാമസമാക്കിയിരുന്ന സൂക്ഷ്മ ന്യൂനപക്ഷമായ തദ്ദേശീയ ജൂതന്മാര്‍ തുടങ്ങിയ വിവിധ ജനവിഭാഗങ്ങളില്‍നിന്നും ഏറെക്കുറെ സമ്പൂര്‍ണമായ പിന്തുണ നേടിയെടുക്കാന്‍ അറഫാത്തിന്റെ പിഎല്‍ഒയ്ക്ക് കഴിഞ്ഞു. മാത്രമല്ല, ഒരു മതേതര ദേശീയ പ്രസ്ഥാനമെന്ന നിലയില്‍ സോഷ്യലിസ്റ് ബ്ളോക്കിന്റെയും ചേരിചേരാ പ്രസ്ഥാനത്തിന്റെയും ഉറച്ച പിന്തുണ പിഎല്‍ഒയ്ക്ക് ലഭിച്ചു. സാഹചര്യത്തിലാണ് സ്വതന്ത്ര ഭൂപ്രദേശമില്ലാതിരുന്നിട്ടും പലസ്തീന് ഐക്യരാഷ്ട്ര സഭയില്‍ അംഗത്വം ലഭിക്കുന്നത്. അന്താരാഷ്ട്ര സമൂഹം പാലസ്തീന് നല്‍കിയ 'രാഷ്ട്രപദവി' പാലസ്തീന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ശരിയും മാനവികവുമായ നയങ്ങള്‍ക്ക് ലഭിച്ച അംഗീകാരമായിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ പ്രഥമാര്‍ധത്തില്‍ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ മൌലാന മൌദൂദിയും ഈജിപ്തില്‍ ഹസനുല്‍ ബന്നയും സെയ്യിദ് ഖുതുബും എല്ലാ ആധുനിക രാഷ്ട്രീയ മൂല്യങ്ങളെയും രാഷ്ട്ര വ്യവസ്ഥകളെയും കടന്നാക്രമിച്ചുകൊണ്ട് ആക്രമണോത്സുകതയും പരമത വിദ്വേഷവും പ്രസരണം ചെയ്യുന്ന രാഷ്ട്രീയ ഇസ്ളാമുമായി രംഗത്തെത്തിയത്. 1970 കളുടെ അവസാനമായപ്പോഴേക്കും മൌദൂദി-ഖുതുബ് പ്രഭൃതികളുടെ പ്രത്യയ ശാസ്ത്ര പരിലാളനകളില്‍ വളര്‍ന്ന രാഷ്ട്രീയ ഇസ്ളാം മധ്യപൌരസ്ത്യ മേഖലയില്‍ ശക്തമായ സാന്നിധ്യമായി മാറി. കടുത്ത സാമ്രാജ്യത്വ വിരുദ്ധത പുലര്‍ത്തുന്ന അറബ് ദേശീയ പ്രസ്ഥാനങ്ങള്‍, അറബ് സോഷ്യലിസം, ഈജിപ്ഷ്യന്‍ പ്രസിഡന്റായിരുന്ന ഗമാല്‍ അബ്ദുള്‍ നാസറിന്റെ സോഷ്യലിസ്റ് ആശയങ്ങള്‍ ('നാസറിസം') എന്നിവയുടെ സ്ഥാനത്ത് 'രാഷ്ട്രീയ ഇസ്ളാം' കടന്നു വന്നു. മധ്യ പൌരസ്ത്യ മേഖലയില്‍ സോവിയറ്റ് യൂണിയന്റെ സ്വാധീനം ഇല്ലാതാക്കാനും സോഷ്യലിസ്റ് ആഭിമുഖ്യം പുലര്‍ത്തുന്ന ഭരണകൂടങ്ങളെയും പ്രസ്ഥാനങ്ങളെയും തകര്‍ക്കാനുമുള്ള 'കോടാലിക്കൈ' ആയി രാഷ്ട്രീയ ഇസ്ളാമിനെ സാമ്രാജ്യത്വം ഉപയോഗിച്ചു. അറബ് ദേശീയത, മതേതരത്വം, ജനാധിപത്യം, സോഷ്യലിസം തുടങ്ങിയ രാഷ്ട്രീയമൂല്യങ്ങളെ 'യൂറോപ്യന്‍-ക്രിസ്ത്യന്‍' ആശയങ്ങളായി ചുരുക്കി വ്യാഖ്യാനിക്കുകയും അവയുടെ സ്ഥാനത്ത് 'ഇസ്ളാമിക വ്യവസ്ഥ' സ്ഥാപിക്കണമെന്ന് ശഠിക്കുകയും ചെയ്തു രാഷ്ട്രീയ ഇസ്ളാമിസ്റുകള്‍. ദേശരാഷ്ട്രത്തിന്റെ സ്ഥാനത്ത് 'പ്രവാചകന്റെ കാലത്തെ സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥ' സ്ഥാപിക്കണമെന്ന മൌദൂദി (1903-79) യുടെ ആശയമാണ് രാഷ്ട്രീയ ഇസ്ളാമിന്റെ മുദ്രാവാക്യം. മൌദൂദിയുടെ ശിഷ്യനും സുന്നി മൌലികവാദ പ്രസ്ഥാനമായ മുസ്ളിം ബ്രദര്‍ഹുഡിന്റെ സൈദ്ധാന്തികനുമായ സയ്യിദ് ഖുതുബ് (1906-66) എഴുതിയ 'നാഴികക്കല്ലുകള്‍' എന്ന കൃതി വിവിധ ഇസ്ളാമിസ്റ് ഗ്രൂപ്പുകളുടെ വേദഗ്രന്ഥമായി. 'ഇസ്ളാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിരുദ്ധമായ സകല ജനതകള്‍ക്കും ഭരണകൂടങ്ങള്‍ക്കുമെതിരെ വിശുദ്ധ യുദ്ധം നടത്തണമെന്ന ഖുതുബിന്റെ ആഹ്വാനം ലോകത്തെമ്പാടും നിരവധി ഇസ്ളാമിക തീവ്രവാദ സായുധ സംഘങ്ങള്‍ക്ക് ജന്മം നല്‍കി. മൌദൂദി-ഖുതുബുമാര്‍ നട്ടുനനച്ചു വളര്‍ത്തിയ രാഷ്ട്രീയ ഇസ്ളാമിന്റെ വരവോടെ പലസ്തീന്‍ ദേശീയ പ്രസ്ഥാനം ഇസ്ളാമികവല്‍ക്കരണത്തിന് വിധേയമായി. മൌദൂദി-ഖുതുബ് അച്ചുതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് മുസ്ളിം ബ്രദര്‍ഹുഡിന്റെ മാതൃകയില് ഹമാസ് രൂപംകൊണ്ടു. ബ്രദര്‍ഹുഡിന്റെ സംഘടനാരീതിയും പ്രവര്‍ത്തനശൈലിയും 1980കളില്‍ ഹമാസ് അതേപടി പകര്‍ത്തി. പലസ്തീനില്‍ ഒരു സ്വതന്ത്ര മതനിരപേക്ഷ ദേശരാഷ്ട്രം സ്ഥാപിക്കുക എന്ന പിഎല്‍ഒയുടെ മുദ്രാവാക്യത്തിന്റെ സ്ഥാനത്ത് 'ഇസ്ളാമിക രാഷ്ട്രം' സ്ഥാപിക്കുക എന്ന ആഹ്വാനമാണ് ഹമാസ് മുന്നോട്ടുവച്ചത്. ജൂതരും മുസ്ളിങ്ങളും തമ്മിലുള്ള ഒരു മതസംഘര്‍ഷമെന്ന നിലയില്‍ പലസ്തീന്‍ പ്രശ്നത്തെ മാറ്റിത്തീര്‍ക്കാന്‍ ഇസ്ളാമിസ്റുകള്‍ക്ക് കഴിഞ്ഞു. ഇസ്ളാമികവല്‍ക്കരിക്കുക അല്ലെങ്കില്‍ നശിക്കുക എന്ന മുദ്യാവാക്യമാണ് ഹമാസിന്റെ ആചാര്യന്‍ മുഹമ്മദ് യാസിന്‍ മുന്നോട്ടുവച്ചത്. മൌദൂദിസത്തിന്റെയും അതിന്റെ പരിഛേദമായ ഖുതുബിസത്തിന്റെയും പതാകവാഹകരായ ഇസ്ളാമിസ്റ്സംഘങ്ങള്‍ പലസ്തീന്‍ പ്രശ്നത്തെ പലസ്തീന്‍ ഒരു മതപ്രശ്നമായി ന്യൂനീകരിക്കുകയും ദിശയില്‍ വ്യാപകമായ പ്രചാരണം നടത്തുകയുംചെയ്തു. സംഘടിതമായ ഇത്തരം പ്രചാരണങ്ങള്‍ 'ദേശീയ പാലസ്തീന്‍ സ്വത്വ'ത്തെ 'ഇസ്ളാമിക സ്വത്വ'മായി തിരിച്ചറിയപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു. തല്‍ഫലമായി 'അല്‍-ഫത്ത'യുടെ ജനസ്വാധീനം ക്രമാനുഗതമായി കുറഞ്ഞു വരുകയും 'ഹമാസ്' ഉത്തരോത്തരം ജനപ്രിയമാവുകയും ചെയ്തു. ഫത്ത പാര്‍ടിയും ഹമാസും രാഷ്ട്രീയമായും സൈനികമായും ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി. സയണിസ്റ് - സാമ്രാജ്യത്വ വിരുദ്ധ പോരാട്ടം ആഭ്യന്തര സംഘര്‍ഷങ്ങളിലേക്ക് വളര്‍ന്നപ്പോള്‍ ജനകീയ ഐക്യം തകര്‍ന്നു. ക്രിസ്ത്യന്‍ അറബികള്‍, പലസ്തീന്‍ ജൂതര്‍, ഡ്രൂസുകള്‍ തുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങളും അറബ് ദേശീയവാദികളും ഇസ്ളാമിസ്റുകള്‍ മുന്നോട്ടുവച്ച ഇസ്ളാമിക രാഷ്ട്ര സങ്കല്‍പ്പത്തെ ഭീതിയോടെ കാണാന്‍ തുടങ്ങിയതോടെ നിരന്തര ആഭ്യന്തര സംഘര്‍ഷങ്ങളുടെ വിളനിലമായി പലസ്തീന്‍ മാറി. രാഷ്ട്രീയമായി ഐക്യപ്പെട്ട പലസ്തീന്‍ വീണ്ടും വിഭജിക്കപ്പെട്ടു. ഹമാസ് നിയന്ത്രണത്തിലുള്ള ഗാസയും ഫത്ത നിയന്ത്രണത്തിലുള്ള വെസ്റ് ബാങ്കും രൂപം കൊണ്ടത് ഒരു 'ദേശരാഷ്ട്രമായി മാറാനുള്ള യോഗ്യത പലസ്തീനിനില്ല' എന്ന സയണിസ്റ് വാദമുഖത്തെ ഒരര്‍ഥത്തില്‍ സാധൂകരിക്കുകയാണുണ്ടായത്. വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ടികളുടെയും ഗ്രൂപ്പുകളുടെയും മുന്നണി സംഘടനയാണ് പിഎല്‍ഒ ഫത്ത പാര്‍ടി. പോപ്പുലര്‍ ഫ്രണ്ട്, പോപ്പുലര്‍ ഡെമോക്രാറ്റിക് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ കമാന്‍ഡ്, അല്‍-സെയ്ക്ക, സിറിയന്‍ ബാത്ത് പാര്‍ടി, അറബ് ലിബറേഷന്‍ ആര്‍മി, അറബ് ലിബറേഷന്‍ ഫ്രണ്ട് എന്നിവയായിരുന്നു പിഎല്‍ഒയുടെ പ്രധാനപ്പെട്ട ഘടക സംഘടനകള്‍. ഇസ്ളാമിസ്റുകളുടെ, പ്രത്യേകിച്ച് ഹമാസ്, അല്‍-ഖായ്ദ എന്നിവയുടെ വരവോടെ പിഎല്‍ഒയുടെ ഐക്യം തകര്‍ന്നു. വിവിധ പോരാട്ട സംഘങ്ങളെ യോജിപ്പിച്ച് പലസ്തീന്‍ ജനതയ്ക്കാകെ നേതൃത്വം നല്‍കിയിരുന്ന പിഎല്‍ഒയുടെ തളര്‍ച്ച ആഭ്യന്തര ഐക്യപ്പെടലിന്റെ സാധ്യതകളെ ദുര്‍ബലമാക്കി. മതസ്വത്വവാദം ജനകീയ ഐക്യത്തെ തകര്‍ത്തതിന്റെ നേര്‍ക്കാഴ്ചയാണ് വീണ്ടും വിഭജിക്കപ്പെട്ട പലസ്തീന്‍.
ഡോ. പി ജെ വിന്‍സന്റ്
(
ലേഖകന്‍ അറബ്-ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ വികാസപരിണാമങ്ങള്‍ എന്ന വിഷയത്തിലാണ് ഗവേഷണ ബിരുദം നേടിയത്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ